ജോസഫ് റോയ്
നാലപ്പാട്ട് തറവാട്ടിലെ ചിത്രകാരി വീണ്ടും ബ്രഷ് കൈയിലെടുത്തു. മൂന്നു വര്‍ഷത്തെ ഇടവേളയുടെ വിരസത വിരലുകളെ ബാധിച്ചിട്ടേയില്ല. പക്ഷേ, മനസു നിറയെ ചിത്രങ്ങളാണ്. അതെല്ലാം ഒറ്റശ്വാസത്തില്‍ വരച്ചു തീര്‍ക്കണമെന്നുണ്ട് ചിത്രകാരിക്ക്. അക്ഷരങ്ങളുമായിട്ടായിരുന്നല്ലോ കുറച്ചുകാലമായി സഹവാസം. കാലമേറെയായതുകാണ്ടാവാം നിറങ്ങളുടെ വാസനയ്ക്കു രസമേറിയിരിക്കുന്നു, നീര്‍മാതളപ്പൂവിന്‍റെ മണത്തെക്കുറിച്ചു വല്യമ്മ പറഞ്ഞതുപോലെ. ഈ തറവാട്ടില്‍ ജനിച്ചവരൊക്കെ ഇങ്ങനെയാണ്. ആരും കാണാത്തതു കാണും. മറ്റാരും കേട്ടിട്ടില്ലാത്തതു കേള്‍ക്കും. സാഹിത്യ കുലപതി നാലപ്പാട്ട് നാരായണ മേനോന്‍ മുതല്‍ എഴുത്തും വരയും ഒരു പോലെ വഴങ്ങുന്ന കൊച്ചുമകള്‍ അനുരാധ നാലപ്പാട്ട് വരെ എല്ലാവരും അങ്ങനെയാണ്. മാധവിക്കുട്ടിയുടെ സഹോദരി സുലോചന നാലപ്പാട്ടിന്‍റെ മകളാണ് അനുരാധ.
കവിതയും കഥയുമായിരുന്നു കുറച്ചുകാലം അനുരാധയുടെ ലോകം. ചിത്ര രചനയില്‍ നിന്നു പൂര്‍ണമായും വിട്ടു നില്‍ക്കുകയായിരുന്നു. അക്ഷരങ്ങളില്‍ നീരാടിയിറങ്ങിയപ്പോള്‍ അനുരാധയ്ക്ക് നിറങ്ങളോടു പ്രണയം നിറഞ്ഞു. പെയ്ന്‍റിങ് തുടങ്ങി. സ്ത്രൈണതയും പൗരുഷവുമായുള്ള സംഘര്‍ഷവും സ്വരച്ചേര്‍ച്ചയുമായിരുന്നു വിഷയം. ആകാശത്തെ വരിക്കുന്ന ഭൂമിയും നല്ലതും ചീത്തയുമെല്ലാം നിറങ്ങളില്‍ സല്ലപിച്ചു, തര്‍ക്കിച്ചു. ചൈനീസ് താവോയിസ്റ്റ് ഫിലോസഫി പ്രകാരം യിന്‍ - യാന്‍ സങ്കല്‍പ്പത്തില്‍ ചിത്രങ്ങള്‍ വരച്ചു. ഇടവേളയ്ക്കു ശേഷം വരച്ച ചിത്രങ്ങളുമായി ബംഗളുരുവില്‍ നിന്നു കൊച്ചിയിലെത്തി. ദ് എര്‍ത്ത് ഡേറ്റ്സ് ദ് സ്കൈ എന്ന പേരില്‍ ചിത്രപ്രദര്‍ശനം നടത്തി. വരയില്‍ നിന്ന് എഴുത്തിലേക്കും പിന്നീടു വീണ്ടും വര്‍ണങ്ങളുടെ ലോകത്തേയ്ക്കുമുള്ള യാത്രയുടെ ത്രില്ലിലാണ് നാലപ്പാട്ടെ ചിത്രകാരി.
വരയില്ലാത്ത കാലത്തു കവിതകളും കഥകളും ലേഖനങ്ങളുമെഴുതി. അടുത്തു തന്നെ പൂര്‍ണ പബ്ലിക്കേഷന്‍സ് അനുരാധയുടെ കഥാസമാഹാരം പ്രസിദ്ധീകരിക്കും. അമ്മ സുലോചന നാലപ്പാട്ടാണ് കഥകളുടെ തര്‍ജമ നിര്‍വഹിച്ചിരിക്കുന്നത്. തര്‍ജമയുടെ കാര്യത്തില്‍ അമ്മയ്ക്കു പൂര്‍ണ സ്വാതന്ത്ര്യം നല്‍കി. താന്‍ എഴുതിയതിനേക്കാളും ഗംഭീരമായി അമ്മ തര്‍ജമ ചെയ്തുവെന്ന് അനുരാധ. പേരിനൊപ്പം നാലപ്പാട്ട് എന്ന വീട്ടുപേരുള്ളതുകൊണ്ട് പൊതുശ്രദ്ധ കൂടുതല്‍ ലഭിച്ചു. മനോഹരമായി എഴുതുന്നവരും ഭംഗിയായി വരയ്ക്കുന്നവരും ഒട്ടേറെയുണ്ട്. അവരെല്ലാം ശ്രദ്ധിക്കപ്പെടണം. - അനുരാധ പറയുന്നു.
ബംഗളുരുവിലാണ് അനുരാധ ഇപ്പോള്‍ കുടുംബ സമേതം താമസം. എഴുത്തു വിട്ടു ചിത്ര രചനയിലേക്കു തിരിഞ്ഞപ്പോള്‍ അവയെല്ലാം എറണാകുളത്തു പ്രദര്‍ശിപ്പിക്കണമെന്നു തീരുമാനിച്ചു. അതിനാണ് ഇപ്പോള്‍ കൊച്ചിയിലെത്തിയത്. ഏറ്റവുമൊടുവില്‍ കൊച്ചിയില്‍ ചിത്രവുമായെത്തിയത് 2005 ഓഗസ്റ്റിലായിരുന്നു. അച്ഛന്‍ സി.വി ഉണ്ണികൃഷണനൊപ്പം. ഇത്തവണ വീണ്ടുമെത്തിയപ്പോള്‍ രോഗബാധിതനായി അദ്ദേഹം ചികിത്സയിലാണ്. ചിത്ര രചനയിലെ ഗുരുവായ അച്ഛന്‍ പ്രദര്‍ശനം കാണാനെത്താത്തത് അനുരാധയുടെ ദു:ഖം.
ഇരുപത്തെട്ടു ചിത്രങ്ങളില്‍ ആറെണ്ണം പെന്‍സില്‍ ഡ്രോയിങ്ങുകള്‍. ഗോള്‍ഡന്‍ സ്പൈറല്‍,റിമെംബര്‍ ഇറ്റ് വാസ് ഈസി, വാം ഫ്ളൂയിഡ് ലൈറ്റ്, വോ ഇറ്റ്സ് ദി എഡ്ജ്, ഓ വാഹ് വോ,എര്‍ത്ത് മീറ്റ്സ് സ്കൈ എന്നിവയാണ് മറ്റു സൃഷ്ടികള്‍.
Close...
Maximum Character Allowed -
4000