ക്രിക്കറ്റ് വികസനത്തിനു സമഗ്ര പദ്ധതി
Friday,
February 19,
2010
കോഴിക്കോട്
ജില്ലയില്‍ ക്രിക്കറ്റിന്‍റെ വികസനത്തിനായി നഗരത്തോടൊപ്പം ഗ്രാമങ്ങളെയും കേ ന്ദ്രീകരിച്ചു സമഗ്ര പദ്ധതിയൊരുങ്ങുന്നു. ഇതിന്‍റെ ആദ്യപടിയായി കേരള ക്രിക്കറ്റ് അസോസിയേഷന്‍റെയും ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍റെയും ആഭിമുഖ്യത്തില്‍ ഏകദിന ക്രിക്കറ്റ് സെമിനാര്‍ അളകാപുരിയില്‍ നടന്നു. 70ഓളം കായികാധ്യാപകര്‍ പങ്കെടുത്തു. സ്കൂളുകള്‍ കേന്ദ്രീകരിച്ചാണു ക്രിക്കറ്റ് മത്സരത്തിന്‍റെ വികസനത്തിനു പ്രാമുഖ്യം നല്‍കുക. 17 സബ്ജില്ലകള്‍ക്കും ക്രിക്കറ്റ് കിറ്റ് ഉള്‍പ്പെടെയുള്ളവ വിതരണം ചെയ്യുന്ന കാര്യം കെസിഎ ആലോചനയിലുണ്ട്. സ്കൂള്‍ ക്രിക്കറ്റായിരുന്നു സെമിനാറിന്‍റെ വിഷയം.
ജില്ലാ തലത്തില്‍ ക്രിക്കറ്റ് മത്സരത്തെ വളര്‍ത്താന്‍ എല്ലാ സഹായങ്ങളും നല്‍കുമെന്നു സെമിനാറില്‍ പങ്കെടുത്തവരുടെ ചോദ്യങ്ങള്‍ക്കു മറുപടിയായി കേരള ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്‍റ് ടി.ആര്‍. ബാലകൃഷ്ണന്‍ പറഞ്ഞു. ക്രിക്കറ്റിന് അനുയോജ്യമായ ഗ്രൗണ്ടുള്ള സ്കൂളുകള്‍ക്കു നെറ്റ് നിര്‍മിക്കാന്‍ ആവശ്യമായ സാമ്പത്തിക സഹായം നല്‍കും. 17 സബ്ജില്ലകള്‍ക്കും ക്രിക്കറ്റ് കിറ്റ് നല്‍കും. ഒ ലെവല്‍ കോച്ചിങ് ഏര്‍പ്പെടുത്താന്‍ ശ്രമിക്കും. കോച്ചിങിനു കായികാധ്യാപകര്‍ തന്നെ മുന്‍കൈയെടുക്കണം. ഗ്രൗണ്ടിന്‍റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കും മറ്റും കെസിഎ സാമ്പത്തിക സഹായം നല്‍കുമെന്നും കെസിഎ പ്രസിഡന്‍റ് പറഞ്ഞു.
ദേശീയ തലത്തില്‍ ബിസിസിഐ വികലാംഗരുടെ ക്രിക്കറ്റ് മത്സരങ്ങള്‍ ഏറ്റെടുത്താലേ കെസിഎക്കും ഇക്കാര്യത്തില്‍ എന്തെങ്കിലും ചെയ്യാനാകൂവെന്നും അദ്ദേഹം പറഞ്ഞു. വികലാംഗര്‍ക്കായി അസോസിയേഷന്‍ തലത്തില്‍ ക്രിക്കറ്റ് മത്സരങ്ങള്‍ സംഘടിപ്പിക്കണമെന്ന കായികാധ്യാപകന്‍റെ ചോദ്യത്തിനു മറുപടിയായാണു ബാലകൃഷ്ണന്‍ ഇക്കാര്യം പറഞ്ഞത്.
നിലവിലുള്ള ഗ്രൗണ്ടുകളുടെ സൗകര്യം ഫലപ്രദമായി ഉപയോഗിക്കണമെന്നും ഗ്രാമങ്ങളില്‍ ടൂര്‍ണമെന്‍റുകള്‍ നടത്താന്‍ ആഗ്രഹിക്കുന്നവര്‍ക്കു കെസിഎ ഭാരവാഹികളോടു ചര്‍ച്ച നടത്താമെന്നും ചടങ്ങില്‍ വിഷയം അവതരിപ്പിച്ചു സംസാരിച്ച കേരള ക്രിക്കറ്റ് അസോസിയേഷന്‍ അസിസ്റ്റന്‍ഡ് സെക്രട്ടറി ഡോ. അനില്‍ കുമാര്‍ പറഞ്ഞു. ഓരോ വര്‍ഷവും ഒരു സ്കൂളിനു ക്രിക്കറ്റ് പരിശീലനത്തിനായി അഞ്ചു വീതം നെറ്റുകള്‍ നല്‍കും. വിദ്യാര്‍ഥികള്‍ക്കു ക്രിക്കറ്റിനെക്കുറിച്ചു സാങ്കേതിക ജ്ഞാനം നല്‍കാന്‍ കോച്ചിങ് ഏര്‍പ്പെടുത്തുമെന്നും അദ്ദേഹം അറിയിച്ചു. സെമിനാറിന്‍റെ ഉദ്ഘാടനം ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്‍റ് കെ.ജെ. മത്തായി നിര്‍വഹിച്ചു.
കെസിഎ പ്രസിഡന്‍റ് ടി.ആര്‍. ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ സെക്രട്ടറി കെ.വി. സനില്‍ ചന്ദ്രന്‍, കെസിഎ നോമിനി ഒ.കെ. മനോഹരന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Close...
Maximum Character Allowed -
4000