Thursday, February 09, 2012   5:56 AM IST
Supplements
Home>> News>> National News
National News
ബിടി വഴുതന തുടക്കം മാത്രമാകാം
Friday, February 12, 2010
|
|
|
ടി. അഭിലാഷ്

ബിടി വഴുതനയ്ക്കു കേന്ദ്ര സര്‍ക്കാര്‍ മൊറട്ടോറിയം പ്രഖ്യാപിച്ചതോടെ തത്കാലം ഇതെക്കുറിച്ച് ഉടലെടുത്ത വിവാദങ്ങള്‍ അവസാനിച്ചു. പക്ഷേ, ഇക്കാര്യത്തില്‍ ഇന്ത്യയിലെ കര്‍ഷകര്‍ ഏറെ ജാഗ്രതയോടെയിരിക്കേണ്ടി വരും. രാജ്യത്തു ഭക്ഷ്യവിളകളുടെ ഇടയില്‍ ആദ്യമായാണ് ജനിതക മാറ്റം വരുത്തിയ വഴുതനയ്ക്കു ജനറ്റിക് എന്‍ജിനിയറിങ് അപ്രൂവല്‍ കമ്മിറ്റി അംഗീകാരം നല്‍കിയത്. എന്നാല്‍ ഇതെക്കുറിച്ചു വ്യാപക എതിര്‍പ്പ് ഉയര്‍ന്നുവന്നതോടെ കേന്ദ്ര സര്‍ക്കാരിന് ഇക്കാര്യത്തില്‍ അനുമതി നിഷേധിക്കേണ്ടി വന്നു.

നൂറ്റാണ്ടുകളുടെ പാരമ്പര്യമുള്ള ഇന്ത്യയുടെ കാര്‍ഷിക മേഖലയുടെ പ്രധാന സവിശേഷത ഇവിടത്തെ വൈവിധ്യമാര്‍ന്ന കാര്‍ഷിക വിളകളാണ്. ഓരോ നാട്ടുകാരുടെയും ഭക്ഷണരീതിയും രുചിരീതികളും വ്യത്യസ്തം. മുന്‍പു ഗ്രാമീണര്‍ പൊതുവേ തങ്ങള്‍ക്കു വേണ്ട പച്ചക്കറികളും മറ്റു കാര്‍ഷിക വിളകളും സ്വന്തം ഗ്രാമത്തില്‍ത്തന്നെ ഉത്പാദിപ്പിക്കുമായിരുന്നു. ഇന്നും ലക്ഷക്കണക്കിനു കുടുംബങ്ങള്‍ കൃഷി പ്രധാന വരുമാനമാര്‍ഗമായി കാണുന്നുണ്ട്. പരമ്പരാഗതമായി ലഭിച്ച കാര്‍ഷിക രീതികളും വിത്തുകളും ഉപയോഗിച്ചു കൃഷി ചെയ്യുന്ന ഇവര്‍ക്ക് അനുഭവമാണ് അറിവ്. മണ്ണും വിത്തും ഒരിക്കലും ചതിക്കില്ലെന്ന ഉറച്ചവിശ്വാസം. വിത്തിനുവേണ്ടി ആരോടും കൈനീട്ടേണ്ട. ഉത്പാദനരീതി സ്വയം അറിഞ്ഞു ചെയ്യുന്നത്. ഓരോ നാട്ടിലും തങ്ങളുടേതായ വിത്തിനങ്ങള്‍. ഉത്പാദന ശേഷി ഏറെ അധികമില്ലെങ്കിലും ഭീഷണിയില്ലാതെ ജീവിക്കാന്‍ ശരാശരി കര്‍ഷകനു സാധിച്ചിരുന്നു.

ഈ കര്‍ഷകര്‍ക്കിടയിലേക്കാണു ബിടി വഴുതനയെന്ന പുതിയ വെല്ലുവളി ഉയര്‍ന്നു വന്നത്. മണ്ണിലുള്ള കീടങ്ങളെ നിശിപ്പിക്കാന്‍ കഴിയുന്ന ബിടി ബാസില്ലസ് തുറുഞ്ചിയാസിസ് (ബിടി) എന്ന ബാക്റ്റീരിയുടെ ജീന്‍ വേര്‍തിരിച്ചെടുത്ത് ജീന്‍ ബോംബിങ് എന്ന ജനിതക സാങ്കേതിക വിദ്യ ഉപയോഗിച്ചു വഴുതനങ്ങ വിത്തില്‍ കടത്തിയാണു ബിടി വഴുതന ഉത്പാദിപ്പിക്കുന്നത്. ഇന്ത്യയില്‍ യുഎസ് വിത്ത് നിര്‍മാണക്കമ്പനി മൊണ്‍സാന്‍റോയുടെ ഉപകമ്പനി മഹീകോയാണു ബിടി വഴുതനവിത്ത് നിര്‍മിച്ചിരിക്കുന്നത്. ഇതെക്കുറിച്ചു പഠനം നടത്തിയതു കമ്പനി സ്പോണ്‍സര്‍ ചെയ്ത ഇന്ത്യന്‍ കൗണ്‍സില്‍ ഒഫ് അഗ്രിക്കള്‍ച്ചര്‍ റിസര്‍ച്ചാണെന്നത് ശ്രദ്ധേയം. വിശദവും ആഴത്തിലുള്ളതുമായ പഠനമൊന്നും നടന്നിട്ടില്ലെന്നതും വാസ്തവം.

കഴിഞ്ഞ വര്‍ഷം ഒക്റ്റോബറില്‍ ചേര്‍ന്ന അപ്രൂവല്‍ കമ്മിറ്റിയിലെ ചില അംഗങ്ങള്‍ വിത്തിന് അനുമതി നല്‍കുന്നതിനെ ശക്തമായി എതിര്‍ത്തിരുന്നു. എന്നാല്‍ ഭൂരിപക്ഷാഭിപ്രായത്തിന്‍റെ ബലത്തിലാണു കമ്മിറ്റി അനുമതി നല്‍കിയത്. കമ്മിറ്റിയിലെ വിദഗ്ധരെ വിത്ത് കമ്പനി തന്നെ സ്വാധീനിച്ചുവെന്ന് ആരോപണമുണ്ടായിരുന്നു. വിത്തിനെ കൊല്ലുന്ന കീടത്തിനെ ഇല്ലാതാക്കാന്‍ വിള തന്നെ വിഷമയമാകുകയെന്നതാണു ബിടി വഴുതനയുടെ സ്വഭാവമെന്നു പറയുന്നു. വഴുതനയില്‍ കടത്തിവിടുന്ന ബാക്റ്റീരിയ വിഷമയമാണ് എന്ന കാര്യത്തില്‍ ആര്‍ക്കും സംശയമില്ല. എലികളില്‍ നടത്തിയ പരീക്ഷണത്തില്‍ ഈ വിത്ത് ഏറെ പ്രത്യാഘാതമുണ്ടാക്കുന്നതായി കണ്ടെത്തിയിരുന്നു. മനുഷ്യശരീരത്തില്‍ എന്തു വിപത്ത് ഉണ്ടാക്കുമെന്നു പഠിക്കാനുള്ള സാമാന്യ മര്യാദപോലും അധികൃതര്‍ പുലര്‍ത്തിയില്ല എന്നാണ് ആക്ഷേപം.

ഇന്ത്യയില്‍ വഴുതന കൃഷി തുടങ്ങിയിട്ടു 4,000 വര്‍ഷമാകുന്നു എന്നാണു ചരിത്രകാരന്‍മാര്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ലക്ഷക്കണക്കിനു ഹെക്റ്ററില്‍ വഴുതന കൃഷി ചെയ്യുന്നുണ്ട്. വര്‍ഷം 84 ലക്ഷം ടണ്‍ വഴുതന ഉത്പാദിപ്പിക്കുന്ന ഇവിടത്തെ വലിയ മാര്‍ക്കറ്റാണു ബിടി വഴുതന വിത്ത് ഉത്പാദകരെ ആകര്‍ഷിക്കുന്നതെന്നു വ്യക്തം. ഈ മാര്‍ക്കറ്റ് കൈപ്പിടിയിലൊതുക്കാനുള്ള വ്യഗ്രത കമ്പനിക്കുണ്ടെന്നതിന് അവരുടെ നടപടികള്‍ തന്നെ തെളിവ്. ബിടി വഴുതന ഉപയോഗിക്കുന്നവര്‍ക്ക് കീടനാശിനികള്‍ തീരെ ഉപയോഗിക്കേണ്ടിവരില്ലെന്നാണ് അവകാശവാദം. അതേ സമയം കര്‍ഷകരുടെ ആവശ്യത്തിനനുസരിച്ചു വിത്തു ലഭിക്കുമെന്നും കരുതേണ്ട. കൃത്യമായ നിയന്ത്രണം കമ്പനി തന്നെ പുലര്‍ത്തും. വിത്തിനു വേണ്ടി കമ്പനിയുടെ കാലുപിടിക്കേണ്ട ഗതികേടിലായിരിക്കും കര്‍ഷകര്‍.

ഇന്ത്യയുടെ ജൈവവൈവിധ്യത്തിനും ജൈവപൈതൃകത്തിനും കടയ്ക്കല്‍ കത്തിവയ്ക്കുന്നതാണ് ബിടി വഴുതനയെന്നു വിദഗ്ധരായ കാര്‍ഷിക ശാസ്ത്രജ്ഞര്‍ തന്നെ പറയുന്നു. ഇതു വാങ്ങി കൃഷി ചെയ്യാന്‍ തുടങ്ങുന്ന കര്‍ഷകന്‍ വളപ്രയോഗത്തിനും വിളവെടുപ്പിനും തുടങ്ങി സകല കാര്യങ്ങള്‍ക്കും കമ്പനിയെ സമീപിക്കേണ്ടി വരും. നാളെ എല്ലാ കാര്‍ഷിക വിളകളുടെയും വിത്തുകള്‍ അത്യുത്പാദന ലേബലില്‍ ഇറക്കി കര്‍ഷകരെ കുടുക്കിലാക്കിയാല്‍പ്പിന്നെ ഉയര്‍ന്ന വില കൊ ടുത്തു വിത്ത് വാങ്ങാന്‍ അവര്‍ നിര്‍ബന്ധിതരാകും. ബിടി വഴുതന അങ്ങനെയൊന്നിനു തുടക്കമാകുമെന്ന ആശങ്കയാണ് ഏറെ പ്രധാനം.

കേരളം പോലുള്ള സംസ്ഥാനങ്ങള്‍ ബിടി വഴുതനയെ ശക്തമായി എതിര്‍ക്കാന്‍ തയാറായി. യൂറോപ്യന്‍ യൂണിയന്‍ അംഗരാജ്യങ്ങളില്‍ ജനിതക മാറ്റം വരുത്തിയ വിത്തുകള്‍ ഉപയോഗിക്കുന്നതു നിരോധിച്ചിട്ടുണ്ട്. തങ്ങളുടെ നാട്ടിലെ ഭക്ഷ്യവിളകളുടെ സ്വഭാവം നശിപ്പിക്കുമെന്നു മനസിലാക്കിയായിരുന്നു ഇത്. എന്നാല്‍ നമ്മുടെ നാട്ടില്‍ ഇതു വ്യാപിപ്പിക്കാനുള്ള ശ്രമമാണു മള്‍ട്ടിനാഷനല്‍ കമ്പനികള്‍ നടത്തുന്നത്. നാം എന്തു കഴിക്കണമെന്നു തീരുമാനിക്കുന്നതു മള്‍ട്ടിനാഷനല്‍ കമ്പനികളായിരിക്കും എന്ന നിലയിലേക്കാവാം ജനിതക വളികള്‍ നയിക്കുക. ബിടി വഴുതനയുടെ കാര്യത്തില്‍ അന്തിമതീരുമാനം വരാനിരിക്കുന്നതേയുള്ളു. ഭാവിയിലും ബിടി വഴുതന പോലുള്ള വിത്തുകള്‍ നമ്മുടെ നാട്ടില്‍ അടിച്ചേല്‍പ്പിക്കാനുള്ള ശ്രമം നടക്കാതിരിക്കില്ല. ജനങ്ങളുടെ ജാഗ്രത മാത്രമേ അതിനെതിരേ ആയുധമായുള്ളു.

ബിടി വഴുതനയുടെ കാര്യത്തില്‍ തത്കാലത്തേക്കെങ്കിലും കര്‍ഷകരുടെയും കര്‍ഷകര്‍ക്കുവേണ്ടിയുമുള്ള പ്രതിഷേധം ഫലം കണ്ടെന്നത് ആശ്വാസകരമാണ്. അതുപോലെ പലര്‍ക്കുമുള്ള താ ക്കീതും.



|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code