വരുന്നതു കരുതല്‍ ദിനങ്ങള്‍
കൊച്ചി
ഓഹരി വിപണിയില്‍ തിരിച്ചിറക്കത്തിന്‍റെ സൂചനയുണ്ടെങ്കിലും വലിയ തോതിലുള്ള ഇടിവിന് ഇടയാകില്ലെന്നാണു നിരീക്ഷണം. റിസര്‍വ് ബാങ്ക് വായ്പാ അവലോകനം പുറത്തിറക്കുന്ന ഈ വാരത്തിന്‍റെ ആദ്യദിനങ്ങളില്‍ ചാഞ്ചാട്ടത്തിനാണു സാധ്യത. വായ്പാ നയത്തിലും വ്യവസായ മേഖലയെ ഉണര്‍ത്തുന്ന നടപടികളില്ലെങ്കില്‍ തിരിച്ചടികളാണു നിക്ഷേപകര്‍ കാത്തിരിക്കേണ്ടത്. തികച്ചും കരുതലോടെ മുന്നോട്ടുനീങ്ങേണ്ട അവസ്ഥ.
അപ്രതീക്ഷിത ഇറക്കത്തിന്‍റെ നടുക്കത്തില്‍നിന്ന് ഉണര്‍ന്നിട്ടില്ല വിപണി. അടുത്ത കാലത്തെ വലിയ ഇടിവാണ് ഓഹരി സൂചികകളില്‍ കഴിഞ്ഞവാരം. സെന്‍സെക്സിന് 695 പോയിന്‍റ് (4.5%) നഷ്ടം. 17,000 എന്ന സൈക്കോളജിക്കല്‍ മാര്‍ക്കിലും താഴെയെത്തിയ സൂചിക നിക്ഷേപകരെ ഇത്രയും നിരാശപ്പെടുത്തുന്നതു സമീപ മാസങ്ങളില്‍ ആദ്യം. 16,859.68ലാണു സൂചിക വ്യാപാരം പൂര്‍ത്തിയാക്കിയത്. ഇതിനു മുന്‍പ് ഇത്രയും വലിയ (5.4%) നഷ്ടം രേഖപ്പെടുത്തിയത് കഴിഞ്ഞ ഒക്റ്റോബറില്‍. ദേശീയ സൂചിക നിഫ്റ്റി 216.20 പോയിന്‍റ് (4.12%) നഷ്ടത്തില്‍ 5,036ലാണു വാരം തീര്‍ത്തത്. യുഎസ് ബാങ്കിങ് സ്ഥാപനങ്ങള്‍ക്കു നിയന്ത്രണമേര്‍പ്പെടുത്തുമെന്ന പ്രസിഡന്‍റ് ബരാക് ഒബാമയുടെ പ്രസ്താവനയാണു സൂചികകളിലെ വന്‍നഷ്ടത്തിനു കാരണം. ബാങ്കിങ് മേഖലയ്ക്കു പുതിയ നയം തിരിച്ചടിയാകുമെന്ന ആശങ്ക ധനകാര്യ മേഖലയിലാകെയുണ്ട്. ഇതു വരും ദിവസങ്ങളിലെ ഓഹരി സൂചികകളെ സ്വാധീനിച്ചേക്കാമെന്നും കരുതുന്നു. പ്രസിഡന്‍റിന്‍റെ പ്രസ്താവനയെത്തുടര്‍ന്നു യുഎസ്, ഏഷ്യന്‍ സൂചികകള്‍ തകര്‍ച്ചയിലായി. ഇപ്പോഴത്തെ അവസ്ഥയില്‍ ഇന്ത്യന്‍ സൂചികകള്‍ക്ക് ഈ ഒരു തീപ്പൊരി മതിയായിരുന്നു. ആഭ്യന്തര രംഗത്തു പ്രത്യേക ഘടകങ്ങളൊന്നും തുണയ്ക്കാനില്ലാത്തതിനാല്‍ ഫ്ളാറ്റ് നിലയിലായിരുന്നു കഴിഞ്ഞവാരത്തെ വ്യാപാരദിനങ്ങള്‍ കൂടുതലും.
കൂടുതല്‍ കമ്പനികളുടെ മൂന്നാംപാദ ഫലങ്ങള്‍ പുറത്തുവരുന്നു. മിക്ക പ്രമുഖ കമ്പനികളും ഫലങ്ങള്‍ പുറത്തുവിട്ടു. ഓഹരി വിപണിയെ ബുള്ളിഷാക്കാനുള്ള ശക്തിയൊന്നും ഇവയ്ക്കുണ്ടായിരുന്നില്ല. ആര്‍ഐഎല്‍, എയര്‍ടെല്‍, ഒഎന്‍ജിസി, വിപ്രോ തുടങ്ങിയ കമ്പനികള്‍ മുന്‍ വര്‍ഷത്തെക്കാള്‍ ലാഭമുണ്ടാക്കി. ഐടി കമ്പനികളില്‍ ശ്രദ്ധേയമായ പ്രകടനമാണു വിപ്രോയുടേത്. ഡിസംബറില്‍ അവസാനിച്ച പാദത്തില്‍ 1,217 കോടി രൂപയാണു കമ്പനി നേടിയത്. മുന്‍ വര്‍ഷമിത് 1,162 കോടി രൂപയായിരുന്നു. ഒഎന്‍ജിസി, എയര്‍ടെല്‍ കമ്പനികള്‍ക്കും മെച്ചപ്പെട്ട ഫലം.
നാണയപ്പെരുപ്പം പോലുള്ള ഘടകങ്ങളും ശക്തിയായിത്തന്നെ നിലനില്‍ക്കുന്നു. ഇതും നിക്ഷേപകരുടെ പ്രതീക്ഷ കെടുത്തി. മിഡ് ക്യാപ്, സ്മോള്‍ ക്യാപ് സൂചികകളിലും കഴിഞ്ഞവാരം വില്‍പ്പനയായിരുന്നു. റിയല്‍റ്റി, ഓയില്‍ ആന്‍ഡ് ഗ്യാസ്, ഹെല്‍ത്ത്കെയര്‍ ഓഹരികളില്‍ നഷ്ടം. പുതിയ ഘടകങ്ങള്‍ ഉയര്‍ന്നുവരുന്നതിനു കാത്തിരിക്കുന്ന നിക്ഷേപകര്‍ അതുകൊണ്ടുതന്നെ ഏറെ കരുതലിലാണ്.
സ്വര്‍ണം
സ്വര്‍ണവിലയില്‍ കഴിഞ്ഞവാരം 200 രൂപയിലേറെ കുറവ്. അന്താരാഷ്ട്ര വിലയില്‍ വലിയ തോതിലുള്ള ഇടിവ് പ്രകടമായതോടെ 240 രൂപയാണു കുറഞ്ഞത്. വാരാവസാനം പവന് 12,200 രൂപ.
ആഗോള വിപണിയില്‍ വില ഔണ്‍സിന് (31.1 ഗ്രാം) 1,100 ഡോളറില്‍ താഴേക്കിറങ്ങി. 1,083 ലാണു കഴിഞ്ഞവാരം ക്ലോസ് ചെയ്തത്.
വെള്ളി
വെള്ളിവിലയും കുറഞ്ഞു. ആദ്യ ദിവസങ്ങളില്‍ കാര്യമായ വ്യതിയാനമില്ലാതിരുന്ന വില അവസാന ദിനങ്ങളില്‍ ആഗോള വിപണിയുടെ ചുവടുപിടിച്ചു കുറഞ്ഞു. കിലോയ്ക്ക് 28,500 രൂപ. കഴിഞ്ഞവാരം കുറഞ്ഞത് 250 രൂപ.
കുരുമുളക്
കുരുമുളക് വിലയില്‍ കാര്യമായ വ്യതിയാനമില്ല. കിലോയ്ക്ക് 13,000 രൂപയില്‍ത്തന്നെ നില്‍ക്കുന്നു.
വെളിച്ചെണ്ണ
വെളിച്ചെണ്ണ വിലയും കുറഞ്ഞു. 5050 രൂപയായിരുന്ന വില വാരാവസാനം 5000 രൂപയായി കുറഞ്ഞു. പാമോയില്‍ ഇറക്കുമതി വര്‍ധിച്ചതാണു വില കുറയാന്‍ കാരണമെന്നു നിഗമനം.
റബര്‍
റബര്‍ വിലയില്‍ സമീപകാലത്തെ വലിയ ഇടിവ്. നാലാം ഗ്രെയ്ഡിന് ഒരാഴ്ചകൊണ്ട് ക്വിന്‍റലിന് 400 രൂപയോളമാണു കുറഞ്ഞത്. 13,900 രൂപയായിരുന്ന വില 13,500 രൂപയില്‍ എത്തി. അഞ്ചാം ഗ്രെയ്ഡിനു വില 12,650 രൂപ. 300 രൂപയാണു കഴിഞ്ഞവാരം കുറഞ്ഞത്.
Close...
Maximum Character Allowed -
4000