ഓപ്പണിങ് നേട്ടം മുതലാക്കാതെ ഇന്‍ഡെക്സുകള്‍
Tuesday,
February 16,
2010
മുംബൈ
മികച്ച തുടക്കം നിലനിര്‍ത്താന്‍ കഴിയാതെ ഓഹരി ഇന്‍ഡെക്സുകള്‍ നഷ്ടത്തില്‍. ഇന്നലെ 114 പോയിന്‍റ് നഷ്ടപ്പെട്ട സെന്‍സെക്സ് 16,038.35ല്‍. ദേശീയ ഇന്‍ഡെക്സ് നിഫ്റ്റി 25 പോയിന്‍റ് ഇടിഞ്ഞ് 4,801.95ല്‍.
കഴിഞ്ഞവാരത്തെ പോസിറ്റീവ് വാര്‍ത്തകളെത്തുടര്‍ന്ന് 70 പോയിന്‍റിലേറെ നേട്ടത്തിലാണു സെന്‍സെക്സ് വ്യാപാരം തുടങ്ങിയത്. 16,227 വരെ കയറിയെങ്കിലും സെയ്ന്‍ ടെലികോമിനെ ഏറ്റെടുക്കാനുള്ള എയര്‍ടെല്‍ ശ്രമം വിജയിച്ചേക്കുമെന്ന വാര്‍ത്ത വന്നതോടെ കമ്പനിയുടെ ഓഹരി വില കൂപ്പുകുത്തി. വിദേശ ഫണ്ടുകള്‍ വെയ്റ്റിങ് മൂഡ് തുടര്‍ന്നതും സെന്‍സെക്സ് നഷ്ടത്തിലേക്കു വീഴാന്‍ കാരണമായി. ജനുവരിയിലെ നാണയപ്പെരുപ്പം ഉയര്‍ത്തതും നിക്ഷേപകരെ നിരാശരാക്കി.
ദേശീയ സൂചിക നിഫ്റ്റിയിലും വില്‍പ്പന. ബജറ്റില്‍ രക്ഷാപദ്ധതികള്‍ നിര്‍ത്തലാക്കിയേക്കുമെന്ന വാര്‍ത്ത നിക്ഷേപകരെ ബയിങ്ങില്‍ നിന്നു വിലക്കിയതായി ബ്രോക്കര്‍മാര്‍. 4,846നും 4,784നും ഇടയിലായിരുന്നു സൂചികയുടെ വ്യാപാരം. ഏഷ്യന്‍ സൂചികകളില്‍ സമ്മിശ്രവ്യാപാരം നടന്നതും സൂചികകള്‍ക്കു തിരിച്ചടിയായി. ഹെല്‍ത്ത്കെയര്‍, ഐടി, മെറ്റല്‍ സ്റ്റോക്കുകള്‍ക്കു നഷ്ടം. അതേ സമയം ഹിന്‍ഡാല്‍കോ, എച്ച്ഡിഎഫ്സി ബാങ്ക്, ടാറ്റ സ്റ്റീല്‍ കമ്പനികള്‍ മുന്നേറി.
എയര്‍ടെല്ലിനു വന്‍ നഷ്ടം
കുവൈറ്റ് ടെലികോം കമ്പനി സെയ്നിനെ ഏറ്റെടുക്കാന്‍ ഉയര്‍ന്ന തുക ഓഫര്‍ ചെയ്തെന്ന വാര്‍ത്തയെത്തുടര്‍ന്ന് എയര്‍ടെല്‍ ഓഹരികള്‍ക്ക് 9.22% വിലയിടിവ്. സെയ്ന്‍ വന്‍ കട ബാധ്യതയിലാണെന്നും കമ്പനി അത്ര നല്ല നിലയിലല്ലെന്നുമുള്ള ആശങ്കയാണ് ഓഹരി ഇടപാടുകാരെ ബാധിച്ചത്. ഈ കമ്പനിയുടെ ആസ്തികള്‍ വന്‍ തുകയ്ക്കു വാങ്ങുന്നത് എയര്‍ടെല്ലിനെ ദോഷകരമായി ബാധിക്കുമെന്ന ചിന്തയും ഉയര്‍ന്നു. എന്നാല്‍, ഇന്നലെത്തെ തകര്‍ച്ച ദീര്‍ഘകാലാടിസ്ഥാനത്തില്‍ നീണ്ടുനില്‍ക്കില്ലെന്നാണു വിദഗ്ധരുടെ നിഗമനം.
Close...
Maximum Character Allowed -
4000