Sunday, March 14, 2010   6:30 AM IST
Supplements
Home>> Headlines
Latest News
പാചകവാതകം പൂഴ്ത്തിവയ്പ്പ് തുടങ്ങി
Saturday, February 06, 2010
|
|
|
തിരുവനന്തപുരം

പെട്രോളിയം ഉത്പന്നങ്ങളുടെ വിലവര്‍ധന ഉറപ്പായതോടെ പാചക വാതകം പൂഴ്ത്തിവയ്പ്പ് തുടങ്ങി. ലോക്കല്‍ ഏജന്‍സികളാണു പൂഴ്ത്തിവയ്പ്പാരംഭിച്ചത്. അടുത്ത ആഴ്ച കേന്ദ്ര മന്ത്രിസഭാ യോഗം ചേരുമ്പോള്‍ വില വര്‍ധന അം ഗീകരിക്കുമെന്നാണു കരുതുന്നത്. കിരിത് പരേഖ് കമ്മിറ്റിയുടെ റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്യുന്നതു പോലെ നൂറുരൂപയുടെ വര്‍ധന വന്നില്ലെങ്കിലും അതിനോടടുത്തുള്ള വര്‍ധന ഏജന്‍സികള്‍ പ്രതീക്ഷിക്കുന്നുണ്ട്.

പാചകവാതകം ബുക്ക് ചെയ്താല്‍ ഒരാഴ്ചയ്ക്കകം വിതരണം നടത്തണമെന്നാണു നിലവിലുള്ള നിര്‍ദേശം. എന്നാല്‍ വ്യാഴാഴ്ച മുതല്‍ ബുക്കിങ് നടത്തിയവരോടു ഷോര്‍ട്ടേജുണ്ടെന്നും അല്‍പ്പം വൈകുമെന്നുമാണ് ഏജന്‍സികള്‍ അറിയിച്ചത്. എന്നാല്‍ ഇന്നലെ വരെ പെട്രോളിയം കമ്പനികള്‍ പാചകവാതക സിലിണ്ടര്‍ വിതരണത്തില്‍ കുറവു വരുത്തിയിട്ടില്ല. ഇന്‍ഡന്‍റ് അനുസരിച്ചു കൃത്യമായി സ്റ്റോക്ക് നല്‍കിയിട്ടുണ്ട്.

ഒരാഴ്ചയോളം വിതരണം നടത്താതിരുന്നാല്‍ വിലവര്‍ധന വരുമ്പോള്‍ കൂടിയ വില ഈടാക്കാന്‍ കഴിയും. ഇതനുസരിച്ച് ഏജന്‍സികള്‍ക്കു ലഭിക്കുന്ന കമ്മിഷനും ഉയരും. ഇതിനായാണു വിതരണം വൈകിപ്പിക്കുന്നത്. ഭാരത് പെട്രോളിയം, ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍, ഹിന്ദുസ്ഥാന്‍ പെട്രോളിയം തുടങ്ങിയ കമ്പനികളാണു കേരളത്തിലെ പാചക വാതക വിതരണത്തിലെ പ്രമുഖര്‍.

കഴിഞ്ഞ കാലങ്ങളില്‍ സമരസമയങ്ങളിലല്ലാതെ സ്റ്റോക്കില്‍ ഷോര്‍ട്ടേജ് വരുത്താതെയാണു വിതരണം നടത്തിവന്നിരുന്നത്. ഇടയ്ക്കു പെട്രോളിയം കമ്പനികള്‍ വിതരണത്തില്‍ പാകപ്പിഴകള്‍ വരുത്തിയപ്പോള്‍ സര്‍ക്കാര്‍ ഇടപെട്ടിരുന്നു. ഇത്തവണയും സ്റ്റോക്ക് സംബന്ധിച്ചും കൃത്യസമയത്തു വിതരണം നടത്തുന്നുണ്ടോ എന്നും പരിശോധിക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കുമെന്നാണറിയുന്നത്.
|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code