നാഗ്പുര്‍
മലയാളി പേസര്‍ എസ്. ശ്രീശാന്ത് പരുക്കില്‍നിന്നു മുക്തനായി ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തി. ദക്ഷിണാഫ്രിക്കയ്ക്കെതിരേ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിനുള്ള 15 അംഗ ടീമിലേക്കാണു പ്രതീക്ഷിച്ചതുപോലെ ശ്രീയെ തിരിച്ചുവിളിച്ചിരിക്കുന്നത്. വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ ദിനേശ് കാര്‍ത്തിക്കും ഇടങ്കയ്യന്‍ ബാറ്റ്സ്മാന്‍ സുരേഷ് റെയ്നയും ടീമിലുണ്ട്. ഒന്നാം ടെസ്റ്റിനു തെരഞ്ഞെടുത്ത ടീമില്‍ നിന്ന് റിസര്‍വ് വിക്കറ്റ് കീപ്പര്‍ വൃദ്ധിമാന്‍ സാഹ, വി.വി.എസ്. ലക്ഷ്മണിന്‍റെ ബാക്കപ്പ് ആയിരുന്ന രോഹിത് ശര്‍മ, പേസ് ബൗളര്‍മാര്‍ സുദീപ് ത്യാഗി, അഭിമന്യു മിഥുന്‍ എന്നിവരെ ഒഴിവാക്കി.
ബംഗ്ലാദേശ് പര്യടനത്തിനിടെ പരുക്കേറ്റ രാഹുല്‍ ദ്രാവിഡിനും യുവരാജ് സിങ്ങിനും പരമ്പര പൂര്‍ണമായും നഷ്ടപ്പെടും. വി.വി.എസ്. ലക്ഷ്മണ്‍ കളിക്കുമെന്ന് ഉറപ്പായ സാഹചര്യത്തില്‍ സുരേഷ് റെയ്ന രണ്ടാം ടെസ്റ്റിനുള്ള അവസാന ഇലവനിലെത്താന്‍ സാധ്യതയില്ല.
റിസര്‍വ് വിക്കറ്റ് കീപ്പറായി ദിനേശ് കാര്‍ത്തിക്കിനു പകരം വൃദ്ധിമാന്‍ സാഹയെ ഉള്‍പ്പെടുത്തിയതു പലരുടെയും നെറ്റിചുളിച്ച തീരുമാനമായിരുന്നു. ലക്ഷ്മണിനു പകരം വന്ന രോഹിത് ശര്‍മയ്ക്കും പരുക്കേറ്റതോടെ ടെസ്റ്റ് അരങ്ങേറ്റത്തിന് അവസരം ലഭിച്ച സാഹ ആദ്യ ഇന്നിങ്സില്‍ പൂജ്യത്തിനു പുറത്തായി. രണ്ടാം ഇന്നിങ്സില്‍ 101 പന്തു നേരിട്ട് 36 റണ്‍സെടുത്തു ചെറുത്തു നിന്നെങ്കിലും സെലക്റ്റര്‍മാരെ തൃപ്തിപ്പെടുത്താന്‍ പര്യാപ്തമായില്ല. അതേസമയം, ദുലീപ് ട്രോഫി ഫൈനലില്‍ രണ്ട് കൂറ്റന്‍ സെഞ്ചുറികള്‍ നേടിയ കാര്‍ത്തിക്ക് തക്ക സമയത്ത് മികച്ച ഫോം പുറത്തെടുക്കുകയും ചെയ്തു.
ആദ്യ ടെസ്റ്റിന് അസന്തുലിത ടീം തെരഞ്ഞെടുത്തതിനു സെലക്റ്റര്‍മാര്‍ ഏറെ വിമര്‍ശനം കേട്ടിരുന്നു. ആറു സ്പെഷ്യലിസ്റ്റ് ബാറ്റ്സ്മാന്‍മാരെ മാത്രമാണ് തെരഞ്ഞെടുത്തിരുന്നത്. ഒപ്പം, രണ്ടു പേസര്‍മാര്‍ മാത്രമേ കളിക്കൂ എന്നുറപ്പുള്ളപ്പോ ഴും നാലു പേരെ ഉള്‍പ്പെടുത്തുകയും ചെയ്തു. 2005 ല്‍ ഏകദിന അരങ്ങേറ്റം കുറിച്ചിട്ടും ഇതുവരെ ടെസ്റ്റ് കളിക്കാന്‍ കഴിയാത്ത റെയ്നയുടെ അപ്രതീക്ഷിത സെലക്ഷനിലൂടെയാണ് ഇപ്പോള്‍ അസന്തുലിതാവസ്ഥ പരിഹരിച്ചത്. ലക്ഷ്മണ്‍ കളിക്കുന്നുണ്ടെങ്കില്‍ റെയ്ന ടെസ്റ്റ് അരങ്ങേറ്റത്തിന് ഇനിയും കാത്തിരിക്കേണ്ടി വരും. എന്നാല്‍, പോള്‍ ഹാരിസിന്‍റെ ലെഗ് സൈഡ് തന്ത്രത്തിനെതിരേ റൈറ്റ് ഹാന്‍ഡ് ബാറ്റ്സ്മാന്‍മാര്‍ വിഷമിച്ചതിനാല്‍ ഇടങ്കയ്യനെന്ന നിലയില്‍ റെയ്ന പരിഗണിക്കപ്പെടാനും സാധ്യത. അങ്ങനെ വന്നാല്‍ എസ്. ബദരിനാഥ് വീണ്ടും പുറത്താകും.
ശ്രീലങ്കയ്ക്കെതിരായ മികച്ച പ്രകടനത്തിന്‍റെ അടിസ്ഥാനത്തില്‍, ശ്രീശാന്തിനു തിരിച്ചുവരാന്‍ പരുക്കു മാത്രമായിരുന്നു തടസം. പൂര്‍ണ ആരോഗ്യവാനാണെന്നു ശ്രീ പ്രഖ്യാപിച്ച് ഏറെ വൈകും മുന്‍പേ ടീം പ്രഖ്യാപനവും വന്നു. ദക്ഷിണാഫ്രിക്കയ്ക്കെതിരേ സഹീര്‍ ഖാനു പിന്തുണ നല്‍കുന്നതില്‍ ഇഷാന്ത് ശര്‍മ പരാജയപ്പെട്ട സാഹചര്യത്തില്‍, അടുത്ത ടെസ്റ്റിനുള്ള പ്ലെയിനങ് ഇലവനിലും ശ്രീ സ്ഥാനം നേടിയേക്കും.
ആദ്യ ടെസ്റ്റില്‍ ഇന്നിങ്സിനും ആറു റണ്‍സിനും തോല്‍വി വഴങ്ങിയതിനാല്‍ രണ്ടാം ടെസ്റ്റ് ഇന്ത്യയ്ക്കു നിര്‍ണായകം. കോല്‍ക്കത്തയില്‍ തോല്‍വിയോ സമനിലയോ വഴങ്ങിയാല്‍ ഐസിസി റാങ്കിങ്ങില്‍ ഇന്ത്യ രണ്ടാം സ്ഥാനത്തേക്കു പിന്തള്ളപ്പെടും. ജയിച്ചാല്‍ പരമ്പര സമനിലയില്‍ പിടിച്ച് ഒന്നാം സ്ഥാനം നിലനിര്‍ത്താം.
ടീം: മഹേന്ദ്ര സിങ് ധോണി (ക്യാപ്റ്റന്‍), വീരേന്ദര്‍ സേവാഗ്, ഗൗതം ഗംഭീര്‍, എം. വിജയ്, സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, വി.വി.എസ്. ലക്ഷ്മണ്‍, എസ്. ബദരിനാഥ്, ഹര്‍ഭജന്‍ സിങ്, അമിത് മിശ്ര, സഹീര്‍ ഖാന്‍, എസ്. ശ്രീശാന്ത്, ഇഷാന്ത് ശര്‍മ, പ്രജ്ഞാന്‍ ഓജ, ദിനേശ് കാര്‍ത്തിക്, സുരേഷ് റെയ്ന.
Close...
Maximum Character Allowed -
4000