Sunday, February 05, 2012   4:34 AM IST
Supplements
Home>> News>> Kerala News
Kerala News
തടയണകള്‍ തടയുന്നത് ആദിവാസികളുടെ കുടിനീര്‍
Wednesday, February 10, 2010
|
|
|
മൂന്നാര്‍

സ്വന്തം ലേഖകന്‍

ചിന്നക്കനാല്‍ മുപ്പതേക്കറിലെയും ഏവര്‍ഗ്രീന്‍ എസ്റ്റേറ്റിലെയും ചെക്ക് ഡാമുകള്‍ കുടിവെള്ളം മുട്ടിക്കുകയാണെന്നു നാട്ടുകാര്‍. ടാങ്ക്കുടി, ചെമ്പകതോട് ആദിവാസി കോളനികളിലെ താമസക്കാരും ജനപ്രതിനിധികളുമാണു ചെക്ക് ഡാമുകള്‍ക്കെതിരേ രംഗത്തുവരുന്നത്. തോട്ടം മേഖലയിലും കൈയേറ്റ പ്രദേശത്തും അരുവികള്‍ തടഞ്ഞു നിര്‍മിച്ചിരിക്കുന്ന ഡാമുകളെക്കുറിച്ചു കഴിഞ്ഞ ദിവസം മെട്രൊവാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇവിടെയുള്ള രണ്ട് ആദിവാസി കോളനികളിലായി 400 കുടുംബങ്ങളാണു താമസിക്കുന്നത്. ഇവര്‍ കുടിവെള്ളത്തിനും മറ്റാവശ്യങ്ങള്‍ക്കും ഉപയോഗിക്കുന്നതു ചെമ്പകതൊഴുകുടി, വണ്ണാത്തിപ്പാറ എന്നിവിടങ്ങളില്‍ എത്തുന്ന അരുവികളിലെ വെള്ളമാണ്. ഈ വെള്ളമാണു മൂന്നു ചെക്ക് ഡാമുകളിലായി തടയുന്നത്.

ചെക്ക് ഡാമുകളെ സംബന്ധിച്ചു നിരവധി പരാതികള്‍ നല്‍കിയിട്ടുണ്ടെന്നു ദേവികുളം ബ്ലോക്ക് പഞ്ചായത്ത് അംഗം സി. സുന്ദരം പറഞ്ഞു. മഴക്കാലത്തു പോലും ഈ പ്രദേശങ്ങളിലെ കോളനികളില്‍ കുടിവെള്ളം ലഭിക്കുന്നില്ലെന്നും പഞ്ചായത്തില്‍ ആവശ്യപ്പെട്ടിട്ടും നടപടിയില്ലെന്നും ചിന്നക്കനാല്‍ പഞ്ചായത്ത് അംഗം കുപ്പുസ്വാമി പറഞ്ഞു. ചിന്നക്കനാല്‍ ആദിവാസി കോളനികളില്‍ പിന്നാക്ക ക്ഷേമ മന്ത്രി എ.കെ. ബാലന്‍ വന്നു താമസിച്ചപ്പോള്‍ പരാതി നല്‍കിയിരുന്നുവെന്നു കുടിത്തലവന്‍ സുബ്ബയന്‍ കാണി പറഞ്ഞു.

വിശദമായ പരാതിയാണു നല്‍കിയിരുന്നതെങ്കിലും കാര്യമായ നടപടികള്‍ സ്വീകരിച്ചില്ല. ഇപ്പോഴും വെള്ളം ലഭിക്കുന്നില്ല. സര്‍ക്കാര്‍ നടപടിയെടുത്തില്ലെങ്കില്‍ ഒരു കോളനിയിലെ മുഴുവന്‍ ജനങ്ങള്‍ക്കും കുടിവെള്ളം ലഭിക്കാതെയാകുമെന്നും സുബ്ബയന്‍ കാണി.

മൂന്നാറിനും ചിന്നക്കനാലിനും പുറമെ പൂപ്പാറയിലും അനധികൃത ചെക്ക് ഡാമുകള്‍ നിര്‍മിച്ചിട്ടുണ്ട്. ആനയിറങ്കലില്‍നിന്നു പൂപ്പാറയിലേക്കു പോകുന്ന വഴിയില്‍ റോഡിനു സമീപവും ചെക്ക് ഡാം നിര്‍മിച്ചിട്ടുണ്ട്.

ഹാരിസണ്‍സ് മലയാളം കമ്പനിയുടെ ഭൂമിക്കു സമീപമാണിത്. തങ്ങളുടെ ഭൂമിയിലല്ലെന്നു ഹാരിസണ്‍സ് കമ്പനി അധികൃതര്‍ പറയുന്നു. എന്നാല്‍ ഈ ചെക്ക് ഡാം നിര്‍മിച്ചതു കമ്പനി തന്നെയാണെന്നു നാട്ടുകാരും തൊഴിലാളികളും വ്യക്തമാക്കി. സര്‍ക്കാരിന്‍റേതല്ലെന്നു പഞ്ചായത്ത്, വില്ലെജ് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. മല്‍സ്യ കൃഷി പദ്ധതി നടപ്പാക്കിയപ്പോള്‍ ഇതിനുള്ളിലും മല്‍സ്യ കുഞ്ഞുങ്ങളെ നിക്ഷേപിച്ചിരുന്നു. കമ്പനി അധികൃതരാണ് ഇവിടെനിന്നു മല്‍സ്യം പിടിക്കുന്നതെന്നു നാട്ടുകാര്‍.

പുറത്തുനിന്നു നോക്കുമ്പോള്‍ സാധാരണ കുളമാണെന്നു തോന്നുന്ന തരത്തിലാണു ഡാമിന്‍റെ നിര്‍മാണം. ഇതിനു മുകളിലുള്ള നീര്‍ച്ചാലില്‍ വന്‍ പൈപ്പുകള്‍ സ്ഥാപിച്ച് മണ്ണിനടിയിലൂടെയാണു ഡാമിലെത്തിക്കുന്നത്. ഇതു കൊണ്ടു ഡാമിലേക്കു വരുന്ന വെള്ളം കാണാന്‍ കഴിയില്ല. ഉദ്യോഗസ്ഥരെ കബളിപ്പിക്കുന്നതിനാണ് ഇത്തരത്തില്‍ മണ്ണിനടിയിലൂടെ പൈപ്പിറക്കി വെള്ളമെത്തിക്കുന്നത്.

ദേവികുളം - ചിന്നക്കനാല്‍ ഗ്യാപ്പ് റോഡിനു മുകളിലുള്ള മലയില്‍ നിന്നുത്ഭവിക്കുന്ന വെള്ളച്ചാട്ടത്തിലും തടയണ നിര്‍മിച്ചിട്ടുണ്ട്.

തദ്ദേശ സ്ഥാപനങ്ങളുടെ അനുമതിയില്ലാതെയാണ് ഇതിന്‍റെയും നിര്‍മാണം. ഗ്യാപ്പ് റോഡിന്‍റെ അടിവാരത്തിലുള്ള ഏക്കറുകണക്കിനു നെല്‍പ്പാട ശേഖരത്തിലേക്കുള്ള വെള്ളമാണ് ഇവിടുത്തെ ചെക്ക് ഡാമില്‍ തടയുന്നത്.

ഒരു വര്‍ഷമായി പാടശേഖരത്തില്‍ ആവശ്യത്തിനു വെള്ളമില്ലാതെ ഉത്പാദനം കുറഞ്ഞിട്ടുണ്ട്.

കഴിഞ്ഞ സീസണില്‍ വിത്തിറക്കിയതിനു ശേഷം കാര്യമായി വെള്ളമെത്തിയില്ല. ഇപ്പോള്‍ വിളയാറായ നെല്‍വയലുകള്‍ കരിഞ്ഞ നിലയിലാണ്. കര്‍ഷകസമിതിയുടെ പരാതികളില്‍ പഞ്ചായത്തിനും നടപടികളെടുക്കാന്‍ കഴിയുന്നില്ല.

|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code