Sunday, August 01, 2010   4:46 AM IST
Supplements
Home>> NRK Zone>> America
America
പ്രതിമയായി മാറിയ ഒബാമ, കുട്ടികള്‍ക്കു കളിപ്പാട്ടം
Thursday, February 18, 2010
|
|
|
ഇന്‍ഡോനേഷ്യയുടെ തലസ്ഥാനമായ ജക്കാര്‍ത്തയിലെ ഒരു സര്‍ക്കാര്‍ സ്കൂളിലെ കുഞ്ഞുങ്ങള്‍ ഇപ്പോള്‍ ഒരു പ്രതിമയെ താലോലിക്കുന്നുണ്ട്. ആ പ്രതിമയ്ക്ക് എട്ടു വയസു പ്രായമുണ്ട്. പ്രതിമയുടെ മുഖച്ഛായ നോക്കി അതാരെന്നു കണ്ടു പിടിക്കാന്‍ വയ്യ. കാരണം ഈ പ്രതിമയ്ക്കു കാരണമായ മനുഷ്യന് ഇപ്പോള്‍ നാല്‍പ്പത്തെട്ടു വയസു പ്രായമുണ്ട്. അമേരിക്കയുടെ പ്രസിഡന്‍റായി ജോലി നോക്കുന്നു, പേര് ബരാക് ഹുസൈന്‍ ഒബാമ.

എട്ടു വയസുകാരന്‍ ഒബാമയുടെ വെങ്കല പ്രതിമ കുട്ടികളുടെ കളിപ്പാട്ടമായി ജക്കാര്‍ത്തയിലെ സര്‍ക്കാര്‍ സ്കൂളില്‍ കിടക്കുന്നതെന്ത് എന്നാണെങ്കില്‍, കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഈ പ്രതിമയെച്ചൊല്ലി ഇന്‍ഡോനേഷ്യയിലുണ്ടായ പ്രശ്നങ്ങളെക്കുറിച്ചറിയണം. മുസ്ലിം ഭൂരിപക്ഷ രാജ്യമായ ഇന്‍ഡോനേഷ്യയില്‍ കുട്ടി ഒബാമയുടെ വെങ്കല പ്രതിമ നാഷണല്‍ പാര്‍ക്കില്‍ സ്ഥാപിച്ചു. പേരില്‍ ഹുസൈന്‍ എന്ന വാക്കുണ്ടായതു കൊണ്ടു മാത്രമല്ല അതു സംഭവിച്ചത്. 1967 മുതല്‍ 71 വരെ അമ്മയോടും രണ്ടാം അച്ഛനോടുമൊപ്പം ഒബാമ ഇന്‍ഡോനേഷ്യയില്‍ താമസിച്ചിരുന്നു. അന്ന് ജക്കാര്‍ത്തിയിലെ മെന്‍റെങ് ജില്ലയിലെ സ്കൂളില്‍ ഒബാമ പഠിക്കുകയും ചെയ്തു. ആ സ്കൂളിലെ കുട്ടികളാണിപ്പോള്‍ കുഞ്ഞ് ഒബാമയെ പരിപാലിക്കുന്നത്. കടുത്ത എതിര്‍പ്പിനെത്തുടര്‍ന്നാണു ജക്കാര്‍ത്ത പാര്‍ക്കില്‍ നിന്ന് ഒബാമയുടെ പ്രതിമ എടുത്തുമാറ്റിയത്.

വിരല്‍ത്തുമ്പില്‍ ഒരു ചിത്രശലഭം വന്നിരിക്കുന്ന തരത്തിലാണു ~ലിറ്റില്‍ ബാരിയുടെ പ്രതിമ ഡിസൈന്‍ ചെയ്തിരിക്കുന്നത്. ലിറ്റില്‍ ബാരി, അതായിരുന്നു സ്കൂളില്‍ ഒബാമയുടെ ചെല്ലപ്പേര്. നിക്കറും ടീ ഷര്‍ട്ടും ധരിച്ചു നില്‍ക്കുന്ന പ്രതിമ ഡിസൈന്‍ ചെയ്തത് ഇന്‍ഡോനേഷ്യന്‍ ആര്‍ട്ടിസ്റ്റുകളാണ്.

എന്നാല്‍ പ്രതിമ ജക്കാര്‍ത്തയിലെ നാഷണല്‍ പാര്‍ക്കില്‍ അനാച്ഛാദനം ചെയ്തതു മുതല്‍ ഇന്‍ഡോനേഷ്യയില്‍ പ്രതിഷേധമായി. പ്രതിമ മാറ്റാന്‍ ഫെയ്സ് ബുക്കില്‍ പ്രത്യേക ക്യാംപെയ്നായി. ഇതില്‍ അന്‍പത്തേഴായിരം ജനങ്ങളാണു കുട്ടി ഒബാമയുടെ പ്രതിമ മാറ്റണം എന്നാവശ്യപ്പെട്ട് സന്ദേശങ്ങള്‍ അയച്ചത്. പ്രതിഷേധം ശക്തമായപ്പോള്‍ പ്രതിമ മാറ്റാന്‍ ജക്കാര്‍ത്തയിലെ ഗവര്‍ണര്‍ നിര്‍ദേശിച്ചു. പക്ഷെ, അടുത്ത മാര്‍ച്ചില്‍ ഒബാമ കുടുംബസമേതം ഇന്‍ഡോനേഷ്യ സന്ദര്‍ശിക്കാനിരിക്കെ എവിടെയെങ്കിലും പ്രതിമ സ്ഥാപിക്കാതെയും വയ്യ. അങ്ങനെയാണ് ഒബാമ പഠിച്ചിരുന്ന എല്‍പി സ്കൂളില്‍ത്തന്നെ പ്രതിമയായി നില്‍ക്കട്ടെ എന്നു തീരുമാനമായത്. അതിനുളള്ള നടപടികള്‍ തുടങ്ങിയിട്ടുണ്ട്. അതു വരെ ആ സ്കൂളിലെ കുട്ടികള്‍ക്കു കളിക്കൂട്ടുകാരനാണു കുട്ടി ഒബാമ.
|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code