ഒരു പ്രസിഡന്‍റിന്‍റെ പ്രണയലേഖനങ്ങള്‍
Thursday,
February 18,
2010
പ്രേമത്തിന്‍റെ കാര്യത്തില്‍ പ്രസിഡന്‍റെന്നോ പാവപ്പെട്ടവനെന്നോ ഇല്ല. പ്രണയപരിധിയില്‍ ആരും പെടാം. പ്രേമിച്ചു തുടങ്ങിയാല്‍പ്പിന്നെ ഇരുകൂട്ടരും തമ്മില്‍ കാര്യമായ വ്യത്യാസമൊന്നും ഉണ്ടാവുകയുമില്ല. പ്രണയലേഖനമെഴുതലും, ഒരു നോക്കു കാണാനായി കൊതിക്കുന്നതുമൊക്കെ ഒരു പോലെതന്നെ. ഇതാ ഒരു പ്രസിഡന്‍റിന്‍റെ ആത്മാവില്‍ ചാലിച്ചെഴുതിയ പ്രണയാക്ഷരങ്ങള്‍ പുറത്തുവരുന്നു. അമേരിക്കന്‍ പ്രസിഡന്‍റായിരുന്ന ജോണ്‍.എഫ്.കെന്നഡിയുടെ ലവ് ലെറ്ററുകള്‍ ലേലത്തിനെത്തുന്നു. മോഹങ്ങളടങ്ങുന്ന അക്ഷരങ്ങള്‍ പരസ്യമാകുന്നതിന്‍റെ കൗതുകം മാത്രമല്ല, ലോകം ആരാധിച്ച ഒരു വ്യക്തിത്വത്തിന്‍റെ പ്രണയതീവ്രത പുറംലോകമറിയുന്നു, ആ എഴുത്തുകളിലൂടെ.
1950കളിലെ ഒരു ഇരുപത്തൊന്നുകാരി, സ്വീഡന്‍ സ്വദേശി ഗുനില വോണ്‍ പോസ്റ്റായിരുന്നു കെന്നഡിയുടെ പ്രണയഭാജനം. അന്നു കെന്നഡി വൈറ്റ് ഹൗസിന്‍റെ സിംഹാസനത്തില്‍ എത്തിയിട്ടില്ല. കാമുകന്‍റെ മേല്‍വിലാസം യുഎസ് സെനറ്റര്‍ എന്നു മാത്രം. വിവാഹത്തിന് ഒരു മാസം മുന്‍പാരാംഭിച്ച ബന്ധം. നവവധുവിന്‍റെ വരവിനും ആ ബന്ധത്തെ ഇല്ലാതാക്കാനായില്ല. ഒരു വേള ഭാര്യ ജാക്വിലിന്‍ ബോവറുമായി വേര്‍പിരിയാമെന്നു വരെ ഗുനിലയോടു കെന്നഡിയുടെ വാഗ്ദാനം.
1953ലെ ഒരു വേനല്‍ക്കാലം. സൗത്ത് ഫ്രാന്‍സില്‍ ഒരു രാത്രിനൃത്തത്തിനിടയില്‍ അവര്‍ ആദ്യമായി കണ്ടുമുട്ടി. ഒരു ചുംബനം നല്‍കി പിരിയുമ്പോള്‍ കെന്നഡിയുടെ മനസില്‍ ഗുനിലയുടെ മുഖം പതിഞ്ഞു കഴിഞ്ഞിരുന്നു. പിന്നീടു ഗുനിലയുടെ മേല്‍വിലാസം തേടിപ്പിടിച്ചു കത്തുകളെഴുതിത്തുടങ്ങി കെന്നഡി. 1954 സെപ്റ്റംബറില്‍, വിവാഹത്തിനു ആറു മാസത്തിനു ശേഷം എഴുതിയ ആദ്യകത്തില്‍, താന്‍ ഫ്രാന്‍സിലേക്കു വരുന്നുണ്ടെന്നും ഗുനില അവിടെയുണ്ടാകുമോ എന്നും ചോദിച്ചു. മൂന്നു മാസത്തിനു ശേഷമെഴുതിയ രണ്ടാമത്തെ കത്തില്‍ ആ മനസുണ്ടായിരുന്നു, ഗുനിലയോടൊപ്പം കഴിയാനുള്ള മോഹം കെന്നഡി അറിയിച്ചു.
സാധ്യമാകാത്ത ഒരു യൂറോപ്യന്‍ യാത്രയുടെ മോഹവും കെന്നഡി പങ്കുവച്ചു. മെഡിറ്ററേനിയന്‍ കടലിന്‍റെ തണുപ്പില്‍, ഒരു ബോട്ടില്‍ ഗുനിലയോടൊപ്പം ഒരു യാത്ര. എന്നാല്‍ ഒരു ബാക്ക് ഇഞ്ചുറി മൂലം, ആ മോഹം സാക്ഷാത്കരിച്ചില്ല. ഹോസ്പിറ്റലില്‍ കിടന്നെഴുതിയ കത്തില്‍, തന്നെ കാണാന്‍ ഗുനില അമേരിക്കയില്‍ എത്തണമെന്നായിരുന്നു കെന്നഡിയുടെ ആവശ്യം. ഇതിനിടയില്‍ സ്വീഡിനിലെ ഒരു കോട്ടയില്‍ അവരൊരുമിച്ചു. ഗുനിലയുടെ വാക്കുകളില്‍ പറഞ്ഞാല്‍, അദ്ദേഹത്തെ എന്നില്‍ നിന്ന് ആരും അടര്‍ത്തി മാറ്റാനില്ലാത്ത ഒരാഴ്ചയായിരുന്നു അത്. ഒടുവില്‍ പ്രണയം തീരെയില്ലാത്ത, അവസ്ഥകള്‍ വിവരിച്ചുള്ള അവസാനയെഴുത്തുമെത്തി ഗുനിലയുടെ കൈയില്‍, വീട്ടിലേക്കു ഭാര്യയും സഹോദരിയും വരുന്നു എന്നായിരുന്നു സന്ദേശം. ഇനി പ്രണയാക്ഷരങ്ങള്‍ കുറിക്കാന്‍ കഴിയില്ലെന്നു പറയാതെ പറഞ്ഞു കെന്നഡി.
ഇപ്പോള്‍ എണ്‍പതിനോടടുത്ത ആ പഴയ കാമുകി പറയുന്നു, കെന്നഡി അദ്ദേഹത്തിന്‍റെ അച്ഛനോടു സംസാരിച്ചിരുന്നു, ജാക്വിലിന്‍ ബോവറുമായി വേര്‍പിരിയുന്നതും ന്യൂയോര്‍ക്കില്‍ എന്നോടൊപ്പം സെറ്റില്‍ ചെയ്യുന്നതും....എന്തോ നടക്കാതെ പോയി ആ സ്വപ്നം. 1997ല്‍ ഗുനില എഴുതിയ ഒരു പുസ്തകത്തില്‍ പ്രണയകഥ വെളിപ്പെടുത്തിയിരുന്നു.
1956ല്‍ ആന്‍ഡേഴ്സ് എക്മാനുമായി ഗുനിലയുടെ വിവാഹം.... പക്ഷേ അതിനുമുന്‍പ് ഒരിക്കല്‍ക്കൂടി അവര്‍ കണ്ടുമുട്ടി. ന്യൂയോര്‍ക്കിലെ വാല്‍ഡോര്‍ഫ് അസ്റ്റോറിയ ഹോട്ടല്‍, ഒരു ഏപ്രില്‍ മാസം. ഗുനിലയെ ആശ്ലേഷിച്ചു കൊണ്ടു കെന്നഡി ആ ചെവിയില്‍ മന്ത്രിച്ചു, പിരിയും മുന്‍പ് കാണാന്‍ കഴിഞ്ഞതു ഭാഗ്യമായി ഞാന്‍ കരുതുന്നു...
കെന്നഡിയുടെ മനസുണ്ട് ആ കത്തുകളില്‍, തീവ്രമായ പ്രണയത്തിന്‍റെ അക്ഷരക്കൂട്ടുകള്‍ക്ക് പ്രതീക്ഷിക്കുന്ന വില അന്‍പത്തിനാലു ലക്ഷത്തിലധികം രൂപ. എന്നാല്‍ ആ കത്തെഴുതുമ്പോഴും, നെഞ്ചിടിപ്പോടെ അവ തുറക്കുമ്പോഴും കെന്നഡിയ്ക്കും ഗുനിലയ്ക്കും ആ പ്രണയലേഖനങ്ങള്‍ എത്രമാത്രം വിലപ്പെട്ടതായിരുന്നിരിക്കണം.
Close...
Maximum Character Allowed -
4000