Thursday, February 09, 2012   4:55 AM IST
Supplements
Home>> Regional>> Kochi
Kochi
നിരത്തില്‍ വീണ്ടും മനുഷ്യക്കുരുതി ആരുണ്ട് തടയാന്‍?
Sunday, February 07, 2010
|
|
|
കൊച്ചി

സ്വന്തം ലേഖകന്‍

പഴയ കണക്കുകളിലൊന്നും പ്രസക്തിയില്ല. മരിച്ചവര്‍, പരുക്കേറ്റവര്‍, ഇനിയൊരിക്കലും കിടക്കയില്‍ നിന്ന് അനങ്ങാന്‍ പോലുമാകാതെ ജീവച്ഛവമായവര്‍... അവരില്‍ കുട്ടികളുണ്ട്, സ്ത്രീകളുണ്ട്, ഗൃഹനാഥന്മാരുണ്ട്, വൃദ്ധജനങ്ങളുണ്ട്. പക്ഷേ, ഒന്നും നമുക്കു പാഠമാകുന്നില്ല. ഇന്നലെയും കൊച്ചി നഗരത്തിന്‍റെ നിരത്തില്‍ ഒരു ജീവന്‍ പൊലിഞ്ഞു. ബാങ്കിലേക്കു ജോലിക്കു പോയ യുവതി സ്വകാര്യ ബസിന്‍റെ അടിയില്‍പ്പെട്ടു ദാരുണമായി ചതഞ്ഞരഞ്ഞു മരിച്ചു.

നഗരങ്ങളില്‍ അപകടങ്ങള്‍ അസാധാരണമല്ല. എന്നാല്‍ സൗത്ത് പൊലീസ് സ്റ്റേഷനു തൊട്ടുമുന്നില്‍ നടന്ന അപകടം നടന്നിട്ടും പൊലീസ് അറിഞ്ഞതു മണിക്കൂറുകള്‍ക്കുശേഷം. അപ്പോഴും നിസംഗത. അതൊക്കെ അങ്ങനെ കിടക്കും എന്ന മട്ട്. ഈ ബസുകള്‍ കുറേക്കാലം മര്യാദരാമന്മാരായിരുന്നു. വീണ്ടും മരണപ്പാച്ചില്‍ തുടങ്ങിയതു കണ്ടില്ലേ എന്നു ചോദിച്ചപ്പോള്‍ ഉത്തരം " അവരുടെ കാര്യം നോക്കേണ്ടേ..!' അതെ. ജീവന്‍ വേണമെങ്കില്‍ ബസുകാരല്ലാത്തവര്‍ സ്വയം സൂക്ഷിക്കണമെന്ന്.

അപകടത്തിനു കാരണക്കാരായവര്‍ രക്ഷപ്പെടുന്ന പതിവു കാഴ്ചായാണു കൊച്ചിയില്‍. നിയമപാലകരുടെ ശൂരത്വം മുന്‍നിശ്ചയിച്ച പ്രകാരം എവിടെയെങ്കിലും ഒതുക്കിയിട്ടിരിക്കുന്ന വാഹനം കസ്റ്റഡിയിലെടുക്കുന്നതിലൊതുങ്ങും. അപകടത്തിനു കാരണക്കാരായവര്‍ ജീവനും കൊണ്ടു രക്ഷപെടുമെന്നാണു പൊലീസ് പറയുന്നത്. അപകടത്തില്‍പ്പെട്ടവരെ രക്ഷിക്കണോ, അതോ കുറ്റക്കാരെ പിടിക്കണോ? അവര്‍ ചോദിക്കുന്നു. ചോദ്യം ന്യായം. പക്ഷേ രക്ഷിക്കാനുമെത്തുന്നില്ലെങ്കില്‍? ഇന്നലെ അതും നഗരം കണ്ടു.

നഗരത്തിലെ സ്വകാര്യ ബസ് ജീവനക്കാരും നിയമപാലകരും ഒറ്റക്കെട്ടാണെന്ന പരാതി നേരത്തേയുണ്ട്. ഇതിനു ബലം കൂട്ടുന്നതാണ് ഇന്നലത്തെ സംഭവം. അപകടത്തില്‍പ്പെട്ട ബസിലെ ജീവനക്കാര്‍ അരമണിക്കൂറോളം അപകടസ്ഥലത്തിനു സമീപമുണ്ടായിട്ടും ഏമാന്മാര്‍ ഇവരെ കണ്ടില്ലെന്ന മട്ടിലാണു പെരുമാറിയത്. ആളുകള്‍ കൂടിയതോടെ കിട്ടിയ വാഹനത്തില്‍ക്കയറി ഇവര്‍ രക്ഷപെട്ടു. അപ്പോഴാണ് ഇവരെക്കുറിച്ച് അന്വേഷിക്കുന്നതും ബസ് കസ്റ്റഡിയിലെടുക്കുന്നതും.

അഞ്ചുമാസം മുന്‍പു കലൂര്‍ സ്റ്റാന്‍ഡിലുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചതിനെത്തുടര്‍ന്നു കടുത്ത പ്രതിഷേധമുണ്ടായപ്പോഴാണു മൂന്നാഴ്ച കഴിഞ്ഞാണു കുറ്റക്കാരെ അറസ്റ്റ് ചെയ്തത്. നഗരത്തിലെ ബസ് ജീവനക്കാരില്‍ ഏറിയ പങ്കും ക്രിമിനല്‍ കേസുകളിലെ പ്രതികളാണെന്നു പൊലീസ് തന്നെ സമ്മതിക്കുന്നുണ്ട്.

ഹൈക്കോടതി ഉത്തരവു പ്രകാരം ഘടിപ്പിച്ച സ്പീഡ് ഗവേണറുകള്‍ പ്രവര്‍ത്തനരഹിതമാക്കിയാണു സ്വകാര്യ ബസുകള്‍ നഗരത്തില്‍ സര്‍വീസ് നടത്തുന്നത്. സ്പീഡ് ഗവേണറുകളിലേക്കുള്ള കണക്ഷന്‍ വിച്ഛേദിക്കാതെ തന്നെ പോയിന്‍റ് ഉപയോഗിച്ചു പ്രവര്‍ത്തനം തടയുന്ന മാര്‍ഗം അവലംബിച്ചാണു മത്സരയോട്ടം. നഗരപരിധിയില്‍ വേഗത 35 കിലോമീറ്ററും പുറത്തു 60 കിലോമീറ്ററും ആയി നിജപ്പെടുത്തിയിട്ടുണ്ടെങ്കിലും 60 കിലോമീറ്ററിനപ്പുറം സ്പീഡില്‍ നഗരത്തിലെ ബസുകള്‍ പായുന്നു. വശങ്ങളില്‍ അടിച്ചു ശബ്ദമുണ്ടാക്കി മറ്റു വാഹനങ്ങളെ ഭീതിയാലാഴ്ത്തി തങ്ങള്‍ക്കു വഴിയുണ്ടാക്കുന്നവരെ നിയന്ത്രിക്കാന്‍ കെഎസ്ആര്‍ടിസി സിറ്റി ബസ് ഓടിക്കണമെന്ന ആവശ്യം അടുത്തിടെ വ്യാപകമായിട്ടുണ്ട്.

പരസ്യമായി നിയമലംഘനം നടത്തു ന്ന ബസുകളെപ്പറ്റി രേഖാമൂലം പരാതി നല്‍കിയാലും വാദി പ്രതിയാകുമെന്നതാണു സ്ഥിതി. സ്വകാര്യ ബസുകളിലെ പ്രശ്നങ്ങളെപ്പറ്റി പരാതി നല്‍കിയാല്‍ ഭീഷണികള്‍ ഫോണിലൂടെയ്ത്തുമെന്നാണ് അനുഭവം. പരാതി പുസ്തകം, ഫസ്റ്റ് എയ്ഡ് ബോക്സ്, പഞ്ചിങ് കാര്‍ഡ്, കൃത്യമായ സ്റ്റോപ്പുകള്‍ എന്നിവ നിര്‍ബന്ധമാക്കി മോട്ടോര്‍ വാഹനവകുപ്പു മാര്‍ഗരേഖ പുറപ്പെടുവിച്ചെങ്കിലും ഇവയൊന്നും പാലിക്കപ്പെടുന്നില്ല. കാക്കി ധരിക്കുന്ന ജീവനക്കാരുടെ എണ്ണം കുറഞ്ഞു.

എന്തായാലും സ്വകാര്യ ബസുകള്‍ കൊലയാളികളായി മാറുന്നുവെന്ന യാഥാര്‍ഥ്യം നഗരത്തില്‍ ഇപ്പോഴും അവശേഷിക്കുന്നു. ഇടയ്ക്കൊന്ന് അടങ്ങിയാലും അവരുടെ തനിസ്വഭാവം പതിയെ വീണ്ടും പുറത്തുവരുമെന്നതിനു തെളിവാണ് ഇന്നലത്തെ ദുരന്തം.



|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code