അശ്രദ്ധയില്‍ പൊലിഞ്ഞത് 24കാരിയുടെ ജീവന്‍
Sunday,
February 21,
2010
തിരുവനന്തപുരം
അശ്രദ്ധമായി വീട്ടില്‍ സൂക്ഷിച്ചിരുന്ന പടക്കം കവര്‍ന്നത് 24 കാരിയുടെ ജീവന്‍. ശ്രീകാര്യത്തിനു സമീപം ഗാന്ധിപുരം ഗീതു ഭവനില്‍ സുമിയാണു പടക്കം പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ മരിച്ചത്.
വീടിനു സമീപം കടനടത്തുന്ന സുമിയുടെ പിതാവ് സുന്ദരേശന്‍ കഴിഞ്ഞ ദീപാവലിക്കു വില്‍ക്കാനായി വാങ്ങിയ പടക്കങ്ങളില്‍ മിച്ചംവന്നതു വീട്ടിലെ കിടപ്പുമുറിയിലെ റാക്കില്‍ സൂക്ഷിച്ചിരുന്നു. ഇതാണു വെയിലിന്‍റെ ചൂടേറ്റു പൊട്ടിയതെന്നു പ്രാഥമിക നിഗമനം..
സ്ഫോടനം നടക്കുമ്പോള്‍ പെണ്‍കുട്ടി മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളു. അമ്മ സാധനം വാങ്ങാന്‍ കടയിലേക്കും അച്ഛന്‍ ബിസ്നസ് ആവശ്യങ്ങള്‍ക്കു തൃശൂരിലേക്കു പോയിരിക്കുകയായിരുന്നു. വന്‍ സ്ഫോടന ശബ്ദം കേട്ടാണു സമീപവാസികള്‍ ഓടിയെത്തിയത്. അവര്‍ ബക്കറ്റിലും മറ്റും വൈള്ളം കൊണ്ടുവന്നു തീ അണയ്ക്കാന്‍ ശ്രമിച്ചു. എന്നാല്‍, വീണ്ടും വന്‍ ശബ്ദത്തില്‍ പൊട്ടിത്തെറി ഉണ്ടാവുകയും തീ പടര്‍ന്നു പിടിക്കുയും ചെയ്തതിനാല്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് എത്തിയര്‍ക്കു വീടിനു സമീപത്തേയ്ക്ക് എത്താന്‍ കഴിഞ്ഞില്ല.
സംഭവം അറിഞ്ഞു ചാക്ക ഫയര്‍ സ്റ്റേഷനില്‍ നിന്ന് അസിസ്റ്റന്‍റ് ഡിവിഷന്‍ ഓഫിസര്‍ വര്‍ഗീസിന്‍റെയും സ്റ്റേഷന്‍ ഓഫിസര്‍ എ. വാസുദേവന്‍ പിള്ളയുടെയും നേതൃത്വത്തില്‍ എത്തിയ രണ്ട് യൂനിറ്റ് ഫയര്‍ എന്‍ജിനുകള്‍ തീ നിയന്ത്രണ വിധേയമാക്കി. ഇടക്കിടെ വന്‍ ശബ്ദത്തോടെ പൊട്ടിത്തെറിച്ചുകൊണ്ടിരുന്ന പടക്കങ്ങള്‍ ഫയര്‍ഫോഴ്സിന്‍റെ പ്രവര്‍ത്തനത്തിനും തടസം സൃഷ്ടിച്ചു.
ഇതിനിടെ കടയില്‍ പോയ പെണ്‍കുട്ടിയുടെ മാതാവ് മടങ്ങിയെത്തി മുന്‍വശത്തെ കതക് ബലംപ്രയോഗിച്ചു തുറന്നു. കതകിനു സമീപം തറയില്‍ വീണുകിടന്ന നിലില്‍ പെണ്‍കുട്ടിയെ കണ്ടെത്തിയത്.
പടക്കം സൂക്ഷിച്ചിരുന്ന മുറിയുടെ വാതിലും ജനലും പൂര്‍ണമായും കത്തി നശിച്ചു. മുറിയുടെ ചുമരുകളും മേല്‍ക്കൂരയും സ്ഫോടനത്തിന്‍റെ ആഘാതത്തില്‍ പൊട്ടിത്തകര്‍ന്നു. വെടിമരുന്നോ സ്ഫോടക വസ്തുക്കളോ മുറിയില്‍ ഉണ്ടായിരുന്നതിനാലാകാം സ്ഫോടനത്തിന്‍റെ ശക്തി കൂടുതല്‍ കാരണമെന്നു സംശയിക്കുന്നതായി ഫയര്‍ഫോഴ്സ് സേനാംഗങ്ങള്‍.
സുന്ദരേശന്‍ വീടിനോടു ചേര്‍ന്നു നടത്തുന്ന കടയില്‍ എല്ലാ വര്‍ഷവും ലൈസന്‍സ് എടുത്തു പടക്കക്കച്ചവടം നടത്താറുണ്ട്. സരസ്വതി സ്റ്റോഴ്സ് എന്ന കടയില്‍ ആയുര്‍വേദ വൈദ്യശാലയും നടത്തിയിരുന്നു. കച്ചവടത്തിനു ശേഷം മിച്ചം വന്ന പടക്കം അലക്ഷ്യമായി സൂക്ഷിച്ചിരുന്നതാകാം അപകട കാരണമെന്നു പൊലീസ്.
ശ്രീകാര്യം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മരണപ്പെട്ട പെണ്‍കുട്ടിയുടെ മൃതദേഹം മെഡിക്കല്‍കോളെജ് മോര്‍ച്ചറിയില്‍. വസന്തയാണു സുമിയുടെ അമ്മ. സഹോദരന്‍ കഴക്കൂട്ടത്തു ഇലക്ട്രിക്കല്‍ വര്‍ക്ക്ഷോപ്പ് നടത്തുന്നു.
Close...
Maximum Character Allowed -
4000