Sunday, August 01, 2010   5:16 AM IST
Supplements
Home>> NRK Zone>> Middle East
Middle East
ഒരു ഡോക്റ്ററുടെ സ്വപ്നങ്ങള്‍
Thursday, January 14, 2010
|
|
|
കപ്പലുകളുടെയും കപ്പിത്താന്മാരുടെയും സുരക്ഷിതകേന്ദ്രമാണ് തുറമുഖം. എന്നാല്‍ അവിടെ സുരക്ഷിതരായിരിക്കുകയല്ല അവരുടെ ദൗത്യം. തീരം നല്‍കുന്ന സുരക്ഷിതത്വം വെടിഞ്ഞ് സാധ്യതകളുടെ സമുദ്രത്തിലൂടെ ഒരു യാത്രയ്ക്കുള്ള ധൈര്യം കാണിച്ചാല്‍ അവസരങ്ങളുടെ പുതിയ ചക്രവാളങ്ങള്‍ തുറക്കും.

ഡോ. ആസാദ് മൂപ്പന്‍ ഇങ്ങനെ പറയുന്നത് ഒരു യാത്രയ്ക്കിടെയാണ്. വെല്ലുവിളികള്‍ അലയടിക്കുന്ന സമുദ്രത്തിലൂടെ പുതിയ ചക്രവാളങ്ങള്‍ അന്വേഷിച്ചുള്ള യാത്ര. എഴുപതുകളുടെ അവസാനം കോഴിക്കോട് മെഡിക്കല്‍ കോളെജില്‍ നിന്ന് എംബിബിഎസ് പാസായി ഇറങ്ങിയ ഒരു ചെറുപ്പക്കാരന്‍. മൂന്നു പതിറ്റാണ്ടിനു ശേഷം ഒരു പ്രവാസി ഭാരതീയ ദിവസ് ആഘോഷത്തില്‍ ഇന്ത്യയുടെ രാഷ്ട്രപതിയില്‍ നിന്ന് പ്രവാസി പുരസ്കാരം ഏറ്റുവാങ്ങിയപ്പോള്‍ ആ യാത്രയിലെ തിളക്കമുളള ഒരു നാഴികക്കല്ല്. ഇന്ന് ആരോഗ്യസംരക്ഷണ രംഗത്ത് ഏഷ്യയിലെ തന്നെ ഏറ്റവും മികച്ചത് എന്നു വിശേഷിപ്പിക്കുന്ന ഒട്ടനവധി സംരംഭങ്ങളുടെ മേധാവിയാണ് ഡോ. ആസാദ് മൂപ്പന്‍. ഒരൊറ്റ ഡെസിഗ്നേഷനില്‍ വിശേഷിപ്പിക്കണമെങ്കില്‍ ഡോ. മൂപ്പന്‍സ് ഗ്രൂപ്പിന്‍റെയും ഡിഎം ഹെല്‍ത്ത് കെയര്‍ പ്രൈവറ്റ് ലിമിറ്റഡിന്‍റെയും ചെയര്‍മാന്‍ എന്നു വിളിക്കാം.

1982ല്‍ കോഴിക്കോട് മെഡിക്കല്‍ കോളെജില്‍ നിന്നു സ്വര്‍ണമെഡലോടെ എംബിബിഎസ് പാസായ ഡോ. ആസാദ്, ആ പ്രൊഫഷനില്‍ മറ്റൊരാളും സഞ്ചരിക്കാത്ത വഴികളാണു തെരഞ്ഞെടുത്തത്. മെഡിക്കല്‍ കോളെജില്‍ത്തന്നെ കുറച്ചുകാലം ട്യൂട്ടറായിരുന്നു. ഏതെങ്കിലും സര്‍ക്കാര്‍ ആശുപത്രിയില്‍ ജോലി, വൈകുന്നേരത്തെ പ്രൈവറ്റ് പ്രാക്റ്റിസ്. അതുമല്ലെങ്കില്‍ ഗള്‍ഫില്‍ ഒരാശുപത്രിയില്‍ കുറച്ചുകൂടി മെച്ചപ്പെട്ട ജോലി തുടങ്ങി അക്കാലത്തെ ഒരു എംബിബിഎസ് പാസ് ഔട്ടിന്‍റെ സ്വപ്നങ്ങള്‍ക്കപ്പുറം ചിലതൊക്കെ ഡോ. ആസാദിന്‍റെ മനസില്‍ രൂപപ്പെട്ടിരുന്നു. അതിനൊക്കെ വ്യക്തമായ രൂപരേഖകളുണ്ടായിരുന്നോ എന്നു ചോദിച്ചാല്‍ ഇല്ല. സ്റ്റെത്തും കഴുത്തിലിട്ട്, പാരസെറ്റാമോള്‍ പ്രിസ്ക്രൈബു ചെയ്തു നല്‍കുന്നതിനപ്പുറം എംബിബിഎസ് എന്ന ബിരുദത്തിന് അവസരങ്ങളും സാധ്യതകളുമില്ലേ എന്നായിരുന്നു ആസാദിന്‍റെ ചിന്ത.

ആഗ്രഹിക്കുന്നവനെത്തേടി അവസരങ്ങളെത്തും എന്നു പറയുന്നതു വെറുതേയല്ല. 1987ലെ ഒരു ഗള്‍ഫ്യാത്ര ഡോ. ആസാദിന്‍റെ ജീവിതത്തിലെ വഴിത്തിരിവായി. ദുബായില്‍ ചെറിയ ക്ലിനിക്ക്. രണ്ടു ഡോക്റ്റര്‍മാര്‍ മാത്രം. ഇരുപത്തിമൂന്നു വര്‍ഷം. ഒന്നിനു പിന്നാലെ ഒന്നായി നല്ല സ്വപ്നങ്ങള്‍. ആ സ്വപ്നങ്ങള്‍ സാക്ഷാത്ക്കരിക്കാനുള്ള അധ്വാനം. പ്രവര്‍ത്തനശേഷിയുള്ള നല്ല ടീമിന്‍റെ ക്യാപ്റ്റനായിരിക്കാനുള്ള ശ്രമം. ഇന്ന് ഗള്‍ഫ് രാജ്യങ്ങളില്‍ എഴുപതിലേറെ ക്ലിനിക്കുകള്‍, ഫാര്‍മസികള്‍, ദുബായില്‍ മെഡികെയര്‍ ഹോസ്പിറ്റല്‍, മെറ്റേണിറ്റിക്കും സര്‍ജറിക്കുമായി ദുബായില്‍ത്തന്നെ അല്‍ റാഫ് ഹോസ്പിറ്റല്‍.

കേരളത്തില്‍ ഇന്‍വെസ്റ്റ്മെന്‍റൊക്കെ വലിയ നഷ്ടമാണെന്നേ, യൂണിയനായി, പൊല്ലാപ്പായി...സ്ഥിരം പരാതികള്‍. എന്നാല്‍ ഡോ. ആസാദ് തന്‍റെ വേരുകളുള്ള മണ്ണിനെ അഗാധമായി സ്നേഹിച്ചു. നേട്ടങ്ങ ളൊന്നും തന്‍റെ മാത്രം കഴിവു കൊണ്ടല്ല. ആരുടെയൊക്കെയോ പ്രാര്‍ഥന., ഈശ്വരാനുഗ്രഹം. തന്‍റെ നാടിനു കൂടി ഗുണമുണ്ടാകണം ഈ നേട്ടങ്ങള്‍ കൊണ്ടെന്നു തോന്നി, ആസാദിന്. അതിന്‍റെ ആദ്യത്തെ പ്രത്യക്ഷരൂപമാണ് കോഴിക്കോട്ടെ മലബാര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കല്‍ സയന്‍സ് ലിമിറ്റഡ്. 2001ല്‍ അറുന്നൂറ് ബെഡുകളുമായി മിംമ്സിന്‍റെ സൂപ്പര്‍ സ്പെഷ്യാലിറ്റി ടെര്‍ട്ടിയറി കെയര്‍ ഹോസ്പിറ്റല്‍ പ്രവര്‍ത്തനം തുടങ്ങി. കേന്ദ്രസര്‍ക്കാരിന്‍റെ ക്വാളിറ്റി കണ്‍ട്രോളിനു കീഴിലുള്ള എന്‍എബിഎച്ചിന്‍റെ അക്രഡിറ്റേഷന്‍ കിട്ടിയ ഇന്ത്യയിലെ ആദ്യത്തെ സ്പെഷ്യാലിറ്റി ഹോസ്പിറ്റല്‍. മിംമ്സിന്‍റെ മറ്റൊരാശുപത്രി കോട്ടയ്ക്കലും തുറന്നു. കൊച്ചിയില്‍ കോടികളുടെ നിക്ഷേപമുള്ള മെഡിസിറ്റി ഏറെ വൈകാതെ പ്രവര്‍ത്തിച്ചു തുടങ്ങും. കേരളത്തിന്‍റെ ആരോഗ്യസംരക്ഷണമേഖലയില്‍ ഏത് ഇന്‍റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂഷനോളവും കിടപിടിക്കാന്‍ പാകത്തിനുള്ള ഒരു സംരംഭമാണിത്.

കോടികളുടെ നിക്ഷേപത്തെക്കുറിച്ച് ആലോചിക്കുമ്പോള്‍ ഡോ. ആസാദ് ഒന്നു പ്രത്യേകം മനസില്‍ വച്ചു. പുത്തന്‍ ലോകക്രമത്തിനനുസരിച്ചു നിര്‍മിക്കുന്ന ആശുപത്രികളുടെ കെട്ടും മട്ടും കണ്ട് സാധാരണക്കാര്‍ അന്തിച്ചു നില്‍ക്കരുത്, ആരോഗ്യ സംരക്ഷണ മേഖലയില്‍ മൂപ്പന്‍സ് ഗ്രൂപ്പിന്‍റെ പ്രവര്‍ത്തനങ്ങള്‍ അവരിലുമെത്തണം. അതിനായി അവരിലേക്കു ചെല്ലുകയാണ് വേണ്ടത്.

മിംമ്സ് ചാരിറ്റബിള്‍ ട്രസ്റ്റ് ഈ ചിന്തയുടെ സന്താനമാണ്. സൗജന്യചികിത്സ, സര്‍ജറി തുടങ്ങിയ കാര്യങ്ങള്‍ക്കായി ഒരു വര്‍ഷം 50 ലക്ഷം രൂപയാണ് നീക്കിവച്ചിരിക്കുന്നത്. ദാരിദ്ര്യ രേഖയ്ക്കു താഴെയുള്ള ഏഴായിരത്തോളം ജനങ്ങള്‍ പാര്‍ക്കുന്ന വഴയൂര്‍ പഞ്ചായത്തിനെ ചാരിറ്റബിള്‍ ട്രസ്റ്റ് ദത്തെടുത്തു. വടകരയില്‍ കമ്യൂണിറ്റി ഡയാലിസിസ് സെന്‍റര്‍. പതിനൊന്നു ഡയാലിസിസ് മെഷീനുകള്‍ ഡോ. ആസാദ് നേരിട്ട് ഈ സംരംഭത്തിനായി നല്‍കി. മലപ്പുറത്തെ കല്‍പ്പകഞ്ചേരിയില്‍ വികലാംഗരായ കുട്ടികള്‍ക്കു വേണ്ടി എം.എ മൂപ്പന്‍ മെമ്മോറിയല്‍ സ്കൂള്‍. ഗള്‍ഫിലുടനീളമുള്ള ഹെല്‍ത്ത് കെയര്‍ ക്യാംപുകള്‍ മലയാളികളായ സാധാരണ തൊഴിലാളികള്‍ക്കു സാന്ത്വനമേകുന്നു. പാവപ്പെട്ട കുടുംബങ്ങളിലെ കുട്ടികള്‍ക്കു ഹൃദയശസ്ത്രക്രിയ വേണ്ടി വന്നാല്‍ അതു സൗജന്യമാക്കുന്നതിനുള്ള സേവ് ദ് ലിറ്റില്‍ ഹാര്‍ട്ട് പദ്ധതിയിലൂടെ സമാഹരിച്ചത് 65 ലക്ഷം രൂപ.

2008ല്‍ കേരള സംസ്ഥാന സര്‍ക്കാര്‍ മികച്ച ഡോക്റ്റര്‍ക്കുള്ള അവാര്‍ഡ് ഡോ. ആസാദിനു നല്‍കിയപ്പോള്‍ ചിലര്‍ നെറ്റിചുളിച്ചു. സ്വകാര്യ മേഖലയില്‍ നിന്ന് ആദ്യമായാണ് ഒരു ഡോക്റ്ററെ ഈ അവാര്‍ഡിനു തെരഞ്ഞെടുത്തത്. പ്രാക്റ്റിസ് ചെയ്യാത്ത ഒരു ഡോക്റ്റര്‍ക്ക് ഈ അവാര്‍ഡോ ?. ഈ സംശയത്തിനുള്ള ഉത്തരമാണ് ഡോ. ആസാദിന്‍റെ ജീവിതം. നാലു ചുവരുകള്‍ക്കുള്ളില്‍ രോഗികളെ ചികിത്സിച്ചിരിക്കാനുള്ള അംഗീകാരം മാത്രമല്ല എംബിബിഎസ് എന്നു തെളിയിച്ചു ഡോ. ആസാദ്. ആരോഗ്യ സംരക്ഷണം എന്നാല്‍ മരുന്നു കുറിപ്പടികളല്ല. അതിനപ്പുറത്ത് വലിയ അര്‍ഥങ്ങളുണ്ടതിന്. അതു കണ്ടെത്തി. ഡോക്റ്റര്‍ ടേണ്‍ഡ് എന്‍റര്‍പ്രണര്‍ എന്ന വിശേഷണത്തെ സ്വാഗതം ചെയ്തു. ഡോ. ആസാദിന്‍റെ സംരംഭങ്ങള്‍ കേരളത്തിലേക്കു കൊണ്ടു വന്നതു കോടികളുടെ നിക്ഷേപം, ആയിരക്കണക്കിനു തൊഴിലവസരങ്ങള്‍.

2010 ജനുവരി ഒന്‍പതിന് ന്യൂഡല്‍ഹിയിലെ വിജ്ഞാന്‍ ഭവനില്‍ രാഷ്ട്രപതി പ്രതിഭ പാട്ടീലില്‍ നിന്നു പ്രവാസി ഭാരതീയ സമ്മാന്‍ സ്വീകരിച്ചതിനെക്കുറിച്ചു ചോദിച്ചാല്‍, തന്‍റെ നേട്ടങ്ങളില്‍ അമിതാഹ്ലാദമില്ല ഡോ. ആസാദിന്. ഉത്തരവാദിത്വം കൂടി, സമൂഹത്തോടുള്ള പ്രതിബദ്ധതയ്ക്ക് ഇനി കൂടുതല്‍ ആര്‍ജവം വേണം. ഭാവി പദ്ധതികളെക്കുറിച്ചും ഡോക്റ്റര്‍ വാചാലനല്ല. വാക്ചാതുരിയേക്കാള്‍ പ്രവര്‍ത്തന മികവിലാണു വിശ്വാസം. വിഷന്‍ 2015 എന്ന മൂപ്പന്‍സ് ഗ്രൂപ്പിന്‍റെ അടുത്ത അഞ്ചു വര്‍ഷത്തേക്കുള്ള പദ്ധതിയില്‍ സംരംഭങ്ങള്‍ ഏറെ എന്നു മാത്രം പറഞ്ഞു.

പക്ഷേ, അദ്ദേഹം ഒന്നോര്‍മിപ്പിച്ചു തന്‍റെ സഹപ്രവര്‍ത്തകരോട് എപ്പോഴും പറയാറുള്ള ഒന്ന്, In the race of excellence there is no finishing line.
|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code