Wednesday, March 10, 2010   10:52 PM IST
Supplements
Home>> Cinema>> Latest News
Headlines
എന്‍റെ ബാപ്പയ്ക്ക്
Tuesday, January 12, 2010
|
|
|
ഞാന്‍ പഠിച്ച പാഠങ്ങളെ മുന്‍നിര്‍ത്തി ബിരുദവും ബിരുദാനന്തര ബിരുദവും സമ്മാനിച്ച സര്‍വകലാശാലയാണിത്. എന്നാല്‍ എനിക്ക് ഇല്ലാത്ത പാണ്ഡിത്യത്തിന് ഓണററി ഡി. ലിറ്റ് ലഭിക്കുമ്പോള്‍ എന്‍റെ സര്‍വകലാശാലയുടെ സ്നേഹവും സൗഹൃദവും സൗമനസ്യവുമാണ് ഞാന്‍ തിരിച്ചറിയുന്നത്. മമ്മൂട്ടിയെന്ന നടനെയാണ് മഹത്തായ ഈ സര്‍വകലാശാല ഇപ്പോള്‍ ആദരിക്കുന്നത്. എന്നാല്‍ എന്നിലെ നടനെ സൃഷ്ടിക്കുന്നതില്‍ ഏറ്റവും കൂടുതല്‍ സംഭാവന ചെയ്തത് ഈ വിദ്യാപീഠം ഒരുക്കിത്തന്ന പരിസരമാണ്. മമ്മൂട്ടിക്ക് അല്‍പ്പം അഹങ്കാരമുണ്ടെന്ന് സുഹൃത്തുക്കള്‍ പോലും പറയും. എന്നാല്‍ അതു കെട്ടിലും മട്ടിലും മാത്രമേയുള്ളു. ഉള്ളൊന്നു ചികഞ്ഞാല്‍ നിങ്ങളെപ്പോലെ തന്നെ സ്നേഹവും വാത്സല്യവും വികാരവായ്പുമൊക്കെയുള്ള വ്യക്തി മാത്രമാണ്.

എന്‍റെ ജീവിതത്തിലെ ഏറ്റവും ധന്യമായ മുഹൂര്‍ത്തങ്ങളിലൊന്നാണിത്. ചികിത്സിക്കാന്‍ അര്‍ഹതയില്ലാത്തതാണെങ്കിലും എനിക്ക് ഡോക്റ്റര്‍ പദവി ലഭിക്കുമ്പോള്‍ അതിന് സാക്ഷ്യം വഹിക്കാന്‍ എന്‍റെ ബാപ്പ ജീവിച്ചിരിപ്പില്ല എന്ന ദു:ഖം മാത്രമാണ് ഈ വേളയില്‍ എന്നെ അലോസരപ്പെടുത്തുന്നത്. ഞാനൊരു ഡോക്റ്ററാവണമെന്നാണ് എന്‍റെ ബാപ്പ ആഗ്രഹിച്ചിരുന്നത്. അതിനായി പ്രീഡിഗ്രിക്ക് എന്നെക്കൊണ്ട് രണ്ടാം ഗ്രൂപ്പ് എടുപ്പിക്കുകയും ചെയ്തു. പഠിത്തത്തില്‍ ഉഴപ്പി സിനിമ തലയില്‍ കയറ്റി തീയറ്ററുകളില്‍ നിരങ്ങിയതിന്‍റെ ഫലമായി കെമിസ്ട്രി പരീക്ഷയില്‍ തോറ്റു. അങ്ങനെ ബാപ്പയുടെ ഡോക്റ്റര്‍ സ്വപ്നം പൊലിഞ്ഞു. പതിറ്റാണ്ടുകള്‍ കഴിഞ്ഞിട്ടാണെങ്കിലും എന്‍റെ അഭിനയമികവും കലാരംഗത്തുള്ള നേട്ടങ്ങളും കണക്കിലെടുത്ത് എന്നെ വലുതാക്കിയ സര്‍വകലാശാല എനിക്ക് ഡോക്റ്ററേറ്റ് നല്‍കുമ്പോള്‍ ആ ബഹുമതി ബാപ്പയുടെ സ്മരണയ്ക്കു മുന്‍പാകെ സമര്‍പ്പിക്കുകയാണ്.

ഒരു വ്യക്തിയുടെ സ്വഭാവത്തെ ഏറ്റവും കൂടുതല്‍ സ്വാധീനിക്കുന്നത് വിദ്യാഭ്യാസ കാലഘട്ടമാണ്. പതിറ്റാണ്ടുകള്‍ക്ക് പിന്നിലേക്ക് മനസിനെ പായിക്കുമ്പോള്‍ സുഖദു:ഖങ്ങളുടെ സമ്മിശ്രവികാരമാണ് എന്നെ ഗ്രസിക്കുന്നത്. എന്‍റെ തലമുറയിലെ ശരാശരി വിദ്യാര്‍ഥി കടന്നുപോയ ദുര്‍ഘടം പിടിച്ച പാതയിലൂടെ തന്നെയാണ് ഞാനും ചവുട്ടിക്കയറിയത്. അലഞ്ഞും തിരിഞ്ഞും പഠിച്ചും പഠിക്കാതെയും കളിച്ചും ചിരിച്ചും കലഹിച്ചും സ്നേഹിച്ചും നീങ്ങിയ ആ ദിനങ്ങള്‍ മനസില്‍ സ്ഥിരപ്രതിഷ്ഠ നേടിയിരിക്കുന്നു. ഇതിനെല്ലാമിടയില്‍ ജാതിക്കും മതത്തിനും സമുദായത്തിനും അതീതമായി ചിന്തിക്കുന്ന വികാരവിക്ഷോഭങ്ങളുടേയും മൂല്യങ്ങളുടേയും ശക്തിയാണ് നിങ്ങള്‍ അറിയുന്ന മമ്മൂട്ടിയെന്ന ജേതാവിനെ സൃഷ്ടിച്ചത്. സങ്കുചിതവും വിഭാഗീയവും പ്രാകൃത വുമായ വഴിത്താരയില്‍ നിന്ന് കേര ളം മാറിനടന്നതിന്‍റെ ഉല്‍പ്പന്നമാണ് മമ്മൂട്ടിയെന്ന നടന്‍. മലയാളിയായി പിറന്നതാണ് എന്‍റെ ഏറ്റവും വലിയ ശക്തി.

സര്‍വകലാശാലയോട് എനിക്ക് തീരാത്ത കടപ്പാടുണ്ട്. എന്‍റെ സാമൂഹ്യവീക്ഷണത്തെ രൂപപ്പെടുത്തിയത് ഈ മഹാപ്രസ്ഥാനമാണ്. മമ്മൂട്ടിയു ടെ രാഷ്ട്രീയമെന്താണെന്ന് പലരും ആരായാറുണ്ട്. ജാതിക്കും മതത്തി നും മറ്റു വേര്‍തിരിവുകള്‍ക്കും അതീതമായി ചിന്തിക്കാന്‍ കഴിയുന്ന മാന സികാവസ്ഥയാണ് എന്‍റെ രാഷ്ട്രീയം. ഈ അവസ്ഥയോടു പൊരുത്തപ്പെടാന്‍ കഴിയുന്ന ഏതൊരു വ്യക്തിയും പ്രസ്ഥാനവുമായി ഞാന്‍ ഐക്യദാര്‍ ഢ്യം പ്രഖ്യാപിക്കുന്നു. പഠിച്ചുകൊണ്ടിരിക്കുമ്പോള്‍ എന്‍റെ ഇടതും വലതും ഉണ്ടായിരുന്ന സഹപാഠിയു ടെ ജാതിയോ മതമോ സാമൂഹ്യ- സാമ്പത്തിക സാഹചര്യമോ ഞാന്‍ ആരാഞ്ഞിരുന്നില്ല. എന്‍റെ തലമുറയുടെ പ്രത്യേകതയും അതായിരുന്നു. ഒരു പക്ഷേ, നമ്മുടെ വിദ്യാഭ്യാസ മേഖല യുടെ ജനാധിപത്യവത്കരണമാണ് ലക്ഷക്കണക്കിന് മലയാളികള്‍ക്ക് ലോകത്തിന്‍റെ നെറുകയില്‍ സ്ഥാ നം പിടിക്കാന്‍ അവസരം ഒരുക്കിയത്. നമ്മുടെ മനുഷ്യവിഭവശേഷി ലോകമെമ്പാടും പ്രകീര്‍ത്തിക്കപ്പെടുന്നു. എന്നാല്‍ അതിന് അവസരം ഒരുക്കിയത് സാമൂഹ്യപരിഷ്കര്‍ത്താക്കളും ഉല്‍പ്പതിഷ്ണുക്കളും അടിത്തറ പാകിയ മൂല്യബോധമാണെ ന്ന് പലരും വിസ്മരിക്കുന്നു.

പാണ്ഡിത്യമില്ലാതെ ലഭിക്കുന്ന ഡോക്റ്ററേറ്റാണെന്ന് ഞാന്‍ ആദ്യ മേ തന്നെ തുറന്നു സമ്മതിച്ചിരുന്നല്ലോ. അതുകൊണ്ടു തന്നെ എന്‍റെ മനസില്‍ ഉയര്‍ന്നുവരുന്ന ചില ചിന്തകള്‍ സമര്‍പ്പിക്കുമ്പോള്‍ പാകപ്പിഴകളുണ്ടാകും. നമ്മള്‍ ശ്രേഷ്ഠമെന്നു കരുതിയ പുരോഗമനപരവും മാതൃകാപരവുമായ വിദ്യാഭ്യാസ അന്തരീക്ഷത്തിന് ഇന്ന് ഭംഗം നേരിടുന്നുവോ? - കാര്യങ്ങളെ യുക്തിബോധത്തോടെ യും ശാസ്ത്രബോധത്തോടെയും നോക്കിക്കണ്ട മലയാളിക്ക് സംഭവിച്ചുകൊണ്ടിരിക്കുന്ന അപചയത്തെക്കുറിച്ച് നമ്മള്‍ വേണ്ടത്ര ബോധവാ ന്മാരാണോ? കൈരളി ടിവിയുടെ ഡയറക്റ്റര്‍ ബോര്‍ഡ് യോഗത്തിനിടയില്‍ ഞാനറിയാതെ രണ്ടുവരി നുറുങ്ങു കഥ എഴുതി. വായിച്ച പലരും പറഞ്ഞു, നുറുങ്ങ് അര്‍ഥവത്താണെ ന്ന്. പൂച്ച വണ്ടിയിടിച്ച് മരിച്ചു. ഈ പൂച്ചയ്ക്ക് ഏതു പൂച്ചയായിരിക്കും വിലങ്ങം ചാടിയിട്ടുണ്ടാകുക? നമുക്ക് ചുറ്റും അനുദിനം ശക്തിയാര്‍ജിക്കു ന്ന അന്ധവിശ്വാസത്തിന്‍റെ കനത്ത മേഘപാളികളെ സൂചിപ്പിക്കാനാണ് ഞാന്‍ ഈ രണ്ടുവരി കോറിയത്. നമ്മുടെ മുന്‍പേ നടന്നുപോയ യുഗപ്രഭാവന്മാര്‍ കൈമാറിയ നന്മ ചോര്‍ത്തിക്കളയാനുള്ള അവകാശം നമുക്കില്ല. കടംകൊണ്ടത് വരും തലമുറയ്ക്ക് പലിശസഹിതം കൈമാറണം. എന്നാല്‍ നമുക്ക് പാരമ്പര്യമായി കിട്ടിയ നന്മയുടെ നിറപാത്രത്തില്‍ ഇനിയെത്ര ബാക്കിയുണ്ടെ ന്നാണ് ചിന്തിക്കേണ്ടത്.ഇന്ത്യയെ അറിവിന്‍റെ കേന്ദ്രമാക്കി മാറ്റണമെ ന്നും അതിന് കേരളത്തിന് വലിയ സംഭാവന നല്‍കാനുണ്ടെന്നുമാണ് ദേശീയ ശാസ്ത്ര കോണ്‍ഗ്രസിനെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി സൂചിപ്പിച്ചത്. അറിവിന്‍റെ ഒരൊറ്റ ഇടനാഴി തീര്‍ക്കണമെങ്കില്‍ അതിനു കഴിയുന്ന ഏക ഭൂപ്രദേശം നമ്മുടെ കൊച്ചു കേരളമാണ്. ബഹുസ്വരതയ്ക്കിടയിലും രൂപത്തി ലും ഭാവത്തിലും ചിന്തയിലും ധാര ണയിലും ഏകമാനമായ കാഴ്ചപ്പാട് പങ്കുവയ്ക്കുന്ന മൂന്നരക്കോടി വരു ന്ന ജനത ലോകത്തിലെ പ്രധാന പ്പെട്ട അത്ഭുതങ്ങളിലൊന്നാണ്. പാശ്ചാത്യരാജ്യങ്ങളുടെ പത്തിലൊന്ന് വരുമാനം പോലും ഇല്ലാതെ അവ രോടു കിടപിടിക്കുന്ന സാമൂഹ്യസൂചകങ്ങള്‍ സൃഷ്ടിച്ച മലയാളി ഒരു അത്ഭുതജീവി തന്നെയാണ്. പ്രധാന മന്ത്രി വിഭാവനം ചെയ്ത അറിവിന്‍റെ കേന്ദ്രം എന്തുകൊണ്ടും സാര്‍ഥകമാക്കാന്‍ ശേഷിയുള്ള ഒരു ജനവിഭാഗ മാണ് നമ്മള്‍. മുമ്പോട്ടുള്ള കുതിപ്പില്‍ രാജ്യത്തിന് ദിശാബോധം പകരാന്‍ കെല്‍പ്പുള്ള ഒരു ജനതയെ സങ്കുചിത- പ്രാകൃത- വിഭാഗീയ വികാരങ്ങള്‍ക്ക് അടിയറവച്ചുകൂടാ. ഇവിടെയാണ് കേരള സര്‍വകലാശാല പോലെയുള്ള സ്ഥാപനങ്ങള്‍ക്കുള്ള പ്രസക്തി. ആത്മപരിശോധനയിലൂ ടെ കുറവുകള്‍ കണ്ടെത്തി അവ പരിഹരിക്കണം. മങ്ങിപ്പോയ പ്രതലങ്ങളെ ഊതിക്കാച്ചി മാറ്റു വര്‍ധിപ്പിക്ക ണം. ഗതകാല സ്മരണകളില്‍ പുളകം കൊണ്ടിട്ട് കാര്യമില്ല. ലോകം നമ്മെ കാത്തിരിക്കില്ല. ലോകത്തിന്‍റെ കുതിപ്പില്‍ നമ്മളും ഭാഗഭാക്കാകണം. എല്ലാ വിദ്യകളുടെയും കലകളുടെയും ശാലയെന്നാണ് സര്‍വകലാശാലകൊണ്ട് ഉദ്ദേശിക്കുന്നത്. പരിമിതമായ അര്‍ഥത്തില്‍ സിനിമ യും ഒരു സര്‍വകലാശാലയാണ്. ലോകത്തിലെ ഒട്ടുമിക്കവാറും കലാരൂപങ്ങള്‍ സിനിമയില്‍ സന്നിവേശിക്കുന്നു. മനുഷ്യമനസിനെ സ്വാധീനിക്കാന്‍ കഴിയുന്ന ഏറ്റവും ഫലവ ത്തായ കലാമാധ്യമങ്ങളില്‍ ഒന്നാണ് സിനിമ. മമ്മൂട്ടിയെന്ന നടനുള്ള സ്വീകാര്യത വ്യക്തിയുടെ നേട്ടമല്ല മറിച്ച് അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന മാധ്യമത്തിന്‍റെ ശക്തിയാണ്. മലയാളസിനിമയും കേരള സമൂഹവും എനിക്ക് അര്‍ഹിക്കുന്നതില്‍ കൂടുതല്‍ സ്നേഹവും അംഗീകാരവും നല്‍കി. അതിന്‍റെ മറ്റൊരു ഉദാത്ത പ്രതിഫല നമാണ് എനിക്ക് ഇന്നു ലഭിക്കുന്ന ഈ ബഹുമതി. ഞാന്‍ എന്തു തിരി കെ നല്‍കിയാലും അതൊന്നും മതിയാകില്ലെന്ന് എനിക്കറിയാം. എങ്കി ലും ഒരു വാക്ക് ഞാന്‍ നല്‍കുന്നു. ഈ സര്‍വകലാശാല എനിക്കു നല്‍കിയ ഉദാത്തമായ പല പാഠങ്ങളുമു ണ്ട്. മനുഷ്യസ്നേഹത്തിന്‍റെയും മാനവികതയുടെയും സാഹോദര്യത്തിന്‍റെയും വിസ്തൃതമായ പാടങ്ങള്‍. ഇവിടെ ഒരു ചെടി പോലും കരിയാ തെ പരിപാലിക്കാന്‍ എന്നാല്‍ കഴിയുന്നത് ചെയ്യുമെന്ന് ഉറപ്പുതരുന്നു.



ഡോ. പി.ഐ മുഹമ്മദ് കുട്ടി

(മമ്മൂട്ടി).
|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code