ന്യൂഡല്‍ഹി
നാണയപ്പെരുപ്പവും വിലക്കയറ്റവും ഒരു വശത്ത്. കുമിഞ്ഞുകൂടുന്ന കമ്മി മറുവശത്ത്. 26നു ബജറ്റ് അവതരിപ്പിക്കുമ്പോള്‍ ധനമന്ത്രി പ്രണബ് മുഖര്‍ജി അഭിമുഖീകരിക്കുന്നതു ശ്രമകരമായ ദൗത്യം. രക്ഷാപാക്കെജുകള്‍ പിന്‍വലിക്കണമെന്ന സമ്മര്‍ദമുള്ളതിനാല്‍ കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ച പല നികുതി ഇളവുകളും ഭാഗികമായെങ്കിലും പിന്‍വലിക്കേണ്ടിവരും. അതു വ്യവസായികളെ നിരാശപ്പെടുത്താതെ നോക്കുക എന്നതും എളുപ്പമല്ല.
ഉടന്‍ ഒരു തെരഞ്ഞെടുപ്പു വരാനില്ല എന്നതാണു പ്രണബിന് ആശ്വാസം. ജനപ്രിയ വാഗ്ദാനങ്ങള്‍ക്കുവേണ്ടി അമിത രാഷ്ട്രീയ സമ്മര്‍ദം ഉണ്ടാവില്ലല്ലോ. റെയ്ല്‍വേ ബജറ്റില്‍ പോലും വാരിക്കോരി സൗജന്യങ്ങള്‍ അനുവദിക്കരുത് എന്ന അഭിപ്രായമാണു മന്ത്രി മമത ബാനര്‍ജിക്കു പ്രണബ് നല്‍കിയത്. ട്രെയ്ന്‍ യാത്രാക്കൂലി, ചരക്കുകൂലി എന്നിവ സേവന നികുതി പരിധിയില്‍ കൊണ്ടുവരുന്നതിനെക്കുറിച്ച് ആലോചനയുണ്ടെന്നും സൂചന. പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതി തന്നെ ഇത്തരമൊരു നിര്‍ദേശം മുന്നോട്ടുവച്ചിട്ടുണ്ട്. സേവന നികുതി വലയം വിശാലമാക്കിവേണം കൂടുതല്‍ ഫണ്ട് കണ്ടെത്താന്‍.
ധനക്കമ്മി കുറയ്ക്കാനുള്ള മാര്‍ഗമെന്ന നിലയില്‍ ഓഹരി വില്‍പ്പനയ്ക്കു വേഗം കൂട്ടാനും ശ്രമമുണ്ടാവും. ലാഭത്തിലുള്ള പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വില്‍പ്പനയ്ക്കു കേന്ദ്ര മന്ത്രിസഭ അനുമതി നല്‍കിയതിനാല്‍ ഇക്കാര്യത്തില്‍ പഴി കേള്‍ക്കേണ്ടി വരില്ലെന്ന ധൈര്യവും ധനമന്ത്രിക്കുണ്ട്. കൊച്ചിന്‍ ഷിപ്പ്യാര്‍ഡ് അടക്കമുള്ള പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വില്‍പ്പനയ്ക്കു കളമൊരുങ്ങുന്നു.
നികുതി വരുമാനം
കൂട്ടും
നികുതി വരുമാനം കുറയുന്നതു ധനമന്ത്രിയെ നിരാശനാക്കുന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം മാന്ദ്യം നേരിടാന്‍ വന്‍ തുക ഇറക്കി. നികുതിയിനത്തില്‍ കുറവു വരികയും ചെയ്തു. ലോക്സഭാ തെരഞ്ഞെടുപ്പിനു ശേഷമുള്ള ആദ്യത്തെ സമ്പൂര്‍ണ ബജറ്റ് വരുമ്പോള്‍ ഈ ട്രെന്‍ഡ് ആവര്‍ത്തിക്കാന്‍ ധനമന്ത്രി അനുവദിക്കില്ലെന്നു വ്യക്തം. നികുതി നിരക്കുകള്‍ വര്‍ധിപ്പിക്കണമെന്നു കഴിഞ്ഞദിവസം പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതി അഭിപ്രായപ്പെട്ടിരുന്നു.
സാമ്പത്തിക മാന്ദ്യത്തെത്തുടര്‍ന്നു കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച രക്ഷാപദ്ധതികളുടെ ഭാഗമായി എക്സൈസ് നികുതി 14 ശതമാനത്തില്‍ നിന്ന് എട്ടു ശതമാനമായി കുറച്ചിരുന്നു. സേവനികുതി 12 ശതമാനത്തില്‍ നിന്നു പത്തു ശതമാനമായും കുറച്ചു. ഈ ബജറ്റില്‍ ഇവ വീണ്ടും കൂട്ടുമെന്നാണു കരുതുന്നത്.
വ്യക്തിഗത നികുതിയില്‍ വലിയ മാറ്റത്തിനു സാധ്യതയില്ല. ആദായ നികുതിയിനത്തിലും മറ്റും കഴിഞ്ഞ ബജറ്റിനെ അപേക്ഷിച്ചു വലിയ തോതിലുള്ള അന്തരം പ്രതീക്ഷിക്കുന്നില്ല.
ബുക്ക് പ്രോഫിറ്റിനും മറ്റും കമ്പനികള്‍ നല്‍കുന്ന നികുതിയായ മിനിമം ഓള്‍ട്ടര്‍നേറ്റ് ടാക്സ് (എംഎടി) കുറച്ചേക്കും. അടുത്ത സാമ്പത്തിക വര്‍ഷം മുതല്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന ഡയറക്റ്റ് ടാക്സ് കോഡ് ശുപാര്‍ശ ചെയ്യുന്നതു രണ്ടു ശതമാനം എംഎടിയാണ്. ഇപ്പോള്‍ 15% നികുതി ഈ ഇനത്തില്‍ ഈടാക്കുന്നുണ്ട്. ഇതു പ്രവര്‍ത്തനച്ചെലവില്‍ വലിയ ഭാഗം അപഹരിക്കുന്നതായി കമ്പനികള്‍ക്കു പരാതിയുണ്ട്. പത്തു ശതമാനമായി കുറയ്ക്കണമെന്നാണു വിവിധ കമ്പനികളുടെ ആവശ്യം.
എക്സൈസ് നികുതി ഏകീകരിക്കണമെന്നും സോഫ്റ്റ്വെയര്‍ കയറ്റുമതിക്കാര്‍ക്കു സേവന നികുതി ഒഴിവാക്കണമെന്നും പെട്രോളിയം ഉത്പന്നങ്ങളുടെ സബ്സഡി സംബന്ധിച്ചു കൂടുതല്‍ വ്യക്തത വേണമെന്നും റിയല്‍ എസ്റ്റേറ്റ് മേഖലയക്കു പ്രോത്സാഹനം വേണമെന്നുമൊക്കെ നിരവധി അപേക്ഷകള്‍ അടുത്തിടെ ധനമന്ത്രിക്കു കിട്ടിയിരുന്നു. എന്നാല്‍, നികുതി വരുമാനത്തെ ബാധിക്കുന്ന തരത്തില്‍ ആനുകൂല്യങ്ങള്‍ വാരിച്ചൊരിയാവുന്ന അവസ്ഥയിലല്ല പ്രണബിന്‍റെ പണപ്പെട്ടിയിപ്പോള്‍.
കാര്‍ഷിക മേഖലയ്ക്കു തുണ വേണം
കാര്‍ഷിക ഉത്പാദനം കുറയുന്നതു മുന്നില്‍ക്കണ്ടുള്ള നടപടികള്‍ ബജറ്റില്‍ ഉണ്ടാ വും. ആധുനിക സാങ്കേതിക വിദ്യകള്‍ കാര്‍ഷിക രംഗത്തേക്കു കൊണ്ടുവന്ന് അത്യുത്പാദന ശേഷി കൈവരിക്കാനുതകുന്ന നടപടികളാണു പ്രതീക്ഷിക്കുന്നത്. കഴിഞ്ഞമാസങ്ങളില്‍ വിലക്കയറ്റം രൂക്ഷമായ അനുഭവം ധനമന്ത്രിക്കു മുന്നിലുണ്ട്.
കാര്‍ഷിക ഉത്പാദനം വര്‍ധിപ്പിക്കുന്നതു ലക്ഷ്യമിട്ടുള്ള കേന്ദ്ര സര്‍ക്കാരിന്‍റെ നടപടികള്‍ പക്ഷേ, വളം വിലവര്‍ധന പോലുള്ള നീക്കങ്ങള്‍ നടത്തിയതിലൂടെ വിമര്‍ശനത്തിനിടയാക്കിയിട്ടുണ്ട്. യഥേഷ്ടം വളം ലഭ്യമാകുന്ന സാഹചര്യമാണു കര്‍ഷകര്‍ക്കു വേണ്ടത്. അരി, പഞ്ചസാര തുടങ്ങിയ ഉത്പന്നങ്ങളുടെ ഉത്പാദനം കുറഞ്ഞതാണ് അടുത്തകാലത്തു വിലക്കയറ്റമുണ്ടാകാന്‍ പ്രധാന കാരണം. ഇതു മുന്നില്‍ കണ്ടുകൊണ്ടുള്ള പരിഹാര നടപടികള്‍ കണ്ടെത്തേണ്ടതുണ്ട്.
അടിസ്ഥാന സൗകര്യ
വികസനം: തടസം പണം
അടിസ്ഥാന സൗകര്യ വികസനരംഗത്തു ലോകത്തെ പ്രമുഖ രാജ്യങ്ങള്‍ക്കൊപ്പം എത്തണമെങ്കില്‍ വന്‍തോതില്‍ മുതല്‍മുടക്കു വേണം. ഇതിനു കഴിഞ്ഞ വര്‍ഷങ്ങളില്‍ തന്നെ യുപിഎ സര്‍ക്കാര്‍ തുടക്കമിട്ടിരുന്നു. ഇതു തുടരും. ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്മെന്‍റില്‍ കൂടുതല്‍ ഫോക്കസ് എന്നാണു പറഞ്ഞുകേള്‍ക്കുന്നത്. നിര്‍മാണ മേഖലയ്ക്ക് ഈ ബജറ്റിലും സഹായം പ്രതീക്ഷിക്കാം.
റോഡ് പദ്ധതികളിലും തുറമുഖ, വിമാനത്താവള പദ്ധതികളിലും സ്വകാര്യ മേഖലയുടെ കൂടി പങ്കാളിത്തത്തോടെ വന്‍ വികസനമാണു കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. വിമാനത്താവളങ്ങളോടനുബന്ധിച്ച് വ്യവസായ പാര്‍ക്കുകളും മറ്റു വിനോദ വ്യവസായങ്ങളും കൊണ്ടു വരണമെന്നും കേന്ദ്ര സര്‍ക്കാര്‍ നിഷ്കര്‍ഷിക്കുന്നു. ഇതിനു പണം കണ്ടെത്തുകയെന്നതു പ്രധാനവെല്ലുവിളി. സ്വകാര്യ മേഖലയെ പരമാവധി ആകര്‍ഷിച്ചാലേ ഈ വെല്ലുവിളി നേരിടാനാവൂ, ധനമന്ത്രിക്ക്.
Close...
Maximum Character Allowed -
4000