തടയണ സര്‍ക്കാരിന് ഏറ്റെടുക്കാം
Tuesday,
February 09,
2010
കൊച്ചി
മൂന്നാറിലെ തടയണകള്‍ പൊളിക്കരുതെന്നും ആവശ്യമെങ്കില്‍ സര്‍ക്കാരിനു കൈമാറാമെന്നും ടാറ്റ. ടാറ്റയുടെ കുണ്ടള, ചിറ്റുവരൈ എന്നീ എസ്റ്റേറ്റുകളില്‍ തടയണ നിര്‍മിച്ചതിനെതിരേ ഇടുക്കി ജില്ലാ കലക്റ്റര്‍ കൊടുത്ത നോട്ടീസ് ചോദ്യംചെയ്തു നല്‍കിയ ഹര്‍ജികളില്‍ വാദം കേള്‍ക്കവേ ടാറ്റയുടെ അഭിഭാഷകന്‍ ജോസഫ് കൊടിയന്തറയാണ് ഇക്കാര്യം ഹൈക്കോട തിയെ അറിയിച്ചത്. കേസില്‍ ഇന്നു രാവിലെ വീണ്ടും വാദം തുടരുമെന്നറിയിച്ച കോടതി തടയണയുടെ കാര്യത്തില്‍ തല്‍സ്ഥിതി തുടരാന്‍ നിര്‍ദേശിച്ചു.തടയണ നിര്‍മിച്ചതു സ്വന്തം കാര്യത്തിനല്ലെന്നും ജനങ്ങളുടെ താത്പര്യത്തെ മുന്‍നിര്‍ത്തിയാണെന്നും ടാറ്റ ടീ കമ്പനി അറിയിച്ചു. വേണമെങ്കില്‍ തടയണ വിട്ടുതരാം. പക്ഷേ പൊളിക്കരുത്. പൊളിച്ചാല്‍ അവിടെയുള്ള ജനങ്ങള്‍ക്കും മൃഗങ്ങള്‍ക്കും ദോഷകരമാകും. ഇരു സ്ഥലങ്ങളിലും തടയണ നിര്‍മിച്ചതു ചെറിയ ജലസംഭരണികളായിട്ടാണ്. തടയണ അനധികൃതമായിട്ടാണോ നിര്‍മിച്ചതെന്ന കാര്യത്തില്‍ തീരുമാനമെടുക്കേണ്ടതു ഡാം സുരക്ഷാ അഥോറിറ്റിയാണെന്നും ടാറ്റ ബോധിപ്പിച്ചു.
എന്നാല്‍, തടയണയ്ക്കെതിരേ നോട്ടീസ് നല്‍കാന്‍ ജില്ലാ കലക്റ്റര്‍ക്ക് അധികാരമില്ലെന്ന ടാറ്റയുടെ വാദം നിലനില്‍ക്കില്ലെന്നു സര്‍ക്കാരിനു വേണ്ടി അഡ്വക്കറ്റ് ജനറല്‍ സി.പി. സുധാകര പ്രസാദ് വാദിച്ചു.
മൂന്നാറിലെ കൈയേറ്റം സംബന്ധിച്ച ഒരു കേസില്‍ ഹൈക്കോടതി അനധികൃത കൈയേറ്റങ്ങളെക്കുറിച്ചു നിശിതമായി വിമര്‍ശിച്ചിരുന്ന കാര്യം അഡ്വക്കറ്റ് ജനറല്‍ കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തി.
ഇനിയൊരു വിമര്‍ശനം ഉണ്ടാകരുതെന്ന ഉദ്ദേശ്യത്തോടെയാണു ടാറ്റയ്ക്കെതിരേ തടയണ നിര്‍മാണ കാര്യത്തില്‍ ജില്ലാ കലക്റ്റര്‍ നോട്ടീസ് കൊടുത്തത്. കലക്റ്ററുടെ നടപടി മന്ത്രിസഭ അംഗീകരിച്ചതോടെ നിയമവിധേയമായി. അതുകൊണ്ടുതന്നെ ടാറ്റയുടെ ഹര്‍ജി നിലനില്‍ക്കില്ല- അഡ്വക്കറ്റ് ജനറല്‍ വാദിച്ചു.
ടാറ്റയുടെ തടയണ പുതുതായി നിര്‍മിച്ചതാണെന്നും പൊളിച്ചുകളയരുതെന്നും ആവശ്യപ്പെട്ടു ദേവികുളം പഞ്ചായത്ത് അംഗം കാമരാജും ഹര്‍ജി സമര്‍പ്പിച്ചു. 1980ല്‍ ഇവിടെയുണ്ടായിരുന്ന തടയണ തകര്‍ന്നതിനെത്തുടര്‍ന്നു വീണ്ടും നിര്‍മിക്കാന്‍ സര്‍ക്കാരിനോടും മാനെജ്മെന്‍റിനോടും അഭ്യര്‍ഥിച്ചിരുന്നു. എന്നാല്‍ സ്വകാര്യ ഭൂമിയില്‍ തടയണ കെട്ടാനാവില്ലെന്ന നിലപാടാണ് അന്നു സര്‍ക്കാര്‍ എടുത്തതെന്നു കാമരാജ് ബോധിപ്പിച്ചു. ഈ നിലപാടിനെതിരേ അന്നു മുഖ്യമന്ത്രിക്കും ജലവിഭവമന്ത്രിക്കും പരാതികൊടുത്തെങ്കിലും നടപടിയുണ്ടായില്ലെന്നും ഹര്‍ജിക്കാരന്‍ ആരോപിക്കുന്നു. ടാറ്റയുടെ ഹര്‍ജിയില്‍ കക്ഷിചേരാന്‍ പൂഞ്ഞാര്‍ രാജകുടുംബവും അപേക്ഷ നല്‍കിയിട്ടുണ്ട്.
ടാറ്റയുടെ ഭാഗം കേള്‍ക്കാന്‍ ജസ്റ്റിസ് ടി.ആര്‍. രാമചന്ദ്രന്‍ ഹര്‍ജി ഇന്നു വീണ്ടും പരിഗണി ക്കും.
Close...
Maximum Character Allowed -
4000