Saturday, March 13, 2010   3:27 AM IST
Supplements
Home>> Cinema>> Latest News
Headlines
BIG THRILL
Tuesday, February 09, 2010
|
|
|
വി. റെജി കുമാര്‍

അമിതാഭ് ബച്ചനെ സംവിധാനം ചെയ്യുക. ആര്‍ക്കാണ് അത്തരമൊരു മോഹമുണ്ടാകാതിരിക്കുക, പ്രത്യേകിച്ച് തെക്കേഇന്ത്യന്‍ സിനിമയില്‍...? ഇന്നോളം ഇവിടെയൊരു സൂപ്പര്‍ സംവിധായകനും അതിനവസരം കിട്ടിയിട്ടില്ല. എന്നാല്‍ മലയാള സിനിമയുടെ ജാതകം തന്നെ മാറ്റിയെഴുതാന്‍ അവസരം കിട്ടിയതിന്‍റെ ത്രില്ലിലാണ് മേജര്‍ രവി. അടുത്ത സിനിമയില്‍ ബച്ചന്‍ എന്ന ഇതിഹാസം പ്രധാനവേഷമിടാന്‍ സമ്മതിച്ചിരിക്കുന്നു, അതും മോഹന്‍ലാലിനൊപ്പം.

ഹിന്ദിയില്‍ ആഗ് എന്ന ഷോലെ റീമേക്കില്‍ ബച്ചനൊപ്പം സുപ്രധാന വേഷമിട്ട മോഹന്‍ലാലിന് ഈ സിനിമ നല്‍കുന്നതു രണ്ടു ക്രെഡിറ്റുകളാണ്. ഒന്ന്, ബച്ചനോടൊപ്പം സ്വന്തം ഭാഷയില്‍ അഭിനയിക്കാന്‍ അവസരം കിട്ടുന്ന ആദ്യ ദക്ഷിണേന്ത്യന്‍ നടന്‍. രണ്ട്, ഒരേ കഥാപാത്രത്തെ മൂന്നാമതൊരു സിനിമയിലും അവതരിപ്പിക്കുന്ന നടന്‍. മേജര്‍ മഹാദേവന്‍ എന്ന സൂപ്പര്‍ഹിറ്റ് കഥാപാത്രമായിത്തന്നെയാണ് ബച്ചനോടൊപ്പം ലാല്‍ അഭിനയിക്കാനൊരുങ്ങുന്നത്.

മേജര്‍ രവിയും മോഹന്‍ലാലും ഒന്നിച്ചാണ് ഞായറാഴ്ച രാത്രി ബച്ചനെ കൊച്ചിയില്‍ സന്ദര്‍ശിച്ച് ചിത്രത്തിന്‍റെ കഥ പറഞ്ഞത്. കഥ കേട്ടയുടന്‍ ബിഗ് ബി ചോദിച്ചു, എത്ര ദിവസം ഡേറ്റ് വേണം? നായകനായാണോ അദ്ദേഹം മലയാളസിനിമയിലെത്തുന്നതെന്നു ചോദിച്ചാല്‍, അല്ല. എന്നിട്ടും ഇത്രയേറെ വിലപിടിച്ച താരരാജാവ് എന്തുകൊണ്ട് മലയാളം പോലൊരു കൊച്ചുഭാഷയില്‍? മറുപടി ബച്ചന്‍ തന്നെ പറയുന്നു: ഓരോ ഭാഷയ്ക്കും അതിന്‍റേതായ സ്ഥാനമുണ്ട്, വിലയുണ്ട്, വലിപ്പമുണ്ട്. ഒരു നടന്‍റെ തൊഴില്‍ അഭിനയമാണ്. അതിനു ഭാഷാ-ദേശ-കാല ഭേദമില്ല. ആവശ്യപ്പെടുമ്പോള്‍ അഭിനയിക്കുക എന്നത് നടന്‍റെ ധര്‍മമാണ്. അവിടെ പ്രതിഫലമല്ല, കിട്ടുന്ന വേഷവും അതിന്‍റെ പ്രസക്തിയുമാണു പ്രധാനം. ഈ സിനിമയില്‍ സുപ്രധാനവേഷമാണ്. അതുകൊണ്ടു മറ്റൊന്നുമാലോചിക്കാനില്ല, സമ്മതിച്ചു.

രവി പറയുന്നു:

കഥ എന്നേ മനസിലുണ്ട്, ഏതാണ്ട് ഒന്നരവര്‍ഷം മുന്‍പേ. 1999 ഡിസംബര്‍ 24നു 176 യാത്രക്കാരുമായി ഇന്ത്യന്‍ എയര്‍ലൈന്‍സിന്‍റെ ഐസി 814 വിമാനം താലിബാന്‍ തീവ്രവാദികള്‍ അഫ്ഗാനിസ്ഥാനിലെ കാന്ധഹാറിലേയ്ക്കു തട്ടിക്കൊണ്ടുപോയതാണു കഥ. വിമാനം മോചിപ്പിക്കാനുള്ള കമാന്‍ഡോ ഓപ്പറേഷനു നേതൃത്വം നല്‍കുന്നതു മേജര്‍ മഹാദേവന്‍. കീര്‍ത്തിചക്രയിലെ ലഫ്റ്റനന്‍റ് കേണല്‍ മഹാദേവന്‍ കുരുക്ഷേത്രയിലെത്തിയപ്പോള്‍ മേജര്‍ മഹാദേവനായി. അതേ മേജര്‍ മഹാദേവന്‍ മറ്റൊരു കമാന്‍ഡോ ഓപ്പറേഷനു കാന്ധഹാറിലേക്ക്.

അവിടെ അമിതാഭ് ബച്ചന് എന്തുകാര്യം?

വിമാനത്തിലെ ഒരു യാത്രക്കാരന്‍റെ അച്ഛനാണു കഥയിലെ കേന്ദ്രബിന്ദു. മകന്‍റെ ജീവന്‍ ഭീകരരുടെ തോക്കിന്‍മുനയില്‍ വിലപേശപ്പെടുമ്പോള്‍, മകന്‍ മരണം മുഖാമുഖം കാണുമ്പോള്‍, ആശങ്കാകുലനായി നില്‍ക്കുന്ന അച്ഛന്‍. ഹിന്ദി സംസാരിക്കുന്ന ആ റോളാണു ബച്ചന്. യുദ്ധസിനിമ എന്നതിനേക്കാള്‍ മനുഷ്യബന്ധങ്ങളുടെ കഥ പറയുന്ന ചിത്രമാണിത്. യുദ്ധവും കമാന്‍ഡോ ഓപ്പറേഷനുമൊക്കെ പതിവു മേജര്‍ രവി സ്റ്റൈലില്‍ ഉണ്ടാകും.

ഓസ്കര്‍ അവാര്‍ഡ് ജേതാവായ ശബ്ദലേഖകന്‍ റസൂല്‍ പൂക്കുട്ടിയും ലാലിനും മേജര്‍ രവിക്കുമൊപ്പം കഥപറയല്‍ സമയത്തു സന്നിഹിതനായിരുന്നു. റസൂല്‍ തന്നെയാണ് ഈ ചിത്രത്തിന്‍റെ ശബ്ദലേഖനം നിര്‍വഹിക്കുക. ജൂണ്‍, ജൂലൈ മാസത്തോടെ ചിത്രീകരണം തുടങ്ങാനാണു പദ്ധതിയെന്ന് മേജര്‍ രവി മെട്രൊവാര്‍ത്തയോടു പറഞ്ഞു. മുംബൈ, പഞ്ചാബിലെ അമൃതസര്‍, ഡല്‍ഹി എന്നിവിടങ്ങള്‍ക്കു പുറമെ കാന്ധഹാറും ലൊക്കേഷനാകും.

ബച്ചന്‍ സ്വന്തം ശബ്ദത്തില്‍ത്തന്നെ സംസാരിക്കും. സിനിമയുടെ പേര് തീരുമാനിച്ചിട്ടില്ല. കാന്ധഹാര്‍ എന്നോ ഗാന്ധാരം എന്നോ പേരിടാമെന്നു ചില സജഷന്‍സ് വന്നിട്ടുണ്ട്. മേജര്‍ രവി വെളിപ്പെടുത്തി.

ബച്ചനെ ഇതില്‍ അഭിനയിപ്പിക്കണമെന്ന് ആദ്യമേ നിശ്ചയിച്ചിരുന്നു. എന്നാല്‍ അന്നൊന്നും ബച്ചനെ സമീപിക്കാനോ ഇക്കാര്യം സംസാരിക്കാനോ കഴിഞ്ഞില്ല. എന്നാല്‍, അടുത്തിടെ ബച്ചനോട് മലയാളത്തില്‍ അഭിനയിക്കണമെന്ന് മോഹന്‍ലാല്‍ അഭ്യര്‍ഥിച്ചു. തുടര്‍ന്നു നടത്തിയ ശ്രമങ്ങളാണ് ബച്ചന്‍റെ സമ്മതത്തിലെത്തിയത്- മേജര്‍ രവി പറഞ്ഞു. ബച്ചനും ലാലും ഒരേ ഫ്രെയ്മില്‍ നില്‍ക്കുന്ന രംഗം, അവരെ ഒന്നിച്ചു നിര്‍ത്തി ആക്ഷന്‍ പറയുന്ന രംഗം... അതാണിപ്പോള്‍ എന്‍റെ മനസില്‍.

പ്രിയദര്‍ശന്‍റെ ഒപ്പം പ്രവര്‍ത്തിക്കവെ, കോന്‍ ബനേഗാ ക്രോര്‍പതി, പാര്‍ക്കര്‍ പെന്‍ എന്നിവയുടെ പ്രൊമോഷണല്‍ ചിത്രങ്ങളില്‍ അമിതാഭ് ബച്ചനുമായി പരിചയപ്പെടാനായിട്ടുണ്ട്. എന്നാല്‍ അന്നൊന്നും അദ്ദേഹത്തെ സ്വന്തം സിനിമയില്‍ സംവിധാനം ചെയ്യാനാവുമെന്നു കരുതിയില്ല. ഇതൊരു മഹാഭാഗ്യമാണെന്നു മേജര്‍ രവി.

ഓണത്തിനോ പെരുന്നാളിനോ റിലീസ് ചെയ്യാനാകും വിധത്തിലായിരിക്കും ചിത്രീകരണം. കഥ, തിരക്കഥ, സംഭാഷണം, സംവിധാനം എന്നിവ മേജര്‍ രവി നിര്‍വഹിക്കും. മലയാളത്തിനു പുറമെ മറ്റു ഭാഷകളിലേക്കും ഈ ചിത്രം മൊഴിമാറ്റും.

രാജ്യരക്ഷാ വിഷയങ്ങളും വിമാനറാഞ്ചല്‍ അടക്കമുള്ള യഥാര്‍ഥ സംഭവങ്ങളുമുള്ളതിനാല്‍ ചിത്രത്തിന്‍റെ കഥയും തിരക്കഥയും വിവിധ കേന്ദ്ര ഏജന്‍സികളുടെ പരിശോധനയ്ക്കു നല്‍കണം. ലൊക്കേഷനുകള്‍ തീരുമാനിച്ചാല്‍ സൈന്യത്തിന്‍റേതടക്കം അനുവാദം ലഭിക്കണം.

അടുത്തിടെ സംസ്ഥാനത്ത് ഏറ്റവും വിവാദമുയര്‍ത്തിയ ലൗ ജിഹാദ് എന്ന വിഷയം കേന്ദ്രീകരിച്ചു സിനിമയെടുക്കാനുള്ള ചര്‍ച്ചകളിലായിരുന്നു മേജര്‍ രവി. എന്നാല്‍ അമിതാഭ് ബച്ചന്‍ ഡേറ്റ് നല്‍കിയ സാഹചര്യത്തില്‍ ഇനി അതു കഴിഞ്ഞേ മറ്റൊന്നിനെപ്പറ്റി ആലോചിക്കൂ- രവി പറഞ്ഞു.

രവിയുടെ കഥ പറച്ചില്‍ ഗംഭീരം എന്നാണു റസൂല്‍ പൂക്കുട്ടി പിന്നീടു മെസെജയച്ചത്. അതെപ്പറ്റി മേജര്‍ രവി പറയുന്നതിങ്ങനെ: എന്നെങ്കിലും അമിതാഭ് ബച്ചനെ കണ്ടാല്‍, കഥ പറയാന്‍ അവസരം കിട്ടിയാല്‍, അഞ്ചുമിനിറ്റില്‍ പറയാന്‍ കഥ മനസില്‍ കരുതി നടക്കുകയായിരുന്നു. അതുകൊണ്ടുതന്നെ ഞാന്‍ വെല്‍ പ്രിപ്പയേഡ് ആയിരുന്നു. അര മണിക്കൂര്‍. അതിനുള്ളില്‍ അദ്ദേഹത്തെ കണ്‍വിന്‍സ് ചെയ്യിക്കാനായി. അതെ, മേജര്‍ രവി ആകെ ത്രില്ലിലാണ്. ഒപ്പം മലയാള സിനിമയും ആരാധകരും.
|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code