ഗ്വാളിയര്‍
രാജഭരണത്തിന്‍റെ പ്രതാപകാലം സര്‍വാഡംബരങ്ങളോടെയും ഇന്നലെ ക്യാപ്റ്റന്‍ രൂപ് സിങ് സ്റ്റേഡിയത്തില്‍ പുനരവതരിച്ചു. രാജസൂയം പൂര്‍ത്തിയാക്കാന്‍ മഹാരാജാവ് യുദ്ധം ചെയ്തതു വാളും പരിചയുമെടുത്തല്ല, ക്രിക്കറ്റ് ബാറ്റില്‍നിന്ന് അവാച്യമനോഹരങ്ങളായ ഷോട്ടുകളുതിര്‍ത്ത്. അവിടെ ദക്ഷിണാഫ്രിക്കന്‍ ബൗളര്‍മാരുടെ കൂട്ടക്കുരുതി നടന്നു, ഫീല്‍ഡിങ് കാലാളുകള്‍ ബൗണ്ടറി തേടിപ്പാഞ്ഞ് തളര്‍ന്നവശരായി. ലോക ക്രിക്കറ്റിന്‍റെ മഹാരാജാവ് സച്ചിന്‍ ടെല്‍ഡുല്‍ക്കര്‍ ചക്രവര്‍ത്തിയായി അഭിഷിക്തനാകുന്ന ചടങ്ങിന് സാക്ഷ്യം വഹിക്കാനുള്ള ചരിത്രനിയോഗം ഗ്വാളിയറിന്.
147 പന്തില്‍ 200 റണ്‍സെടുത്തു പുറത്താകാതെ നിന്ന സച്ചിന്‍ ടെല്‍ഡുല്‍ക്കറുടെ അമാനുഷികതയുടെ മികവില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യ പടുത്തുയര്‍ത്തിയത് 401 റണ്‍സ്. 50 ഓവറില്‍ നഷ്ടമായത് മൂന്നേമൂന്നു വിക്കറ്റ് മാത്രം. ദക്ഷിണാഫ്രിക്കയുടെ മറുപടി 42.5 ഓവറില്‍ 248 റണ്‍സിന് അവസാനിച്ചപ്പോള്‍, മൂന്നു മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയില്‍ ഇന്ത്യയ്ക്ക് 2-0 എന്ന നിലയില്‍ അപരാജിത ലീഡ്. നിസംശയം സച്ചിന്‍ തന്നെ മാന്‍ ഒഫ് ദ മാച്ച്.
ഡേ-നൈറ്റ് മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ മഹേന്ദ്ര സിങ് ധോണിക്കു ബാറ്റിങ് തെരഞ്ഞെടുക്കാന്‍ രണ്ടാമതൊരാലോചന ആവശ്യമായിരുന്നില്ല. പക്ഷേ, ഒമ്പതാം ഓവറില്‍ വീരേന്ദര്‍ സേവാഗിനെ നഷ്ടമായത് ഇന്ത്യയ്ക്കു തിരിച്ചടിയാകുമെന്നു ദക്ഷിണാഫ്രിക്കക്കാര്‍ പ്രതീക്ഷിച്ചെങ്കില്‍, സച്ചിന്‍ ടെന്‍ഡുല്‍ക്കറും ഒരിക്കല്‍ക്കൂടി വണ്‍ ഡൗണായിറങ്ങിയ ദിനേശ് കാര്‍ത്തിക്കും ആ പ്രതീക്ഷകള്‍ തല്ലിത്തകര്‍ത്തി. 194 റണ്‍സ് കൂട്ടിച്ചേര്‍ത്ത ഇവര്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരേ ഇന്ത്യയുടെ ഏറ്റവും ഉയര്‍ന്ന രണ്ടാം വിക്കറ്റ് കൂട്ടുകെട്ടിന്‍റെ റെക്കോഡും തിരുത്തിയെഴുതി.
85 പന്തില്‍ നാലു ബൗണ്ടറിയും മൂന്നു സിക്സറും സഹിതം 79 റണ്‍സെടുത്തു കാര്‍ത്തിക് പുറത്താകുമ്പോള്‍ ഇന്ത്യന്‍ സ്കോര്‍ മുപ്പത്തിനാലാം ഓവറില്‍ 219 വരെയെത്തിയിരുന്നു. ഇതിനിടെ ഏകദിനത്തില്‍ തന്‍റെ ഉയര്‍ന്ന വ്യക്തിഗത സ്കോറും (69) കാര്‍ത്തിക് മറികടന്നു. സെക്കന്‍ഡ് ഡൗണായി പ്രൊമോഷന്‍ കിട്ടിയ യൂസഫ് പഠാന്‍ വന്നതിന്‍റെ അടുത്ത ഓവറി ല്‍ തന്നെ ഇന്ത്യ ബാറ്റിങ് പവര്‍ പ്ലേ സ്വീകരിച്ചു. ഏല്‍പ്പിച്ച ജോലി പഠാന്‍ കൃത്യമായി നിര്‍വഹിച്ചപ്പോള്‍ അഞ്ചോവറില്‍ 63 റണ്‍സ് പിറന്നു. 81 റണ്‍സിന്‍റെ കൂട്ടുകെട്ടില്‍ പഠാന്‍റെ സംഭാവന 23 പന്തില്‍ 36 റണ്‍സ്. അതിലുള്‍പ്പെട്ടതു നാലു ഫോറും രണ്ടു പടുകൂറ്റന്‍ സിക്സറുകളും.
രണ്ടു മികച്ച സ്ട്രോക്ക് പ്ലെയേഴ്സിനൊപ്പമുള്ള കൂട്ടുകെട്ടുകളിലും മേധാവിത്വം സച്ചിനു തന്നെയായിരുന്നു. പന്തുകള്‍ യഥേഷ്ടം ബൗണ്ടറികള്‍ തേടിപ്പോയി. സ്പിന്നര്‍മാര്‍ക്കെതിരേ സ്റ്റെപ്പ് ഔട്ട് ചെയ്യാന്‍ മടിക്കാത്ത പഴയ സച്ചിന്‍ പുനരവതരിക്കുന്നതാണ് ഇന്നലെ കണ്ടത്. ഒപ്പം, ഡെയ്ല്‍ സ്റ്റെയ്ന്‍റെയും എക്പ്രസ് പേസിനും വെയ്ന്‍ പാര്‍നെലിന്‍റെ കൗശലത്തിനും ചാള്‍ ലാങ്വെല്‍റ്റിന്‍റെ കൃത്യതയ്ക്കുമെതിരേ തികഞ്ഞ ആധികാരികതയും.
അഞ്ചാമനായെത്തിയ ധോണിക്കു മാത്രമാണ് കൂട്ടുകെട്ടിലെ സ്കോറിങ്ങില്‍ സച്ചിനെ മറികടക്കാനായത്. നാലാം വിക്കറ്റ് കൂട്ടുകെട്ട് 101 തികച്ചപ്പോള്‍ ധോണി 35 പന്തില്‍ നേടിയത് 68 റണ്‍സ്. അപ്പോഴേക്കും തളര്‍ന്നവശനായിരുന്നെങ്കിലും റണ്ണറെ ആവശ്യപ്പെടാതെ തുടരാന്‍ തന്നെയായിരുന്നു സച്ചിന്‍റെ സുധീരമായ തീരുമാനം. അവസാന ഓവറുകളില്‍ ധോണി കൂടുതല്‍ സ്ട്രൈക്ക് എടുത്തത് സച്ചിന്‍റെ മേല്‍ സമ്മര്‍ദം കുറച്ചു, ഒപ്പം, ഇരുനൂറിനായി അക്ഷമരായ ആരാധകരുടെ കാത്തിരിപ്പ് അവസാന ഓവര്‍ വരെ നീട്ടുകയും ചെയ്തു. ഓപ്പണറായി ക്രീസിലെത്തി, അപരാജിതനായി മടങ്ങുമ്പോള്‍ 46ാം ഏകദിന സെഞ്ചുറിയും 93ാം അന്താരാഷ്ട്ര സെഞ്ചുറിയും സച്ചിന്‍ സ്വന്തം പേരില്‍ കുറിച്ചിരുന്നു. പാക്കിസ്ഥാന്‍റെ സയീദ് അന്‍വറിന്‍റെയും സിംബാബ്വെയുടെ ചാള്‍സ് കവന്‍റ്രിയുടെയും പേരിലുണ്ടായിരുന്ന 194 റണ്‍സിന്‍റെ റെക്കോഡാണു പഴങ്കഥയായത്. ഇതിനു മുന്‍പുള്ള സച്ചിന്‍റെ ഉയര്‍ന്ന സ്കോര്‍ 1999ല്‍ ന്യൂസിലന്‍ഡിനെതിരേ നേടിയ 186.
സച്ചിന്‍ പ്രഭാവത്തില്‍ അമ്പേ തകര്‍ന്നു പോയ ദക്ഷിണാഫ്രിക്കയ്ക്കു മറുപടി ബാറ്റിങ്ങില്‍ ഒന്നു പൊരുതി നോക്കാന്‍ പോലുമായില്ല. 101 പന്തില്‍ 114 റണ്‍സെടുത്തു പുറത്താകാതെ നിന്ന എബ്രഹാം ഡിവില്ലിയേഴ്സിന്‍റെ പ്രകടനം പോലും ഒന്നിനും തികഞ്ഞില്ല. പ്രവീണ്‍ കുമാറിന്‍റെ പന്ത് സ്റ്റമ്പിലേക്കു വലിച്ചിട്ടുകൊണ്ട് ഹെര്‍ഷലെ ഗിബ്സാണ് (7) ദക്ഷിണാഫ്രിക്കന്‍ തകര്‍ച്ചയ്ക്കു തുടക്കം കുറിച്ചത്. വമ്പനടികളുമായി ഭീഷണിയുയര്‍ത്തിയ ഹാഷിം അംലയെയും (34) റോലൊഫ് വാന്‍ ഡെര്‍ മെര്‍വിനെയും (12) പുറത്താക്കിയ ശ്രീശാന്ത് അവരുടെ പ്രതീക്ഷ തുടക്കത്തിലേ തല്ലിക്കെടുത്തുകയും ചെയ്തു.
ജാക്ക് കാലിസ് (11), അല്‍വിരോ പീറ്റേഴ്സന്‍ (9), ജെ.പി. ഡുമിനി (0), മാര്‍ക്ക് ബൗച്ചര്‍ (14) എന്നിവര്‍ക്കും പിടിച്ചുനില്‍ക്കാനായില്ല. ആദ്യ മത്സരത്തില്‍ വീറോടെ പൊരുതിയ വെയ്ന്‍ പാര്‍നെലും (18) ഡെയ്ല്‍ സ്റ്റെയ്നും (0) പിന്നെ ചാള്‍ ലാങ്വെല്‍റ്റും (12) കൂടി കീഴടങ്ങിയതോടെ ഒരറ്റത്തു ഡിവില്ലിയേഴ്സ് ഒറ്റയ്ക്കായി.
ഇന്ത്യയ്ക്കായി ശ്രീശാന്ത് മൂന്നു വിക്കറ്റെടുത്തപ്പോള്‍, ആഷിഷ് നെഹറ്, രവീന്ദ്ര ജഡേജ, യൂസഫ് പഠാന്‍ എന്നിവര്‍ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.
Close...
Maximum Character Allowed -
4000