Thursday, February 09, 2012   6:32 AM IST
Supplements
Home>> News>> Kerala News
Kerala News
നയപ്രഖ്യാപനം ആവര്‍ത്തനവിരസം
Wednesday, February 24, 2010
|
|
|
തിരുവനന്തപുരം

സ്വന്തം ലേഖകന്‍

ഭരണഘടനാ ബാധ്യത നിറവേറ്റുന്ന ചടങ്ങ് മാത്രമാക്കി നയപ്രഖ്യാപന പ്രസംഗത്തെ അധഃപതിപ്പിച്ചുവെന്ന് പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടി.

നിയമസഭാ നടപടികള്‍ പൂര്‍ത്തീകരിക്കുന്നതിനുള്ള ചടങ്ങു മാത്രമാക്കി നയപ്രഖ്യാപനത്തെ തരംതാഴ്ത്തിയെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. ഇടതുസര്‍ക്കാരിന് വാക്കും പ്രവൃത്തിയും തമ്മില്‍ ബന്ധമില്ല. ഈ പ്രഖ്യാപനത്തില്‍ പുതിയതായി ഒന്നുമില്ല. ആവര്‍ത്തന വിരസമായ നയപ്രഖ്യാപന പ്രസംഗമാണ് ഗവര്‍ണറെക്കൊണ്ട് ചെയ്യിച്ചത്. ഭൂമി കൈയേറ്റങ്ങള്‍ ഒഴിപ്പിക്കുന്നതിനെക്കുറിച്ച് നയപ്രഖ്യാപനം നിശബ്ദത പാലിച്ചിരിക്കുന്നു. മൂന്നാര്‍ ദൗത്യം പരാജയപ്പെട്ട സാഹചര്യത്തില്‍ സര്‍ക്കാരിന്‍റെ നയം എന്തായിരിക്കുമെന്നതില്‍ സര്‍ക്കാര്‍ മൗനം പാലിച്ചിരിക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു. വന്‍കിട കൈയേറ്റക്കാര്‍ കൈയേറിയ സര്‍ക്കാര്‍ ഭൂമി അവരുടെ കൈയില്‍ത്തന്നെ ഇരിക്കുമെന്നാണ് ഈ നയപ്രഖ്യാപനം വ്യക്തമാക്കുന്നത്. കൈയേറ്റം ഒഴിപ്പിക്കുന്നതിനോ കര്‍ശന നടപടി സ്വീകരിക്കുന്നതിനോ സര്‍ക്കാരിന് ആത്മാര്‍ഥതയില്ല.

വികസനപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കുമെന്ന പ്രതീക്ഷയാണ് പ്രസംഗം പ്രകടിപ്പിക്കുന്നത്. പൂര്‍ത്തീകരിച്ച നേട്ടങ്ങളെക്കുറിച്ച് പറയാനൊന്നുമില്ല. അഭിമാനിക്കാവുന്ന ഒരു വികസനനേട്ടവുമില്ല. അവസാനവര്‍ഷം സമയബന്ധിതമായി തീര്‍ക്കുമെന്ന പ്രതീക്ഷ തന്നെ നാലു വര്‍ഷത്തെ സര്‍ക്കാരിന്‍റെ നിഷ്ക്രിയത്വം വ്യക്തമാക്കുന്നതാണ്. വില സ്ഥിരതാ ഫണ്ട് രൂപീകരിക്കണമെന്ന പ്രഖ്യാപനത്തോട് അനുകൂലിക്കുന്നു. നാഫെഡ് വഴി കൊപ്ര സംഭരണത്തിന് കേന്ദ്രസര്‍ക്കാര്‍ താങ്ങുവില നിശ്ചയിച്ചിട്ടും ഏറ്റെടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയാറായില്ല. വില സ്ഥിരതാ ഫണ്ടിന്‍റെ കാര്യത്തിലായാലും നടപ്പിലാക്കാനുള്ള കാര്യക്ഷമത സര്‍ക്കാരിനില്ല. വില വര്‍ധനവ് നിയന്ത്രിക്കുന്നതിന് ഫലപ്രദമായ നടപടികളും പ്രഖ്യാപനത്തിലില്ല. സപ്ലൈകോയുടെ വിപണി ഇടപെടല്‍ 30%ല്‍ നിന്നും 35%ആക്കുമെന്നാണ് പറയുന്നത്. 30%ആയിട്ടുപോലും വിലവര്‍ധനവ് നിയന്ത്രിക്കാനായില്ല.

സര്‍ക്കാരിന്‍റെ വ്യവസായ നയത്തിലൂടെ നിക്ഷേപസൗഹൃദ സംസ്ഥാനമായി മാറ്റാന്‍ കഴിഞ്ഞുവെന്ന പ്രഖ്യാപനം യാഥാര്‍ഥ്യത്തില്‍ നിന്നും അകലെയാണ്. കഴിഞ്ഞ നാലു വര്‍ഷത്തിനിടെ എത്ര വ്യവസായ നിക്ഷേപങ്ങള്‍ കേരളത്തില്‍ വന്നു? സെസിന്‍റെ കാര്യത്തിലും മുഖ്യമന്ത്രിയും മന്ത്രിമാരും തമ്മില്‍ തര്‍ക്കമാണ്. പുതിയ പ്രൊപ്പോസലുകള്‍ നല്‍കാന്‍ പോലും കഴിയുന്നില്ല. സര്‍ക്കാരിന്‍റെ ഒന്നാം വര്‍ഷത്തില്‍ കൊട്ടിഘോഷിച്ച സ്മാര്‍ട്ട്സിറ്റി എവിടെയെന്നും ഉമ്മന്‍ചാണ്ടി ചോദിച്ചു. സ്മാര്‍ട്ട്സിറ്റി തകര്‍ത്തവരാണ് പുതിയ ഐടി പാര്‍ക്കുകള്‍ തുടങ്ങുമെന്ന് പറയുന്നത്. സ്മാര്‍ട്ട്സിറ്റിയുടെ കാര്യത്തില്‍ കഴിഞ്ഞ നാലു വര്‍ഷമായി ഒന്നും ചെയ്യാത്ത സര്‍ക്കാര്‍ ചെറുപ്പക്കാരുടെ സ്വപ്നം തകര്‍ത്തു.

സാമ്പത്തികനില ഭദ്രമാണെന്നാണ് പ്രഖ്യാപനം. മുഴുവന്‍ ക്ഷേമനിധികളും ഒന്നിച്ച് ട്രഷറിയില്‍ വന്നാലേ പെന്‍ഷന്‍ നല്‍കാന്‍ കഴിയു എന്ന സ്ഥി തിയാണുള്ളത്. സംസ്ഥാനത്തിന്‍റെ ക്രമസമാധാന നിലയെക്കുറിച്ച് കോടതി രൂക്ഷമായി വിമര്‍ശിച്ച സാഹചര്യം മുന്‍പെങ്ങുമുണ്ടായിട്ടില്ല.

ക്രമസമാധാന നില മെച്ചമെന്ന് പറഞ്ഞത് കടന്ന കൈയായിപ്പോയി. ദേശീയ തൊഴിലുറപ്പ് പദ്ധതി മെച്ചപ്പെടുന്നുവെന്നാണ് പറയുന്നത്. കഴിഞ്ഞ ആറുമാസത്തില്‍ 22% മാത്രമാണ് ചെലവഴിക്കാനായത്. ഈ വര്‍ഷവും ടാര്‍ഗറ്റിന്‍റെ അടുത്തുപോലും എത്തില്ല. മൂലധന സ്വരൂപത്തിന് പുതിയ പദ്ധതികള്‍ പ്രഖ്യാപിക്കുമെന്നത് സ്വാഗതം ചെയ്യുന്നു. ആന്ധ്രപ്രദേശ് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ തൊഴിലുറപ്പ് പദ്ധതി പ്രയോജനപ്പെടുത്തിയാണ് മൂലധനം സ്വരൂപിക്കുന്നതെന്നും ഉമ്മന്‍ചാണ്ടി ചൂണ്ടിക്കാട്ടി.

യുഡിഎഫ് കൊണ്ടുവന്ന ആരോഗ്യസുരക്ഷ പദ്ധതി ഇടതുസര്‍ക്കാര്‍ അട്ടിമറിച്ചു. ബദല്‍ പദ്ധതി കൊണ്ടുവരുമെന്ന് പറഞ്ഞെങ്കിലും നാലുവര്‍ഷമായിട്ടും നടപ്പായില്ല. ആരോഗ്യസുരക്ഷ പദ്ധതിയിലൂടെ കേന്ദ്ര സര്‍ക്കാര്‍ പാവപ്പെട്ടവര്‍ക്ക് നല്‍കുന്ന 300 രൂപ ഗ്രാന്‍റ് കഴിഞ്ഞ മൂന്നരവര്‍ഷമായി നഷ്ടപ്പെടുത്തുകയാണ്.

കുടുംബശ്രീയെക്കുറിച്ച് നയപ്രഖ്യാപനത്തില്‍ പരാമര്‍ശമില്ല. കുടുംബശ്രീക്ക് യുഡിഎഫ് സര്‍ക്കാര്‍ നല്‍കിയ തുക പോലും ചെലവഴിച്ചുകഴിഞ്ഞിട്ടില്ല. ആശ്രയ പദ്ധതി സര്‍ക്കാര്‍ അട്ടിമറിച്ചു. ആശ്രയ പദ്ധതിയില്‍ 80ല്‍ താഴെ പഞ്ചായത്തുകള്‍ ഏറ്റെടുക്കാനേ കഴിഞ്ഞിട്ടുള്ളുവെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

നയപ്രഖ്യാപനം ശുഷ്കവും ദരിദ്രവുമാണെന്ന് കേരള കോണ്‍ഗ്രസ് -എം നേതാവ് കെ.എം മാണി പ്രതികരിച്ചു. വായിക്കാന്‍ ഒന്നുമില്ലാത്തതുകൊണ്ടാണ് ഗവര്‍ണര്‍ ആമുഖവും ഉപസംഹാരവും മാത്രം വായിച്ചത്. പദ്ധതികളുടെ കാര്യക്ഷമമായ നടത്തിപ്പിന് നടപടികളൊന്നുമില്ല- അദ്ദേഹം കുറ്റപ്പെടുത്തി.

സംസ്ഥാനത്തിന്‍റെ സമഗ്ര വികസനത്തിനുതകുന്ന ഒന്നും ഇത്തവണത്തെ നയപ്രഖ്യാപനത്തിലും കാണാനില്ലെന്നു കെപിസിസി പ്രസിഡന്‍റ് രമേശ് ചെന്നിത്തല. എല്ലാ വര്‍ഷത്തെപ്പോലെ വെറും ഒരു വഴിപാടു മാത്രമായി നയപ്രഖ്യാപന പ്രസംഗത്തെ ഇടതു സര്‍ക്കാര്‍ അധഃപതിപ്പിക്കുകയാണു ചെയ്തിരിക്കുന്നത്.

സാധാരണക്കാര്‍ക്കോ, ആദിവാസികള്‍ക്കോ തൊഴില്‍ രഹിതരായ ചെറുപ്പക്കാര്‍ക്കോ മറ്റു പാര്‍ശ്വവത്കൃത ജനവിഭാഗങ്ങള്‍ക്കോ പ്രതീക്ഷ നല്‍കുന്ന യാതൊന്നും നയപ്രഖ്യാപനത്തിലൂടെ സര്‍ക്കാര്‍ മുന്നോട്ടു വച്ചിട്ടില്ല. മാത്രമല്ല മുന്‍ നയപ്രഖ്യാപന പ്രസംഗത്തില്‍ പറഞ്ഞിട്ടുള്ള ഒട്ടുമിക്ക കാര്യങ്ങളും കടലാസില്‍ ഒതുങ്ങുക മാത്രമാണു ചെയ്തിട്ടുള്ളത്. സര്‍ക്കാരിന്‍റെ അവസാന വര്‍ഷത്തിലും ഗൗരവതരമായ ജനകീയ പ്രശ്നങ്ങള്‍ ഒന്നുപോലും പരിഹരിക്കാനുള്ള ഇച്ഛാശക്തിയില്ലെന്ന് തെളിഞ്ഞെന്നും അദ്ദേഹം പറഞ്ഞു.

നയപ്രഖ്യാപനത്തില്‍ അഭിന്ദനം അര്‍ഹിക്കുന്ന വിധത്തിലുള്ള പ്രഖ്യാനങ്ങളോ പ്രത്യുല്പാദനപരമായ നിര്‍ദേശങ്ങളോ ഇല്ലെന്ന് മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി.

കഴിഞ്ഞ വര്‍ഷത്തെ വാര്‍ഷിക പദ്ധതിയുടെ ചെലവ് 50%ത്തില്‍ താഴെ മാത്രമാണ്. ഇതു വാര്‍ഷിക പദ്ധതി നടത്തിപ്പില്‍ വന്ന വന്‍ പരാജയമാണൂ സൂചിപ്പിക്കുന്നത്.

കേന്ദ്രാവിഷ്കൃത പദ്ധതികളുടെ ചെലവുപോലും 20%ത്തില്‍ താഴെ മാത്രം. കേന്ദ്രത്തില്‍ 100% ധനസഹായം ലഭിച്ച പദ്ധതികളില്‍ ഒന്നുപോലും സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിട്ടില്ല- കുഞ്ഞാലിക്കുട്ടി പറഞ്ഞു.
|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code