വംശവെറി: കുറ്റക്കാര്‍ ശിക്ഷിക്കപ്പെടും
Tuesday,
February 09,
2010
സിഡ്നി
ഇന്ത്യക്കാര്‍ക്കെതിരേ ഓസ്ട്രേലിയയിലുണ്ടായ ആക്രമണങ്ങളില്‍ ചിലതു വംശീയമെന്നു വിദേശമന്ത്രി സ്റ്റീഫന്‍ സ്മിത്ത് സമ്മതിച്ചു. കേസുകളില്‍ കുറ്റക്കാരായി കണ്ടെത്തുന്നവരെ നിയമത്തിന്‍റെ മുഴുവന്‍ ശക്തിയും ഉപയോഗിച്ചു ശിക്ഷിക്കുമെന്നും അദ്ദേഹം ഓസ്ട്രേലിയന്‍ പാര്‍ലമെന്‍റില്‍ പ്രഖ്യാപിച്ചു.
ആക്രമണങ്ങള്‍ രാജ്യത്തിന്‍റെ പ്രതിച്ഛായ മോശമാക്കി. മോഷണവും മര്‍ദനവും അടക്കമുള്ളവ നീതീകരിക്കാനാവില്ല. കാര്യങ്ങള്‍ സര്‍ക്കാര്‍ ഗൗരവമായിത്തന്നെ എടുക്കുന്നു എന്നും സ്മിത്ത് പറഞ്ഞു.
വംശീയാക്രമണം തടയുന്നതില്‍ വിക്റ്റോറിയന്‍ സര്‍ക്കാര്‍ സമ്പൂര്‍ണ പരാജയമാണെന്ന് ഓസ്ട്രേലിയയില്‍ പ്രതിപക്ഷ കക്ഷികള്‍ ആരോപിക്കുന്നു.
ഇന്ത്യക്കാര്‍ക്കെതിരായ ആക്രമണങ്ങള്‍ വംശീയമല്ലെന്നാണ് ഓസ്ട്രേലിയന്‍ നേതാക്കളും അധികൃതരും മുന്‍പു പറഞ്ഞിരുന്നത്.
ഇന്ത്യന്‍ ഹൈക്കമ്മിഷണര്‍ സുജാത സിങ് സ്ഥിതിഗതികള്‍ സര്‍ക്കാരിനെ അറിയിക്കാന്‍ ന്യൂഡല്‍ഹിയിലേക്കു വരാനിരിക്കുമ്പോഴാണ് വിദേശമന്ത്രി തന്നെ പുതിയ നിലപാടു പ്രഖ്യാപിച്ചത്.
ആക്രമണങ്ങള്‍ അപലപനീയമാണെന്നും, ഇത്തരം സംഭവങ്ങള്‍ ഇന്ത്യയുമായുള്ള ബന്ധത്തെ ബാധിച്ചു എന്നും സ്മിത്ത് പറഞ്ഞു.
ഓസ്ട്രേലിയയുടെ ഏറ്റവും വലിയ മൂന്നാമത്തെ കയറ്റുമതി വിപണിയാണ് ഇന്ത്യ. ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരം കഴിഞ്ഞ വര്‍ഷം 2200 കോടി ഓസ്ട്രേലിയന്‍ ഡോളറിന്‍റേതായിരുന്നു. മുന്‍ വര്‍ഷത്തെക്കാള്‍ 55% വര്‍ധനയാണിത്. നിരവധി ഇന്ത്യന്‍ കമ്പനികള്‍ ഓസ്ട്രേലിയയില്‍ മുതല്‍മുടക്കിനും സന്നദ്ധത പ്രകടിപ്പിക്കുന്നു.
ഇന്ത്യന്‍ മാതാപിതാക്കള്‍ ഏല്‍പ്പിച്ചു തന്നിരിക്കുന്ന കുട്ടികളെ ഏറ്റവും നല്ല വിദ്യാഭ്യാസം നല്‍കി സുരക്ഷിതരായി തിരിച്ചേല്‍പ്പിക്കാനാണ് ആഗ്രഹിക്കുന്നതെന്നും സ്മിത്ത്.
നാലര ലക്ഷത്തോളം ഇന്ത്യക്കാരാണിപ്പോള്‍ ഓസ്ട്രേലിയയിലുള്ളത്. ഇതില്‍ ഒന്നേകാല്‍ ലക്ഷത്തോളം വിദ്യാര്‍ഥികളാണ്.
വംശീയാക്രമണം ഏറ്റവും രൂക്ഷമായ വിക്റ്റോറിയയിലാണ് വിദ്യാര്‍ഥികളില്‍ പകുതിപ്പേരും. ഇന്ത്യക്കാര്‍ക്കെതിരായ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് ഇതുവരെ 45 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
ഇന്ത്യന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങുമായി ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി കെവിന്‍ റൂഡും, ഇന്ത്യന്‍ വിദേശമന്ത്രി എസ്.എം. കൃഷ്ണയുമായി താനും ഇക്കാര്യങ്ങള്‍ ടെലിഫോണിലൂടെ ചര്‍ച്ച ചെയ്തിട്ടുണ്ടെന്നും സ്മിത്ത് പറഞ്ഞു.
Close...
Maximum Character Allowed -
4000