മൊബൈല്‍ ഫോണ്‍ വിപണിയില്‍ വിപ്ലവത്തിന്‍റെ വര്‍ഷമാണു 2010. സ്പെയ്നിലെ ബാഴ്സലോണയില്‍ മൊബൈല്‍ ഫോണ്‍ നിര്‍മാതാക്കള്‍ ഒത്തുചേര്‍ന്നു. പുതിയ മോഡല്‍ ഫോണുകള്‍ അവതരിപ്പിച്ചു. ടെക്നോളജിയിലെ പുത്തന്‍ ആശയങ്ങള്‍ പങ്കുവച്ചു. ഫോണ്‍ നിര്‍മാണ കമ്പനികളുടെ അന്‍പതിനായിരം പ്രതിനിധികള്‍ പങ്കെടുത്ത മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസില്‍ പ്യൂമ ഫോണ്‍, ഐനാന്‍ഡ്, എക്സ്പീരിയ, എ 3 ജി ബോക്സ്, മോഡം 3ജി എച്ച്എസ്പിഎ തുടങ്ങിയവ അവതരിപ്പിച്ചു. ഈ വര്‍ഷം വേറെയും മോഡലുകള്‍ ലോഞ്ച് ചെയ്യുമെന്നു കമ്പനികള്‍ പ്രഖ്യാപിച്ചു.
സാന്‍ഡിസ്കിന്‍റെ ഐനാന്‍ഡ് (ഐഎന്‍എഎന്‍ഡി) ലേറ്റസ്റ്റ് ഫ്ളാഷ് ഡ്രൈവ് ലോഞ്ച് ചെയ്തു. ബൂട്ട്, ഓപ്പറേറ്റിങ്, സ്റ്റോറെജ് കപ്പാസിറ്റിയുള്ള 64 ജിബി സിംഗിള്‍ ചിപ്പ് ഇതിന്‍റെ സവിശേഷത. കുറഞ്ഞ പവറില്‍ പ്രവര്‍ത്തിക്കുന്ന ഏറ്റവും ലളിതമായ സ്മാര്‍ട്ട് ഫോണ്‍ എന്നാണു കമ്പനിയുടെ അവകാശവാദം.
2.8 ഇഞ്ച് ടച്ച് സ്ക്രീന്‍ ഉള്ള പ്യൂമ ഫോണാണു മേളയിലെ സൗന്ദര്യം. 320 ഃ 350 റെസലൂഷന്‍, 3.5 എംഎം ഹെഡ് ഫോണ്‍ ജാക്ക്, 3.2 മെഗാ പിക്സല്‍ ക്യാമറ വിത്ത് എല്‍ഇഡി ഫ്ളാഷ്, എഫ്എം റേഡിയോ പ്ലെയര്‍, വിഡിയോ ചാറ്റ് എന്നിവയാണു പ്യൂമയുടെ കോമണ്‍ ഫെസിലിറ്റികള്‍. ഏപ്രില്‍ മാസത്തില്‍ ഫോണ്‍ യൂറോപ്യന്‍ വിപണിയിലെത്തും.
പവര്‍മാറ്റിന്‍റെ വയര്‍ലെസ് ചാര്‍ജറാണ് മറ്റൊരു പുതിയ ഉത്പന്നം. ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്നതാണിത്. അഡാപ്റ്ററുകളും പവര്‍ കോഡ് വയറുകളുമില്ലാതെ ഫോണ്‍ ചാര്‍ജ് ചെയ്യാം. ഡിവൈസിലെ റാക്കറ്റില്‍ ഫോണ്‍ വച്ചാല്‍ ചാര്‍ജാകും. ഈ വര്‍ഷം അവസാനം മാര്‍ക്കറ്റിലിറങ്ങുന്ന വയര്‍ലെസ് ചാര്‍ജറിന്‍റെ വില 1700 രൂപയ്ക്കടുത്തായിരിക്കും എന്നാണ് കമ്പനിയുടെ വാഗ്ദാനം.
സോണി എറിക്സന്‍റെ എക്സ്പീരിയ ഫോണും ലോഞ്ച് ചെയ്തു. എക്സ്പീരിയ എക്സ് 10 എന്നാണു വിശേഷണം. 8.1 മെഗാപിക്സല്‍ ഓട്ടൊഫോക്കസ് ക്യാമറ, വിജിഎ റെക്കോഡിങ്, എച്ച്എസ്പിഎ ഡാറ്റ കണക്റ്റിവിറ്റി, 1 ജിബി ഇന്‍റേണല്‍ മെമ്മറി, 32 ജിബി വരെ എക്സ്റ്റന്‍ഡ് ചെയ്യാം. അത്യാധുനിക ഫോണെന്ന് ഏതു തരത്തിലും വിശേഷിപ്പിക്കാമെന്നതാണ് ഇതിന്‍റെ പ്രത്യേകത.
വിന്‍ഡോസിന്‍റെ സെവന്‍ സീരീസ് ഫോണ്‍ ഓപ്പറേറ്റിങ് സിസ്റ്റമാണു മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസിന്‍റെ മുഖ്യ ആകര്‍ഷണം. വിഡിയോ ഗെയിമുകള്‍ക്കും മ്യൂസിക്കിനും കൂടുതല്‍ പ്രാധാന്യം നല്‍കുന്നതാണു സെവന്‍ സീരീസ്. സോണി എറിക്സണ്‍, സാംസങ്, എച്ച്ടിസി കമ്പനികള്‍ അവരുടെ പുതിയ പ്രൊഡക്റ്റുകള്‍ അവതരിപ്പിച്ചു. നോക്കിയ പുതിയ വെര്‍ഷനുകളോ മോഡലുകളോ ഈ വേദിയില്‍ അവതരിപ്പിച്ചില്ല, പുതിയ പ്രൊഡക്റ്റുകളുടെ ലോഞ്ചിങ്ങിനെക്കുറിച്ച് അവര്‍ പ്രസ്താവന പോലും നടത്തിയില്ല.
വന്‍കിട കമ്പനികളുടെ ശക്തിയില്‍ അടിപതറാതിരിക്കാന്‍ ചെറുകിടക്കാര്‍ കൈകോര്‍ത്തതിന്‍റെ ദൃശ്യവും ആഗോള സമ്മേളനത്തില്‍ കണ്ടു. ചൈന മൊബൈല്‍, വോഡഫോണ്‍, എടി ആന്‍ഡ് ടി, വെരിസണ്‍ വയര്‍ലെസ്, ടെലിഫോണിക്ക, ഓറഞ്ച് തുടങ്ങി ഇരുപത്തിനാലു കമ്പനികള്‍ ഒത്തു ചേര്‍ന്നു പ്രസ്താവനയിറക്കി. ഓപ്പണ്‍ പ്ലാറ്റ്ഫോമെന്നാണ് ഈ കൂട്ടായ്മയെ അവര്‍ സ്വയം വിശേഷിപ്പിച്ചത്. എല്ലാ മൊബൈല്‍ ഫോണുകള്‍ക്കു വേണ്ടിയും ആപ്ലിക്കേഷനുകള്‍ നല്‍കുന്ന രീതിയിലായിരിക്കും ഓപ്പണ്‍ പ്ലാറ്റ്ഫോമിന്‍റെ പ്രവര്‍ത്തനം.
ബാഴ്സലോണയിലെ മൊബൈല്‍ ഫോണുകളുടെ സംഗമം ലോക മൊബൈല്‍ വിപണിയെ ഉണര്‍ത്തി. 1300 കമ്പനികളാണു പ്രദര്‍ശനത്തിനെത്തിയത്. ഇത്രയും കമ്പനികളെ പ്രതിനിധീകരിച്ച് അന്‍പതിനായിരം വിദഗ്ധര്‍ ബാഴ്സലോണയിലെത്തി. ഈ സമ്മേളനത്തിലൂടെ ഇരുനൂറു മില്യന്‍ ഡോളര്‍ ബാഴ്സലോണയ്ക്കു ലഭിക്കുമെന്നാണു സാമ്പത്തിക വിദഗ്ധരുടെ പ്രവചനം. 1500 താല്‍ക്കാലിക തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്നും അവര്‍ നിരീക്ഷിച്ചു. പുതിയ പ്രൊഡക്റ്റുകള്‍ മാര്‍ക്കറ്റില്‍ ചലനം സൃഷ്ടിക്കുമെന്നുറപ്പ്. മറ്റു കമ്പനികളുടെ പ്രൊഡക്റ്റുകള്‍ ഇറങ്ങിയ ശേഷം തങ്ങളുടെ എക്സ്ക്ലൂസിവ് ഐറ്റംസ് ലോഞ്ച് ചെയ്യാനായി കാത്തിരിക്കുന്നു, നോക്കിയ പോലുള്ള കമ്പനികള്‍. മൊബൈല്‍ ഫോണ്‍ എന്ന സങ്കല്‍പ്പം കംപ്യൂട്ടറിലേക്കു മാറിക്കൊണ്ടിരിക്കുന്നു എന്നാണ് ബാഴ്സലോണ നല്‍കുന്ന സന്ദേശം.
Close...
Maximum Character Allowed -
4000