9/11 തകര്‍ച്ചയുടെ ആകാശക്കാഴ്ചകള്‍
Friday,
February 12,
2010
ഓര്‍ക്കുമ്പോള്‍ ഇപ്പോഴും കിടിലമാണ്, നിലച്ച ഘടികാരം പോലെയാകും ഹൃദയം. ഒന്‍പതു വര്‍ഷങ്ങള്‍ക്കു മുന്‍പു ഭീമാകാരങ്ങളായ രണ്ടു ടവറുകള്‍ ഭൂമി പിളര്‍ന്നു പാതാളത്തിലേക്ക് ആണ്ടു പോയത് കണ്‍ മുന്നില്‍ . അമേരിക്കയിലെ വേള്‍ഡ് ട്രെയ്ഡ് സെന്‍റര്‍ ഭീകരര്‍ തകര്‍ക്കുമ്പോള്‍ രണ്ടു ടവറുകളുടെ തകര്‍ച്ച മാത്രമായിരുന്നില്ല അത്. കോണ്‍ക്രീറ്റ് ടവറിനിടയില്‍ ഒന്നു നിലവിളിക്കാന്‍ പോലും കഴിയാതെ അമര്‍ന്നു പോയ മൂവായിരത്തോളം ജീവിതങ്ങള്‍. പിന്നെ ആ തകര്‍ച്ചയുടെ പേരില്‍ ഇറാക്കിലും അഫ്ഗാനിസ്ഥാനിലും ജീവന്‍ പോയ നിരപരാധികള്‍.
ലോക ചരിത്രത്തെത്തന്നെ രണ്ടായി പകുത്തിട്ട വേള്‍ഡ് ട്രെയ്ഡ് സെന്‍റര്‍ ആക്രമണത്തിന്‍റെ പുതിയ ദൃശ്യങ്ങള്‍ പുറത്തു വന്നിരിക്കുന്നു. കാണാതെ വയ്യ. ചില ദൃശ്യങ്ങള്‍ ഇങ്ങനെയാണ്. എത്ര വിലക്കിയാലും കണ്ണുകള്‍ അതു തേടിപ്പോവുക തന്നെ ചെയ്യും. വേള്‍ഡ് ട്രെയ്ഡ് സെന്‍റര്‍ തകര്‍ന്ന് ഒന്‍പതു വര്‍ഷങ്ങള്‍ക്കു ശേഷം ആ തകര്‍ച്ചയുടെ ചില ആകാശ ദൃശ്യങ്ങളാണ് പുറത്തു വന്നിരിക്കുന്നത്. ട്വിന്‍ ടവേഴ്സിന്‍റെ തകര്‍ച്ചയുടെ എത്രയോ ചിത്രങ്ങള്‍ കണ്ടിരിക്കുന്നു. വിമാനങ്ങള്‍ വന്നിടിക്കുന്നത്, ടവറുകള്‍ നിന്നു കത്തുന്നത്, ഭൂമിയിലേക്കു പതിക്കുന്നത്, മാന്‍ഹട്ടനിലാകെ പുക പരക്കുന്നത്...
എന്നാല്‍ ഇത്രയും നാള്‍ പുറത്തു വിടാതെ ന്യൂയോര്‍ക്ക് പൊലീസ് കേസ്ഫയലില്‍ സൂക്ഷിച്ചിരുന്ന ചിത്രങ്ങളാണ് ഇപ്പോള്‍ കാണുന്നത്. ന്യൂയോര്‍ക്ക് പൊലീസിലെ ഫോട്ടൊഗ്രാഫര്‍മാര്‍ ഹെലികോപ്റ്ററുകളില്‍ നിന്നെടുത്ത ചിത്രങ്ങളാണിത്. 9/11 അന്വേഷണത്തിന്‍റെ ഭാഗമായി അമേരിക്കയുടെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് സ്റ്റാന്‍ഡേഡ്സ് ആന്‍ഡ് ടെക്നോളജി വിവധ തരം ചിത്രങ്ങള്‍ ശേഖരിച്ചിരുന്നു.
അമച്വര്‍, പ്രൊഫഷണല്‍, പ്രസ് ഫോട്ടൊഗ്രാഫര്‍മാര്‍ എടുത്ത ഇത്തരം ചിത്രങ്ങള്‍ ലഭ്യമാക്കാന്‍ ഫ്രീഡം ഒഫ് ഇന്‍ഫര്‍മേഷന്‍ ആക്റ്റിന്‍റെ അടിസ്ഥാനത്തില്‍ എബിസി ന്യൂസ് ചാനല്‍ അപേക്ഷ നല്‍കി. ഇത് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് സ്റ്റാന്‍ഡേഡ്സ് ആന്‍ഡ് ടെക്നോളജി അംഗീകരിച്ചു. ഒന്‍പതു സിഡികളായി ചാനലിനു കിട്ടിയത് 2779 ചിത്രങ്ങള്‍. അതില്‍ ന്യൂയോര്‍ക്ക് പൊലീസ് ഫോട്ടൊഗ്രാഫര്‍മാര്‍ എടുത്ത, ഇതു വരെ ആരും കാണാത്ത ആംഗിളുകളിലുള്ള ചിത്രങ്ങളും ഉണ്ടായിരുന്നു. ടവറുകള്‍ കത്തുന്നതടക്കം ഇതു വരെ കണ്ട ദൃശ്യങ്ങളുടെ, ആകാശക്കാഴ്ച കണ്ട് നടുങ്ങുകയാണ് അമേരിക്കയും ലോകവും. ന്യൂയോര്‍ക്കിലെ ഗ്രൗണ്ട് സീറോയില്‍ വേള്‍ഡ് ട്രെയ്ഡ് സെന്‍റര്‍ പുനര്‍മിര്‍മാണം തുടരുമ്പോഴാണ് ഒരിക്കല്‍ക്കൂടി 2001 സെപ്റ്റംമ്പര്‍ 11ലെ ആ പ്രഭാതത്തിന്‍റെ കത്തുന്ന ദൃശ്യങ്ങള്‍ പുറത്തു വന്നിരിക്കുന്നത്.
Close...
Maximum Character Allowed -
4000