അച്യുതാനന്ദന്‍, സക്കറിയ, അഭിപ്രായസ്വാതന്ത്ര്യം
Tuesday,
January 19,
2010
ഇന്ത്യന്‍ ഭരണ ഘടന, പാര്‍ട്ടി അച്ചടക്കം എന്നൊക്കെ കേട്ടാല്‍ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍ കോള്‍മയിര്‍ കൊള്ളും. അഭിപ്രായസ്വാതന്ത്ര്യം, പൗരബോധം, മൗലികാവകാശം തുടങ്ങിയ കാര്യങ്ങളില്‍ ആരെങ്കിലും ഇടപെട്ടാല്‍ പെട്ടവന്‍റെ കാര്യം ഹന്ത കഷ്ടം! അതിപ്പോ, സാക്ഷാല്‍ ഇഎംഎസ് നമ്പൂതിരിപ്പാടിനെതിരെയോ, എ. കെ ഗാപാലനെതിരെയോ ആരെങ്കിലും അഭിപ്രായം പറഞ്ഞാല്‍പ്പോലും അഭിപ്രായങ്ങളെയാണ് ആദരിക്കുക. അതാണല്ലോ അഭിപ്രായ സ്വാതന്ത്ര്യം. അഭിപ്രായം പാര്‍ട്ടിക്കോ പാര്‍ട്ടി സഖാക്കള്‍ക്കോ എതിരാണെന്ന കാര്യമൊന്നും വി.എസ് പ്രശ്നമാക്കില്ല. അഭിപ്രായം പറയാന്‍ പൗരന് അവകാശമുണ്ടെന്നു ഭരണഘടനയെ ഉദ്ധരിച്ചു ബഹു. മുഖ്യമന്ത്രി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത് അതുകൊണ്ടാണ്.
സക്കറിയ പാര്‍ട്ടിക്കോ പാര്‍ട്ടിക്കാര്‍ക്കോ അനഭിമതനായിരുന്നില്ല. നല്ല ഇടതുപക്ഷലൈനില്‍ പ്രസംഗിക്കുന്ന ആളുമായിരുന്നു. എന്നാല്‍ കമ്യൂണിസ്റ്റ് കോട്ടയായ പയ്യന്നൂരില്‍ അടവൊന്നു മാറ്റി. കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രങ്ങളെയും നേതാക്കളെയും പ്രതിക്കൂട്ടില്‍ നിര്‍ത്തി പ്രസംഗിച്ചു. സ്വാഭാവികമായും ഡിവൈഎഫ്ഐക്കാര്‍ക്ക് അതത്ര പിടിച്ചില്ല. അവര്‍ സക്കറിയുടെ കഴുത്തില്‍ പിടിച്ചു. സക്കറിയ അടി കൊണ്ടു കണ്ണീര്‍ പൊഴിച്ചപ്പോള്‍, ഏതെങ്കിലും സാഹിത്യകാരന്മാര്‍ കൂടെക്കരഞ്ഞോ? കമാന്നൊരക്ഷരം മിണ്ടിയോ? കരയാനും മിണ്ടാനും ചുമതലപ്പെട്ട സാഹിത്യ അക്കാഡമി അധ്യക്ഷന്‍ എം. മുകുന്ദന്‍ പോലും പറഞ്ഞത്, ഒന്നാലോചിക്കട്ടെ എന്നാണ്. എന്നാല്‍ വി.എസിന്‍റെ കാര്യമെടുക്ക്. ഇക്കാര്യത്തില്‍ രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല, അദ്ദേഹത്തിന്. അഭിപ്രായ സ്വാതന്ത്ര്യം പൗരന്‍റെ മൗലികാവകാശമാണെന്നാണു മുഖ്യമന്ത്രിയുടെ റൂളിങ്.
ഈ റൂളിങ് കേട്ടപ്പോള്‍ വേറൊരു സാഹിത്യകാരനു സങ്കടം സഹിക്കുന്നില്ല. പ്രമുഖ നാടകകൃത്തും ദീര്‍ഘകാലം റേഡിയോ-ദൂരദര്‍ശന്‍ മാധ്യമപ്രവര്‍ത്തകനുമായിരുന്ന സി.പി. രാജശേഖരന്. 2006 ല്‍ രാജശേഖരന്‍ അദ്ദേഹത്തിന്‍റെ അഭിപ്രായ സ്വാതന്ത്ര്യമൊന്നു പുറത്തെടുത്തു നോക്കി. അന്നു വി. എസ് മുഖ്യമന്ത്രിയല്ല, പ്രതിപക്ഷ നേതാവാണ്. പ്രതിപക്ഷ നേതാവെന്ന നിലയില്‍ അച്യുതാനന്ദന്‍ സഖാവിന്‍റെ ചെയ്തികള്‍ക്കെതിരേ ഒരു പൊതു സമ്മേളനത്തില്‍ പ്രസംഗിച്ചു. ഇഎംഎസിനെപ്പോലുള്ള കമ്യൂണിസ്റ്റ് നേതാക്കള്‍ക്കെതിരേ പയ്യന്നൂരില്‍ സക്കറിയ പ്രസംഗിച്ചതു പോലെ. രാജശേഖരന്‍റെ മേല്‍ കരി ഓയില്‍ പ്രയോഗിക്കുകയാണു ഡിവൈഎഫ്ഐ സഖാക്കള്‍ അന്നു ചെയ്തത്. എന്നാല്‍, സക്കറിയയ്ക്ക് അനുവദിച്ചുകൊടുത്ത അഭിപ്രായ സ്വാതന്ത്ര്യം വി.എസ് അന്നു രാജശേഖരന് അനുവദിച്ചില്ല. ഇഎംഎസിനെ പറയുന്നതുപോലാണോ വി.എസിനെ പറയുന്നതെന്നു ചോദിക്കരുത്. ഇഎംഎസ് എവിടെ, വി.എസ് എവിടെ?
ഒന്നോര്‍ത്താല്‍ സി.പി ഭാഗ്യവാനാണ്. സിപിയുടെ ദേഹത്ത് ഇത്തിരി കരി ഓയില്‍ വീണന്നല്ലേയുള്ളൂ. കെ.ഇ.എന്‍ കുഞ്ഞഹമ്മദിന്‍റെ കാര്യം ഒന്നോര്‍മിച്ചു നോക്കൂ. കമ്യൂണിസ്റ്റ് പാര്‍ട്ടിയിലിരുന്ന് അച്യുതാനന്ദന്‍ ആള്‍ദൈവം ചമയുകയാണെന്നോ മറ്റോ ആണ് അന്ന് ഈ എഴുത്തുകാരന്‍ പറഞ്ഞത്. ഒരു ശരാശരി കമ്യൂണിസ്റ്റ്കാരനില്‍ നിന്നു മറ്റു സഖാക്കള്‍ ആഗ്രഹിക്കുന്നതോ, സമൂഹം പ്രതീക്ഷിക്കുന്നതോ അല്ല വിഎസിന്‍റെ ഭാഗത്തു നിന്നുണ്ടാകുന്നത് എന്നായിരുന്നു കുഞ്ഞഹമ്മദിന്‍റെ കുത്ത്. അഭിപ്രായ സ്വാതന്ത്ര്യം വേണമെന്നൊക്കെ വി.എസ് പറയും. അതിനര്‍ഥം വി.എസിനെതിരേ അഭിപ്രായം പറയാം എന്നല്ല. ഇതൊന്നും പക്ഷേ, കെഇഎന്‍ എന്ന ഇടതുപക്ഷ സഹസാഹിത്യകാരന്‍ ചിന്തിക്കാതെപോയി. കുരങ്ങന്മാര്‍ക്കു മറുപടിയില്ലെന്നായിരുന്നു വി.എസിന്‍റെ കമന്‍റ്.
വി.എസിനെ തോണ്ടി എം. മുകുന്ദനും കൈ പൊള്ളി. വി.എസ് കാലഹരണപ്പെട്ട പുണ്യാളന്‍ എന്ന് അഭിപ്രായപ്പെട്ടതാണു മുകുന്ദനെ കുഴപ്പത്തില്‍ ചാടിച്ചത്. ആവിഷ്കാര സ്വാതന്ത്ര്യത്തെപ്പറ്റിയും അഭിപ്രായ സ്വാതന്ത്ര്യത്തെപ്പറ്റിയും ഉത്തമ ബോധ്യമുള്ള ആളായതു കൊണ്ടാവണം മുകുന്ദന്‍ ഇങ്ങനെ അഭിപ്രായപ്പെട്ടത്. എന്നാല്‍ മറ്റുള്ളവരുടെ നേര്‍ക്കേ വിമര്‍ശനം പാടുള്ളൂ; കളി വി.എസിനോടു വേണ്ട എന്നു മുകുന്ദനും മുന്‍കൂട്ടി കണ്ടില്ല. പാവം! അടി കൊള്ളാതെ രക്ഷപ്പെട്ടല്ലോ? അതുതന്നെ ഭാഗ്യം!
സാക്ഷാല്‍ സുകുമാര്‍ അഴിക്കോടുമായി താരതമ്യം ചെയ്യുമ്പോള്‍ സക്കറിയ, മുകുന്ദന്‍, സിപി എന്നിവരൊക്കെ എവിടെ? വി.എസിനെക്കുറിച്ച് ഒരിക്കല്‍ ഉള്ളുതുറന്ന് ഒരു അഭിപ്രായപ്രകടനം നടത്തിയതിന്‍റെ ഭള്ളൊഴിഞ്ഞിട്ടില്ല, ഇതുവരെ അഴീക്കോടിനും. കഴിഞ്ഞ പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പില്‍ അഖിലേന്ത്യാടിസ്ഥാനത്തില്‍ സിപിഎം തോറ്റമ്പി. പാര്‍ട്ടിസഖാക്കളും നേതാക്കളും നെഞ്ചുപൊട്ടി കരയുമ്പോള്‍ ക്ലിഫ് ഹൗസിലിരുന്ന് ഒരാള്‍ മാത്രം ഉള്ളുപൊട്ടിച്ചിരിച്ചു. സാക്ഷാല്‍ വേലിക്കകത്തു ശങ്കരന്‍ അച്യുതാനന്ദന്‍. സഹികെട്ട അഴിക്കോട് തന്‍റെ അഭിപ്രായം മാധ്യമപ്രവര്‍ത്തകരോടു തുറന്നടിച്ചു- വിഎസിന്‍റേതു വെ റും ചിരിയല്ല. ഇതു വഞ്ചനയുടെ ചിരിയാണെന്നാണ് അഴീക്കോട് അഭിപ്രായപ്പെട്ടത്. അഴീക്കോട്ടെ സുകുമാരനല്ല, വൈകുണ്ഠം പരമേശ്വരനായാലും വി.എസ് വെറുതേ വിടില്ല. അഴീക്കോടിനെ ശരിക്കും വട്ടം കറക്കി. ഒടുവില്‍ വിഎസ് തന്നെ നേരിട്ടു വിളിച്ചു മാപ്പു പറഞ്ഞെന്ന് അഴീക്കോടും, താനല്ല, ഏതോ മിമിക്രിക്കാരനാണ് അഴിക്കോടിനെ വിളിച്ചതെന്നു വിഎസും പറഞ്ഞു കേട്ടു.
വി.എസ് തന്നെയല്ലേ, കേരളത്തിന്‍റെ ആസ്ഥാന മിമിക്രിവിദ്വാന്‍ എന്നു തിരിച്ചാരും ചോദിച്ചുമില്ല. ശരിക്കും ആരാണു വിളിച്ചതെന്നു കണ്ടുപിടിക്കാന്‍ വി.എസിന്‍റെ പക്കല്‍ ഒട്ടേറെ സൗകര്യങ്ങളുണ്ടെങ്കിലും ഒന്നുമുണ്ടായില്ല. പശുവും ചത്തു, മോരിലെ പുളിയും പോയി... ഇനിയെന്തിനു പുല്ലു ചെത്തണം?
Close...
Maximum Character Allowed -
4000