നാണയമൂല്യം: ചൈനയ്ക്കെതിരേ കടുത്ത നിലപാട്
Friday,
February 05,
2010
വാഷിങ്ടണ്‍
നാണയമൂല്യം ഉള്‍പ്പെടെയുള്ള വാണിജ്യ പ്രശ്നങ്ങളില്‍ ചൈനയ്ക്കെതിരേ കര്‍ശന നിലപാടു സ്വീകരിക്കുമെന്ന് യുഎസ് പ്രസിഡന്‍റ് ബരാക് ഒബാമ. ഇരുരാജ്യങ്ങള്‍ക്കും ഗുണകരമാകുംവിധം വിപണി തുറന്നു നല്‍കുന്നതിനു ചൈന ഉള്‍പ്പെടെയുള്ള രാജ്യങ്ങളുടെമേല്‍ സമ്മര്‍ദം ശക്തമാക്കും.
വിപണി മത്സരത്തില്‍ യുഎസ് ഉത്പന്നങ്ങള്‍ക്കു ദോഷം ഉണ്ടാകാത്ത വിധത്തില്‍ നിലവിലുള്ള നിയമങ്ങള്‍ കര്‍ശനമായി പാലിക്കപ്പെടുന്നെന്ന് ഉറപ്പുവരുത്താനുള്ള നടപടികളും ഉണ്ടാകും. മറ്റു രാജ്യങ്ങളുടെ വിപണിയില്‍ യുഎസ് ഉത്പന്നങ്ങള്‍ക്കു കൃത്രിമ വിലവര്‍ധന ഉണ്ടാക്കുന്ന തരത്തില്‍ മറ്റുള്ള രാജ്യങ്ങള്‍ വിനിമയനിരക്കു നിശ്ചയിക്കുന്നതാണ് യുഎസ് നേരിടുന്ന പ്രധാന വാണിജ്യ പ്രതിസന്ധിയെന്നും ഒബാമ പറഞ്ഞു. സെനറ്റിലെ ഡെമൊക്രറ്റ് അംഗങ്ങളെ അഭിസംബോധന ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഈ വിധത്തില്‍ വിനിമയനിരക്കു നിശ്ചയിക്കുന്നതു ബന്ധപ്പെട്ട രാജ്യങ്ങളുടെ ഉത്പന്നങ്ങള്‍ക്കു അന്താരാഷ്ട്ര വിപണിയില്‍ വിലകുറയാന്‍ കാരണമാകും. എന്നാല്‍, ചൈനയ്ക്കെതിരേ വിവേചനാപരമായ സംരക്ഷണ നടപടികള്‍ സ്വീകരിക്കില്ല.
വിനിമയ നിരക്കിന്‍റെ കാര്യത്തില്‍ കൃത്രിമം കാണിക്കുന്ന രാഷ്ട്രമായി ചൈനയെ പ്രഖ്യാപിക്കണമെന്നു പ്രമുഖ റിപ്പബ്ളിക്കന്‍ സെനറ്റര്‍ ചാള്‍സ് ഗ്രാസ്ലി നേരത്തേ ആവശ്യപ്പെട്ടിരുന്നു.
പ്രമുഖ രാജ്യങ്ങളുടെ കറന്‍സികളുമായി താരതമ്യം ചെയ്യുമ്പോള്‍ ചൈനീസ് കറന്‍സി യുവാന്‍റെ മൂല്യം 30 ശതമാനം കുറവാണെന്നു പീറ്റേഴ്സണ്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ഇന്‍റര്‍നാഷനല്‍ ഇക്കണോമിക്സ് വിലയിരുത്തിയിട്ടുണ്ട്. ഡോളറുമായി താരത്യപ്പെടുത്തുമ്പോള്‍ യുവാന്‍റെ മൂല്യം 40 ശതമാനം കുറവാണ്. യുവാന്‍റെ വിനിമയനിരക്കു സംബന്ധിച്ച കാര്യങ്ങള്‍ ചര്‍ച്ചചെയ്യാന്‍ ഏഴു സമ്പന്ന രാജ്യങ്ങളുടെ ധനകാര്യ മന്ത്രിമാരും റിസര്‍വ് ബാങ്ക് ഗവര്‍ണര്‍മാരും ഈമാസം ക്യാനഡയില്‍ യോഗം ചേരും.
നാണയപ്രശ്നത്തില്‍ കര്‍ശന നിലപാടു സ്വീകരിക്കുമെന്ന ഒബാമയുടെ പ്രഖ്യാപനം സീനോ-യുഎസ് ബന്ധം കൂടുതല്‍ വഷളാക്കും.
ചൈനയുടെ ഇന്‍റര്‍നെറ്റ് സെന്‍സറിങ് നയം, തായ്വാന് ആയുധം വില്‍ക്കാനുള്ള യുഎസ് നീക്കം, ടിബറ്റന്‍ ആത്മീയ നേതാവ് ദലൈലാമയുമായി കൂടിക്കാഴ്ച നടത്താനുള്ള ഒബാമയുടെ തീരുമാനം തുടങ്ങിയ കാര്യങ്ങള്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാകാന്‍ കാരണമായിട്ടുണ്ട്.
Close...
Maximum Character Allowed -
4000