Friday, March 12, 2010   10:57 AM IST
Supplements
Home>> News>> Kerala News
Kerala News
മൂന്നാര്‍: സര്‍വകക്ഷിയോഗം വിളിക്കണം
Tuesday, February 09, 2010
|
|
|
തിരുവനന്തപുരം

മൂന്നാര്‍ പ്രശ്നപരിഹാരത്തിന് അടിയന്തരമായി സര്‍വക്ഷി യോഗം വിളിക്കണമെന്നു പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടി. കോടിക്കണക്കിനു രൂപയുടെ സര്‍ക്കാര്‍ ഭൂമി തട്ടിയെടുത്തിട്ടും അതു തിരിച്ചെടുക്കുന്നതിന് ഒരു നടപടിയും സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയാറാകുന്നില്ലെന്നും ഉമ്മന്‍ചാണ്ടി കുറ്റപ്പെടുത്തി.

ടാറ്റയുടെ കൈയില്‍ 50,000 ഏക്കര്‍ ഉണ്ടെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. അധികാരത്തിലെത്തിയിട്ട് നാലു വര്‍ഷമായിട്ടും സര്‍വെ നടപടികള്‍ പോലും പൂര്‍ത്തിയായില്ല. എതു മകന്‍റെ സ്വാധീനം കൊണ്ടാണ് അദ്ദേഹം മിണ്ടാതിരിക്കുന്നത്. സര്‍വെ ഇനിയും പൂര്‍ത്തിയാവാത്തത് മുഖ്യമന്ത്രിക്ക് നാണക്കേടല്ലേ- ഉമ്മന്‍ചാണ്ടി ചോദിച്ചു.

പട്ടാപ്പകല്‍ നാഷണല്‍ ഹൈവേയില്‍ കോടിക്കണക്കിനു രൂപയുടെ ഭൂമി കൈയേറ്റം ചൂണ്ടിക്കാണിച്ചിട്ടും ഇക്കാര്യം ബോധ്യപ്പെട്ടിട്ടും നടപടിയെടുക്കാതെ കൈയേറ്റക്കാരെ സംരക്ഷിക്കാനാണു സര്‍ക്കാര്‍ ശ്രമിക്കുന്നത്. വിവാദങ്ങള്‍ സൃഷ്ടിച്ചു കൈയേറ്റങ്ങളുടെ രൂക്ഷത ജനങ്ങളില്‍ നിന്നു മറച്ചുവയ്ക്കാന്‍ സര്‍ക്കാര്‍ ബോധപൂര്‍വം ശ്രമിക്കുന്നു. ടാറ്റ നിര്‍മിച്ച അണക്കെട്ട് പൊളിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. കോടതിയില്‍ കേസ് വന്നപ്പോള്‍ അതിനു കടകവിരുദ്ധമായ നിലപാട് എജി സ്വീകരിച്ചു. ടാറ്റയ്ക്കെതിരായ നടപടിയുടെ കാര്യത്തില്‍ പോലും സര്‍ക്കാര്‍ ശ്രദ്ധയും ജാഗ്രതയും പുലര്‍ത്തുന്നില്ല. ഇതോടെ കൈയേറ്റങ്ങള്‍ക്കെതിരേ സര്‍ക്കാര്‍ പറയുന്നതില്‍ ആത്മാര്‍ഥതയില്ലെന്നു തെളിഞ്ഞു. മൂന്നാര്‍ കൈയേറ്റം ഒഴിപ്പിക്കുന്നതില്‍ സര്‍ക്കാര്‍ ദയനീയ പരാജയമാണ്.

മുഖ്യമന്ത്രി അയച്ച ദൗത്യസംഘങ്ങള്‍ പരാജയമായിരുന്നുവെന്ന് അദ്ദേഹത്തിന്‍റെ പാര്‍ട്ടിയില്‍ നിന്നുതന്നെ വിമര്‍ശനമുണ്ട്. പുതിയ കാര്യങ്ങള്‍ ചെയ്യുമ്പോള്‍ പ്രതിപക്ഷനേതാവിന് സര്‍ക്കാരിനെ അഭിനന്ദിക്കേണ്ടിവരുമെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. അഭിനന്ദിക്കാന്‍ കാത്തിരിക്കുകയാണ്. പക്ഷേ ഒന്നും കാണുന്നില്ല. ജനങ്ങളുടെ സ്വത്ത് കവര്‍ന്നെടുത്തിട്ട് തിരിച്ചെടുക്കാനല്ല, കൈയേറ്റക്കാരെ സംരക്ഷിക്കാനാണ് ശ്രമം. ആദ്യ ദൗത്യസംഘത്തിന് പ്രതിപക്ഷം പൂര്‍ണപിന്തുണ നല്‍കി. സര്‍ക്കാരിന് ഇച്ഛാശക്തിയില്ലാത്തതാണ് അതിന്‍റെ പരാജയത്തിനു കാരണം. സ്വന്തം പാര്‍ട്ടി ഓഫിസുകളും കൈയേറ്റങ്ങളും നിലനിര്‍ത്തുന്നതിനു ചെറുകിട കര്‍ഷകരെയും ആദിവാസികളെയും മറയാക്കാനാണു മാര്‍ക്സിസ്റ്റ് പാര്‍ട്ടി ശ്രമിക്കുന്നത്.

മൂന്നാറില്‍ ടാറ്റയുടെ ഡാം പൊളിക്കുന്നതിന് പ്രതിപക്ഷം എതിരല്ല. നേരത്തേ അവിടെയുണ്ടായിരുന്ന ഡാം ബലപ്പെടുത്തുകയായിരുന്നു. ഡാം സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നാണ് എ.കെ. മണി പറഞ്ഞത്. ആ നിര്‍ദേശം കൂടി സര്‍ക്കാര്‍ പരിഗണിക്കണം. പൊളിക്കാനാണ് തീരുമാനമെങ്കില്‍ അതിനും പ്രതിപക്ഷം പിന്തുണ നല്‍കും. മൂന്നാറിന്‍റെ കാര്യത്തില്‍ സര്‍ക്കാരിന് ഗുരുതരവീഴ്ചയാണ്. ഉന്നത ഉദ്യോഗസ്ഥര്‍ ദൗത്യസംഘത്തെയും മന്ത്രിമാര്‍ മുഖ്യമന്ത്രിയെയും മുഖ്യമന്ത്രി മന്ത്രിമാരെയും കുറ്റപ്പെടുത്തുന്നു. മുഖ്യമന്ത്രി തിരുവനന്തപുരത്തുനിന്നും കൊണ്ടുപോയി മൂന്നാറില്‍ സ്ഥാപിച്ച ബോര്‍ഡ് എടുത്തുമാറ്റി ഷെഡ് കെട്ടിയത് സഹതാപമുണ്ടാക്കുന്ന കാര്യമാണ്. പൊതുമുതല്‍ നശിപ്പിച്ചതിനെതിരേ ഒരു കേസ് എടുക്കാന്‍ പോലും മുഖ്യമന്ത്രിക്കോ സര്‍ക്കാരിനോ ആയില്ലെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു.
|
|
|
Related News
Most Rated News
Most Visited News
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code