Saturday, September 04, 2010   5:43 AM IST
Supplements
Home>> Regional>> Kozhikode
Kozhikode
അഭിനന്ദനമൊഴിയാതെ ശരവണം
Wednesday, January 27, 2010
|
|
|
തലശേരി

അഭിനന്ദനങ്ങളുടെ നിലയ്ക്കാത്ത പ്രവാഹമാണു സംഗീത സംവിധായകന്‍ കെ. രാഘവന്‍ മാസ്റ്ററുടെ “ശരവണ’ത്തിലേക്ക്. പദ്മശ്രീ നല്‍കി രാഷ്ട്രം കെ. രാഘവന്‍ മാസ്റ്ററെ ആദരിയ്ക്കുമ്പോള്‍, ആദരിക്കപ്പെടുന്നതു മലയാളിയുടെ സംഗീതാരാധന കൂടി. മലയാള സിനിമയ്ക്കും അഭിമാനിക്കാനേറെ. അത്രമേല്‍ ഇഴയടുപ്പമുണ്ടു രാഘവന്‍ മാസ്റ്ററുടെ ജീവിതവും മലയാള സിനിമയും തമ്മില്‍.

തലശേരിക്കടുത്ത തലായില്‍ 1914ലായിരുന്നു രാഘവന്‍ മാസ്റ്ററുടെ ജനനം. അച്ഛന്‍- പാട്ടുകാരന്‍ കൃഷ്ണന്‍. അമ്മ- കുപ്പച്ചി. ബ്രണ്ണന്‍ സ്കൂളില്‍ പഠിക്കുമ്പോള്‍ രാഘവന്‍റെ സര്‍ഗശേഷി ചരിത്രാധ്യാപകന്‍ സുബ്രഹ്മണ്യ അയ്യര്‍ തിരിച്ചറിഞ്ഞു.

അദ്ദേഹമായിരുന്നു നിന്‍റെ പണി സംഗീതമാണെന്നു പറഞ്ഞു രാഘവനെ സംഗീത പഠനത്തിനു പ്രോത്സാഹിപ്പിച്ചത്. തേഡ് ഫോറത്തോടെ ഔപചാരിക വിദ്യാഭ്യാസം അവസാനിപ്പിച്ച രാഘവന്‍ പൂര്‍ണമായും സംഗീതത്തിലേയ്ക്കു തിരിഞ്ഞു. തലശേരിയിലെ അറിയപ്പെടുന്ന സംഗീതജ്ഞനായ പി.എസ്. നാരായണ അയ്യരുടെ ശിഷ്യനായി ശാസ്ത്രീയ സംഗീതം അഭ്യസിച്ചു. അഞ്ചു വര്‍ഷക്കാലം നീണ്ടുനിന്ന സംഗീതപഠനമാണു രാഘവനിലെ ഗായകനെ വളര്‍ത്തിയത്. പിന്നീട് ആകാശവാണിയില്‍ ചേര്‍ന്നു. ആകാശവാണി വഴിയുണ്ടായ ബന്ധങ്ങള്‍ രാഘവന്‍ മാസ്റ്ററെ സിനിമയോടടുപ്പിച്ചു. മദിരാശി ആകാശവാണിയില്‍നിന്നു ഡല്‍ഹിയിലേയ്ക്കും പിന്നീടു കോഴിക്കോട്ടേക്കും മാറി. കോഴിക്കോട്ടു വച്ചാണു പി. ഭാസ്കരനെ പരിചയപ്പെട്ടത്. ഈ സൗഹൃദമാണു കെ. രാഘവന്‍റെ സംഗീത ജീവിതം മാറ്റിമറിച്ചത്.

നീലക്കുയിലിലെ ഗാനങ്ങള്‍ രാഘവന്‍ മാസ്റ്ററെ ശ്രദ്ധേയനാക്കി. ശേഷം ഒട്ടേറ ഗാനങ്ങള്‍ അദ്ദേഹം മലയാളിക്കു സമ്മാനിച്ചു. കായലരികത്തു വലയെറിഞ്ഞപ്പോള്‍, എല്ലാരും ചൊല്ലണ്, എങ്ങിനെ നീ മറക്കും,.. ഇങ്ങനെ ഒരുനാളും മരിക്കാത്ത ഒട്ടേറെ ഗാനങ്ങള്‍ക്ക് അദ്ദേഹം അവിസ്മരണീയത നല്‍കി.

1973ലും 77ലും മികച്ച സംഗീത സംവിധായകനുള്ള സംസ്ഥാന സര്‍ക്കാര്‍ പുരസ്കാരം രാഘവന്‍ മാസ്റ്ററെ തേടിയെത്തി. 1981ല്‍ കേരള സംഗീത നാടക അക്കാദമി ഫെല്ലോഷിപ് നല്‍കി ആദരിച്ചു. 1986ല്‍ കെപിഎസിയുടെ പാഞ്ചാലി എന്ന നാടകത്തിലെ സംഗീതത്തിനു സംസ്ഥാന നാടക പുരസ്കാരം ലഭിച്ചു.

1998ല്‍ ചലച്ചിത്ര രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള ജെ.സി. ഡാനിയേല്‍ പുരസ്കാരം. നേട്ടങ്ങളുടെ പട്ടിക നീളുന്നു. 1976ല്‍ കോഴിക്കോട് ആകാശവാണിയില്‍നിന്നു വിരമിച്ച രാഘവന്‍ മാസ്റ്റര്‍ ഇപ്പോള്‍ തലശേരി ജഗന്നാഥ ക്ഷേത്രത്തിനു സമീപത്തെ ശരവണത്തിലാണു വിശ്രമജീവിതം. അഭിനന്ദിക്കുന്നവര്‍ക്കെല്ലാം കൂപ്പുകൈയുമായി...
|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code