ഐടി കമ്പനികളുടെ ഫലം ഉറ്റുനോക്കി
മുംബൈ
ഐടി കമ്പനികളുടെ ഫലങ്ങള്‍ക്കു കാതോര്‍ക്കുകയാണ് ഓഹരി വിപണി. കമ്പനികള്‍ മൂന്നാംപാദ ഫലം പ്രഖ്യാപിക്കാന്‍ തുടങ്ങുന്നത് ചൊവ്വാഴ്ച. അതുകൊണ്ടു തന്നെ തിങ്കളാഴ്ച നേട്ടത്തിലായിരിക്കും സൂചികകളുടെ തുടക്കമെന്നാണു നിഗമനം. പിന്നീടുള്ള ദിവസങ്ങളില്‍ ലാഭമെടുപ്പിനുള്ള സാധ്യതയും വിദഗ്ധര്‍ പ്രവചിക്കുന്നു.
ചൊവ്വാഴ്ചയാണ് ഇന്‍ഫോസിസ് ഫലം പ്രഖ്യാപിക്കുന്നത്. ഐടി കമ്പനികളുടെ മൂന്നാംപാദ ഫലങ്ങള്‍ മെച്ചമായിരിക്കില്ലെന്നാണു സൂചന. മൂന്നാംപാദത്തില്‍ ഇന്‍ഫോസിസിന്‍റെ അറ്റാദായത്തില്‍ നേരിയ കുറവുണ്ടാകുമെന്നും റിപ്പോര്‍ട്ടുണ്ട്. വെള്ളിയാഴ്ച ടിവിഎസ് ഫലം പ്രഖ്യാപിക്കും. വിപ്രോ ഫലം ജനുവരി 20ന്. കഴിഞ്ഞവാരം സെന്‍സെക്സിനു നേട്ടം. പുതു വര്‍ഷത്തിലെ ആദ്യ വ്യാപാരദിനങ്ങളാണു കടന്നു പോയത്. പുതിയ സമയത്തിന്‍റെ നേട്ടം കരസ്ഥമാക്കാനായതാണു സെന്‍സെക്സിനു നേട്ടം സമ്മാനിച്ചത്. 75.48 പോയിന്‍റ് (0.43%) നേട്ടത്തിലാണു സെന്‍സെക്സ് കഴിഞ്ഞവാരം വ്യാപാരം പൂര്‍ത്തിയാക്കിയത്. 17,464.81 ലാണു സൂചിക. സെന്‍സെക്സ് 22 മാസത്തെ ഉയര്‍ന്നനിലയിലെത്തിയിരുന്നു. അവസാന ദിനങ്ങളില്‍ ലാഭമെടുപ്പ് ഏറിയതോടെ സൂചികയുടെ നേട്ടം കുറഞ്ഞു. നാഷണല്‍ ഇന്‍ഡെസ്ക് നിഫ്റ്റി 43.70 പോയിന്‍റ് (0.84%) മുന്നേറി. 5,244.75 ലാണു സൂചിക.
നേരത്തേയുണ്ടായിരുന്ന ട്രെയ്ഡിങ് സമയമായ 9.55 നു പകരം ഒമ്പതിനു വ്യാപാരം തുടങ്ങി. വൈകിട്ട് 3.30 വരെ. ഒരു മണിക്കൂറാണ് ഇതു വഴി സൂചികകള്‍ക്കു ലഭിച്ചത്. ആദ്യ ദിനം ഇതിന്‍റെ നേട്ടം സ്വന്തമാക്കാന്‍ കഴിഞ്ഞില്ലെങ്കിലും രണ്ടാം ദിവസം സ്ഥിതി മെച്ചപ്പെട്ടു. 30 ശതമാനത്തിലേറെ നേട്ടമായിരുന്നു സൂചികയ്ക്ക്. റിയല്‍റ്റി, മെറ്റല്‍, ക്യാപിറ്റല്‍ ഗുഡ്സ് സ്റ്റോക്കുകള്‍ മുന്നേറിയപ്പോള്‍ ഐടി, ഓട്ടോ സ്റ്റോക്കുകള്‍ക്കു നഷ്ടം. സ്റ്റെര്‍ലൈറ്റ്, ഹിന്‍ഡാല്‍കോ, ടാറ്റ സ്റ്റീല്‍, ഡിഎല്‍എഫ് കമ്പനികള്‍ക്കു മികച്ച നേട്ടം. ഇവ അഞ്ചു ശതമാനത്തിലേറെ മുന്നേറി. ഭക്ഷ്യോത്പന്ന നാണയപ്പെരുപ്പം കുറഞ്ഞവാര്‍ത്തയും ജിഡിപി വളര്‍ച്ചയെക്കുറിച്ചുള്ള പോസിറ്റീവ് വിലയിരുത്തലുകളുമാണു കഴിഞ്ഞവാരത്തിലെ ആദ്യ ദിനങ്ങളിലെ സൂചികകളിലെ നേട്ടത്തിനു കാരണം. സ്വര്‍ണം
സ്വര്‍ണവിലയില്‍ കയറ്റിറക്കം. ആഗോള വിലയില്‍ കാര്യമായ മാറ്റമില്ലാതിരുന്ന ആദ്യ ദിനങ്ങളില്‍ സ്വര്‍ണവില സ്റ്റഡി. എന്നാല്‍ യുഎസിലെ തൊഴില്‍ സാഹചര്യം മോശമാകുന്നുവെന്ന റിപ്പോര്‍ട്ടിനെത്തുടര്‍ന്നു ഡോളറിന്‍റെ മൂല്യം കുറഞ്ഞതോടെ സ്വര്‍ണവില വാരാവസാനം കുതിച്ചു.
ഔണ്‍സിന് 1,140 ഡോളറിലെത്തി. ഇതോടെ ശനിയാഴ്ച സ്വര്‍ണവിലയില്‍ ഒരു ദിവസം കൊണ്ട് 160 രൂപയുടെ വര്‍ധന. പവന് 12,560 രൂപ. ഗ്രാമിന് 1,570. കഴിഞ്ഞവാരം 12,480 രൂപയായിരുന്നു പവന്‍ വില.
വെള്ളി
സ്വര്‍ണവിലയിലെ കുതിപ്പിനെത്തുടര്‍ന്നു വെള്ളിവിലയും ഉയര്‍ന്നു. കിലോയ്ക്ക് 29,000 രൂപ. 150 രൂപയുടെ വര്‍ധനയാണു കഴിഞ്ഞവാരം.
വെളിച്ചെണ്ണ
വെളിച്ചെണ്ണ വില സ്റ്റെഡിയായി തുടരുന്നു. ആഭ്യന്തര-വിദേശമാര്‍ക്കറ്റുകളില്‍ കാര്യമായ കൈമാറ്റം നടക്കാത്തതാണു വെളിച്ചെണ്ണയുടെ വിലസ്ഥിരതയ്ക്കു കാരണം.
കുരുമുളക്
കുരുമുളക് വിലയില്‍ ഇറക്കം. കഴിഞ്ഞവാരം 300 രൂപയുടെ കുറവ്. 13,500 രൂപയുണ്ടായിരുന്ന വില വാരാവസാനം 13,200 രൂപയിലെത്തി.
റബര്‍
റബര്‍ വിലയിലും ഇടിവ്.. അഞ്ചാം ഗ്രെയ്ഡ് റബറിന് 200 രൂപയും നാലാം ഗ്രെയ്ഡിന് 250 രൂപയുടെയും കുറവ്.
Close...
Maximum Character Allowed -
4000