Tuesday, February 07, 2012   2:50 PM IST
Supplements
Home>> News>> Kerala News
Kerala News
ഭയപ്പെടുത്തുന്ന ടൂ വീലറുകള്‍
Wednesday, February 17, 2010
|
|
|
എം.ആര്‍.സി. പണിക്കര്‍

ഇരുചക്ര വാഹനങ്ങളുടെ അനിയന്ത്രിതമായ മരണപ്പാച്ചില്‍ സംസ്ഥാനത്തു വാഹനാപകടങ്ങള്‍ വര്‍ധിപ്പിക്കുന്നു. നിരത്തുനിറഞ്ഞ് ഒഴുകുന്ന ഇരുചക്ര വാഹനങ്ങള്‍ മറ്റു വാഹനങ്ങള്‍ക്കും ഭീഷണിയാകുന്നു.

സംസ്ഥാനത്തെ വാഹനാപകടങ്ങളുടെ കണക്കെടുത്തു നോക്കിയാല്‍ ഇക്കാര്യം വ്യക്തമാകും. രാജ്യത്ത് ഓരോ വര്‍ഷവും നാലുലക്ഷം പേരെങ്കിലും റോഡപകടംമൂലം മരിക്കുന്നുവെന്നാണു കണക്ക്. കേരളത്തില്‍ നാലായിരവും. ഏകദേശം അത്രയുംപേര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്യുന്നു. ഈയിനത്തില്‍ സര്‍ക്കാരിനുണ്ടാകുന്ന നഷ്ടം 600 കോടി രൂപയാണ്.

50 ലക്ഷം വാഹനങ്ങളാണു കേരളത്തിലെ പൊതു നിരത്തുകളിലൂടെ ഓടുന്നത്. കൂടാതെ, ഓരോ വര്‍ഷ വും പത്തു ശതമാനം വര്‍ധനയുമുണ്ടാകുന്നു. ഓരോവര്‍ഷവും വര്‍ധിച്ചുവരുന്ന അപകടങ്ങള്‍ കണക്കിലെടുക്കുമ്പോള്‍ അതു കുറയ്ക്കാന്‍ അടിയന്തര നടപടിയെടുക്കേണ്ട സമയം അതിക്രമിച്ചുകഴിഞ്ഞെന്നു ബോധ്യമാകും. 2004 മുതലുള്ള കണക്കുകള്‍ പരിശോധിക്കുമ്പോള്‍ 2009ല്‍ നേരിയ കുറവ് ഉണ്ടായിട്ടുണ്ട്.

2004ല്‍ 3059 പേരാണു മരിച്ചത്. ഏറ്റവും കൂടുതല്‍ മരണം സംഭവിച്ചതു 2008ല്‍-3901. 2009ല്‍ നവംബര്‍ വരെയുള്ള കണക്കുകള്‍ നോക്കിയാല്‍ 3310 പേര്‍ മാത്രമാണു മരിച്ചത്. 2008ല്‍ 33,918 അപകടങ്ങളുണ്ടായി. 2009ല്‍ നവംബര്‍വരെ 32,137 അപകടങ്ങളും. കഴിഞ്ഞ ഒമ്പതു വര്‍ഷത്തിനിടെ ആദ്യമായാണു കേരളത്തില്‍ അപകടമരണങ്ങളുടെ നിരക്കു കുറയുന്നത്. എറണാകുളം ജില്ലയാണു വാഹനാപകടങ്ങളുടെ എണ്ണത്തിലും ഗൗരവത്തിലും ഏറ്റവും മുന്നില്‍. 2009ല്‍ 377പേര്‍ മരിച്ചു. 5096 പേര്‍ക്കു പരുക്കേറ്റു. അപകടമരണവും പരുക്കും ഏറ്റവും കുറഞ്ഞ ജില്ല, 2009ല്‍, കോഴിക്കോടാണ്.

മദ്യപിച്ചു വാഹനമോടിക്കല്‍, ഹെല്‍മെറ്റ് വയ്ക്കാതെ ഇരുചക്രവാഹനമോടിക്കല്‍, അശ്രദ്ധമായും അമിതവേഗത്തിലും വാഹനം ഓടിക്കല്‍, മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചുള്ള വാഹനമോടിക്കല്‍ തുടങ്ങിയവയാണ് അപകടങ്ങള്‍ കൂടാന്‍ കാരണം.

വാഹനാപകട നിരക്കു കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെ വിവിധ കര്‍മ പദ്ധതികള്‍ കേരള സര്‍ക്കാര്‍ നടപ്പാക്കിവരുകയാണ്. എങ്കില്‍പ്പോലും പല അവസരങ്ങളിലും അപകടങ്ങള്‍ നിയന്ത്രണവിധേയമല്ലാതാകുന്ന അവസ്ഥയാണുള്ളത്. അമിത വേഗവും നിയന്ത്രണമില്ലാത്ത ഓവര്‍ടേക്കിങ്ങും ഇരുചക്ര വാഹനങ്ങള്‍ ഓടിക്കുന്നവര്‍ പൊതുവേ പതിവാക്കിയിരിക്കുകയാണ്. ഇടതുവശവും വലതുവശവും ഒരുപോലെ സ്വന്തമാക്കിപ്പായുന്ന മോട്ടോര്‍ ബൈക്കുകള്‍ മറ്റു വാഹനങ്ങള്‍ക്കു ഭീഷണിയാവുകയും അപകടസാധ്യത വര്‍ധിപ്പിക്കുകയും ചെയ്യുന്നു.

ഗതാഗത സ്തംഭനത്തിനും ഇരുചക്ര വാഹനങ്ങള്‍തന്നെയാണു മിക്കപ്പോഴും പ്രധാന ഉത്തരവാദികള്‍. പൊലീസ് ഗതാഗതം നിയന്ത്രിക്കുന്ന പല സ്ഥലങ്ങളിലും ഇക്കൂട്ടരുടെ അന്തംവിട്ട പോക്ക് ഭീഷണിയാകുന്നു. ഏറ്റവും കൂടുതല്‍ പേര്‍ മരിക്കുന്നതും ടൂവീലര്‍ അപകടത്തില്‍ത്തന്നെയാണ്. സീബ്രാലൈനില്‍ റോഡ് മുറിച്ചുകടക്കാന്‍ ശ്രമിക്കുന്നവരെപ്പോലും തടസപ്പെടുത്തുന്നതരത്തിലാണു മരണപ്പാച്ചില്‍.

അപകട സാധ്യത കൂടിയ എല്ലാ മേഖലകളും അപകടമുക്ത മേഖലയായി മാറ്റിയെടുക്കാന്‍ പൊലീസ് ശ്രമിക്കുന്തോറും ഇരുചക്ര വാഹനങ്ങള്‍ അതിനു തടസം സൃഷ്ടിക്കുന്നു. റെയ്ല്‍വേ ലൈന്‍ അടച്ചിടുമ്പോഴും എതെങ്കിലും തരത്തില്‍ ട്രാഫിക് ബ്ലോക്ക് ഉണ്ടാകുമ്പോഴും ട്രാഫിക് സിഗ്നലുള്ള സ്ഥലങ്ങളിലും വാനങ്ങള്‍ ക്യൂപാലിക്കണമെന്നു കര്‍ശന നിര്‍ദേശമുണ്ട്. എന്നാല്‍ ഇത്തരം സ്ഥലങ്ങളില്‍ യാതൊരു നിയമവും പാലിക്കില്ലെന്നു വരുത്തിത്തീര്‍ക്കുന്ന പ്രവര്‍ത്തനങ്ങളാണ് ഇരുചക്ര വാഹനങ്ങള്‍ നടത്തുന്നത്. റെയ്ല്‍വേ ഗേറ്റിന്‍റെ ഇരുവശവും ബ്ലോക്കുണ്ടാകുന്ന തരത്തില്‍ ബൈക്കുകള്‍ നിര്‍ത്തുന്നത്. ബൈക്കുകളെ അച്ചടക്കം പഠിപ്പിക്കാന്‍ നിരത്തുകളില്‍ എത്ര പൊലീസുകാരെ ഡ്യൂട്ടിക്കിട്ടാലും മതിയാവില്ലെന്ന തരത്തിലാണു കാര്യങ്ങള്‍ നീങ്ങുന്നത്. റോഡില്‍ അച്ചടക്കം പാലിക്കാന്‍ ഇവര്‍ക്കും സ്വകാര്യബസ്, ടിപ്പര്‍ ഡ്രൈവര്‍മാര്‍ക്കും പ്രത്യേകം ബോധവത്കരണം ആവശ്യമാണ്.

ഇടതുവശത്തുകൂടിയും ഏതു പഴുതിലൂടെയും ഓവര്‍ടേക്ക് ചെയ്തുപോകുന്ന വാഹനങ്ങള്‍ വളരെ മോശമായ റോഡ് സംസ്കാരത്തെയാണു സൂചിപ്പിക്കുന്നത്. കര്‍ശനമായ ശിക്ഷാ നടപടികളാണു ട്രാഫിക് അച്ചടക്കം ലംഘിക്കുന്നവര്‍ക്കെതിരേ സ്വീകരിക്കേണ്ടത്. ഇടതുവശത്തുകൂടി ഓവര്‍ടേക്ക് ചെയ്യുക, ഹെല്‍മെറ്റ് ഇല്ലാതെ ഓടിക്കുക എന്നീ നിഷേധാത്മക നയങ്ങള്‍ക്കെതിരേ കര്‍ശന നടപടി വേണം. അപകടമുണ്ടായാലും തലയ്ക്കു പരുക്കേല്‍ക്കാതിരിക്കാനാണു ഹെല്‍മെറ്റ് ഉപയോഗിക്കാന്‍ ഹൈക്കോടതി നിര്‍ദേശം നല്‍കിയിട്ടുള്ളത്. എന്നാല്‍ ഇപ്പോള്‍ മൊബൈല്‍ ചെവിയോടു ചേര്‍ത്തുവയ്ക്കാനുള്ള കവചം മാത്രമായി ചുരുങ്ങി. ഫോണില്‍ സംസാരിക്കുമ്പോള്‍ ഡ്രൈവിങിലുണ്ടാകുന്ന പാളിച്ചയും ഒട്ടേറെപ്പേരുടെ ജീവന്‍ അപഹരിക്കാന്‍ കാരണമായിട്ടുണ്ട്.

അതുകൊണ്ടുതന്നെ ഇരുക്ര വാഹനക്കാരെ നിയന്ത്രിക്കാന്‍ അവര്‍ക്കായി പ്രത്യേകം ചട്ടങ്ങളുടെ ആവശ്യകതയുണ്ട്. അധികൃതര്‍ അടിയന്തരമായി ശ്രദ്ധിക്കേണ്ട വിഷയമാണിത്. ടൂവീലറുകളുടെ പാച്ചില്‍ നിയന്ത്രിക്കാന്‍ നടപടികള്‍ കര്‍ശനമാക്കുന്ന കാര്യം അധികൃതരുടെ പരിഗണനയിലുണ്ടെങ്കിലും എങ്ങനെ, എവിടെ തുടങ്ങണം എന്നതിലാണ് ആശയക്കുഴപ്പം.

|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code