ലോ- ഫ്ളോര്‍ ബസ് ലാഭത്തിലാക്കാന്‍ ഗതാഗതവകുപ്പ് ഇടപെടുന്നു
Tuesday,
February 09,
2010
തിരുവനന്തപുരം
സ്വന്തം ലേഖകന്‍
ലോ-ഫ്ളോര്‍ ബസ് സര്‍വീസ് കൂടുതല്‍ ലാഭത്തിലാക്കാന്‍ വീണ്ടും ഗതാഗത വകുപ്പിന്‍റെ ഇടപെടല്‍. ജനങ്ങളുടെ അഭിപ്രായം മാനിച്ചു ബസ് ചാര്‍ജിനെക്കുറിച്ചും റൂട്ട് ക്രമീകരണത്തെക്കുറിച്ചും തീരുമാനിക്കാനാണു ഗതാഗത വകുപ്പു ശ്രമിക്കുന്നത്. കഴിഞ്ഞ ദിവസം ഗതാഗത മന്ത്രിതന്നെ ഇക്കാര്യം വ്യക്തമാക്കി.
നഷ്ടത്തിലോടുന്ന ലോ-ഫ്ളോര്‍ ബസുകള്‍ തിരുവനന്തപുരത്തു നിന്നു പിന്‍വലിക്കാനുള്ള നീക്കമുണ്ടായിരുന്നു. ഇതിനെതിരേ ഉയര്‍ന്ന പ്രതിഷേധമാണു പുതിയ തീരുമാനമെടുക്കാന്‍ ഗതാഗത വകുപ്പിനെ പ്രേരിപ്പിച്ചത്. ജനങ്ങളുടെ അഭിപ്രായ സര്‍വെ നടത്തും. മാധ്യമ പ്രതിനിധികളുടെ നിര്‍ദേശങ്ങളും സ്വീകരിക്കും. ലോ-ഫ്ളോറിലേക്കു കൂടുതല്‍ യാത്രക്കാരെ ആകര്‍ഷിക്കാനുള്ള എല്ലാ നടപടികളും സ്വീകരിക്കും. ലോ-ഫ്ളോര്‍ ബസുകളുടെ നിരക്കു കുറയ്ക്കുന്ന കാര്യവും പരിഗണിക്കാന്‍ സാധ്യത. എന്നാല്‍ ലോ-ഫ്ളോര്‍ നഷ്ടത്തിലല്ലെന്നാണു കെഎസ്ആര്‍ടിസിയുടെ വാദം. പ്രതിദിനം ലഭിക്കുന്ന കളക്ഷന്‍ പ്രതീക്ഷയ്ക്കൊത്തുള്ളതാണ്. എന്നാല്‍ കളക്ഷന്‍ തുകയേക്കാള്‍ ചെലവു വരുന്നതിനാലാണു നഷ്ടം സംഭവിക്കുന്നത്.
ജനുവരി വരെ 6,14,174 രൂപയാണു ലോ-ഫ്ളോറുകളുടെ നഷ്ടം. ഒരു ബസിനു 85 ലക്ഷം രൂപയാണു വില. ശരാശരി വരുമാനം എല്ലാ റൂട്ടുകളില്‍ നിന്നും ലഭിക്കുന്നുണ്ട്. എന്നാല്‍ ഈ തുക ബസിന്‍റെ അറ്റകുറ്റപ്പണി, ഡീസല്‍, ജീവനക്കാര്‍ എന്നിവരുടെ ശമ്പളം മുതലായവയ്ക്ക് അപര്യാപ്തമാണ്. കിലോ മീറ്ററിനു 48 രൂപയാണ് ഇത്തരം ചെലവുകള്‍ക്കു കണക്കാക്കുന്നത്. എന്നാല്‍ ഇപ്പോള്‍ ലഭിക്കുന്നത് 24 രൂപ മാത്രം.
ലക്ഷ്വറി സര്‍വീസ് എന്ന നിലയിലല്ല ലോ-ഫ്ളോര്‍ ബസിനെ കെഎസ്ആര്‍ടിസി കണക്കാക്കിയത്. സ്വന്തം കാറിലുള്ള യാത്രപോലെ ജനങ്ങള്‍ക്കു ബസിലും യാത്ര സജ്ജീകരിക്കുക എന്നതായിരുന്നു ലക്ഷ്യം. നമ്മുടെ നാട്ടില്‍ ഒരാളിന്‍റെ ആവശ്യത്തിനുപോലും ആളുകള്‍ കാര്‍ ഉപയോഗിക്കുന്നു. ഈ കാറുകള്‍ പാര്‍ക്കു ചെയ്യാന്‍ നഗരത്തില്‍ സ്ഥലമില്ല. അപ്പോള്‍ കാറിലേതുപോലെ ഒരു യാത്ര ജനങ്ങള്‍ക്കു ബസില്‍ ലഭിക്കുകയാണെങ്കില്‍ എല്ലാവരും കാര്‍ അധികമായി ഉപയോഗിക്കില്ല. അതിലൂടെ നഗരത്തിലെ പാര്‍ക്കിങ് പ്രശ്നവും ഗതാഗതക്കുരുക്കും പരിഹരിക്കാനാകും എന്നതും കെഎസ്ആര്‍ടിസിയുടെ പ്രതീക്ഷയായിരുന്നു. പുതിയ നീക്കങ്ങളിലൂടെ ഇതു സാക്ഷാത്കരിക്കാനാകുമെന്നു കെഎസ്ആര്‍ടിസി അധികൃതര്‍ കരുതുന്നു.
പുതിയ 17 ലോ- ഫ്ളോര്‍ ബസുകള്‍കൂടി ഉടന്‍ നിരത്തിലിറക്കും. ഇതില്‍ 11 ബസുകള്‍ എസി ഇല്ലാത്തവയാണ്. എസി ഇല്ലാത്ത ബസുകളുടെ ചാര്‍ജ് സാധാരണക്കാര്‍ക്കും പ്രാപ്യമായ രീതിയിലായിരിക്കും. തിരുവനന്തപുരത്തും കൊച്ചിയിലും ഈ പരീക്ഷണം ഉണ്ടാകും. എസി ലോ-ഫ്ളോര്‍ ബസുകള്‍ക്കു തിരുവനന്തപുരത്തേതിനേക്കാള്‍ മികച്ച പ്രതികരണമാണു കൊച്ചിയില്‍ ലഭിക്കുന്നത്.
Close...
Maximum Character Allowed -
4000