ന്യൂഡല്‍ഹി
സാമ്പത്തിക പരിഷ്കാരങ്ങള്‍ ബജറ്റില്‍ കൊട്ടിഘോഷിക്കുന്നതിനോടു താത്പര്യമൊന്നുമില്ല ധനമന്ത്രി പ്രണബ് മുഖര്‍ജിക്ക്. ബജറ്റിനു പുറത്തുചെയ്യാവുന്ന കാര്യങ്ങള്‍ ഉള്‍ക്കൊള്ളിച്ച് എന്തിനു വെറുതേ വിവാദമുണ്ടാക്കണം.
ചിന്ത ഈ വിധമായതിനാല്‍ വലിയ പരിഷ്കാരങ്ങള്‍ ബജറ്റില്‍ പ്രതീക്ഷിക്കേണ്ട. മൂടിപ്പൊതിഞ്ഞു സൂചനകള്‍ നല്‍കാനാവും ധനമന്ത്രി ശ്രമിക്കുക.
വിലക്കയറ്റവും ഉയര്‍ന്ന നാണയപ്പെരുപ്പവും ഒരു വശത്തും ലോകസാമ്പത്തിക ശക്തിയായി മുന്നേറാനുള്ള നയസമ്മര്‍ദം മറുവശത്തും വരുമ്പോള്‍ അതിനിടയില്‍ ബാലന്‍സിങ് പോളിസിക്കാവും പ്രണബ് മുഖര്‍ജി മുന്‍തൂക്കം നല്‍കുക. എല്ലാ വിഭാഗം ജനങ്ങള്‍ക്കും പ്രയോജനം ചെയ്യുന്ന നയത്തിലൂടെ സമഗ്രവികസനം നേടാം എന്ന തത്വത്തിലൂന്നിയായിരിക്കും ബജറ്റ്.
ഇന്ധനവില നിയന്ത്രണം നീക്കല്‍, വ്യോമയാനം, റീട്ടെയ്ല്‍, ഇന്‍ഷ്വറന്‍സ് മേഖലകളിലെ പരിഷ്കാരം, വിദ്യാഭ്യാസ- ആരോഗ്യ മേഖലകളില്‍ കൂടുതല്‍ വിദേശനിക്ഷേപം തുടങ്ങി വിവാദങ്ങള്‍ ഉണ്ടാക്കാവുന്ന പരിഷ്കാരങ്ങള്‍ പല തുണ്ട്. ഇവയിലൊന്നും വലിയ വിപ്ലവം പ്രതീക്ഷിക്കുന്നില്ലെങ്കിലും നടപടികളുടെ ആദ്യ സൂചന കാണും. ഇന്‍ഷ്വറന്‍സ് മേഖലയില്‍ നേരിട്ടുള്ള വിദേശ നിക്ഷേപം 26 ശതമാനത്തില്‍ നിന്ന് 49 ശതമാനമാക്കണമെന്ന ആവശ്യം കുറേകാലമായി ഉയര്‍ന്നു വരുന്നതാണ്.
വിദ്യാഭ്യാസ- ആരോഗ്യ മേഖലകളില്‍ കൂടുതല്‍ വിദേശ നിക്ഷേപം നടത്തുന്നതിനുള്ള നടപടികള്‍ ബന്ധപ്പെട്ട മന്ത്രാലയങ്ങള്‍ തുടങ്ങിയിട്ടുണ്ട്. കൂടുതല്‍ വിദേശ സര്‍വകലാശാലകളെ രാജ്യത്തേക്കു കൊണ്ടുവന്നു വിദ്യാഭ്യാസം കൂടുതല്‍ ആധുനികമാക്കാനുള്ള നടപടികള്‍ മാനവശേഷി മന്ത്രാലയം എടുത്തുവരുന്നുണ്ട്. ആരോഗ്യ രംഗത്തു വിദേശ സാങ്കേതിക വിദ്യകളും ആശുപത്രികളും കടന്നുവരുന്നതിന് ആരോഗ്യമന്ത്രാലയം അനുകൂലമാണ്.
ബാങ്കിങ് മേഖലയില്‍ വലിയ തോതിലുള്ള പരിഷ്കാരങ്ങള്‍ക്കു ധനമന്ത്രി തയാറാവുമോയെന്നതും കാത്തിരുന്നു കാണണം. പൊതുമേഖലാ ബാങ്കുകളുടെ ലയനം, വിദേശനിക്ഷേപം അനുവദിക്കല്‍ തുടങ്ങിയവ പരിഗണിക്കപ്പെടുമോയെന്ന് ഈ മേഖല ഉറ്റുനോക്കുന്നു.
Close...
Maximum Character Allowed -
4000