Sunday, August 01, 2010   5:17 AM IST
Supplements
Home>> News>> Kerala News
Kerala News
തിലകന് സസ്പെന്‍ഷന്‍
Monday, March 01, 2010
|
|
|
തിരുവനന്തപുരം

തിലകനെ സസ്പെന്‍ഡ് ചെയ്യാന്‍ ഇന്നലെ ചേര്‍ന്ന അമ്മ അച്ചടക്കസമിതി യോഗം തീരുമാനിച്ചു. ദൃശ്യമാധ്യമങ്ങളിലൂടെ തിലകന്‍ നിരന്തരം നടത്തുന്ന പ്രസ്താവനകളും അഭിപ്രായങ്ങളും അസഹനീയമാകുന്നുവെന്ന് യോഗം വിലയിരുത്തി. സസ്പെന്‍ഷന്‍ തീരുമാനം എക്സിക്യൂട്ടിവ് കമ്മിറ്റി അംഗീകരിച്ചു. എട്ടിന് അച്ചടക്കസമിതി മുന്‍പാകെ നേരിട്ടെത്തി കാര്യങ്ങള്‍ വിശദീകരിക്കണമെന്ന് തിലകനോട് ആവശ്യപ്പെട്ടിട്ടുണ്ട്. വിശദീകരണം തൃപ്തികരമല്ലെങ്കില്‍ അച്ചടക്കസമിതി അന്തിമതീരുമാനമെടുത്ത് റിപ്പോര്‍ട്ട് എക്സിക്യൂട്ടിവ് കമ്മിറ്റിക്കു കൈമാറുമെന്ന് അമ്മ പ്രസിഡന്‍റ് ഇന്നസെന്‍റ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സസ്പെന്‍ഷന്‍ കാലയളവില്‍ അമ്മയുടെ ആനുകൂല്യങ്ങള്‍ തിലകനു ലഭിക്കില്ല. പക്ഷേ, സിനിമയില്‍ അഭിനയിക്കാമെന്നും അദ്ദേഹം പറഞ്ഞു.

യോഗത്തില്‍ പങ്കെടുക്കാനാവില്ലെന്നറിയിച്ച് തിലകന്‍ കത്തു നല്‍കിയിരുന്നു. കത്തിലെ പരാമര്‍ശങ്ങള്‍ മിക്കതും അടിസ്ഥാനരഹിതമാണെന്നും യോഗം വിലയിരുത്തി. തിലകന്‍റെ ആവശ്യംകൂടി പരിഗണിച്ചാണ് വീണ്ടും സമയം നീട്ടിയത്. ഇരുകൂട്ടര്‍ക്കും സൗകര്യപ്രദമായ തീയതി നിശ്ചയിച്ച് കൂടിക്കാഴ്ചയാവാമെന്നാണ് തിലകന്‍ കത്തില്‍ ആവശ്യപ്പെട്ടത്. ഇതിലൂടെ അമ്മയെ അവഗണിക്കാനാണ് തിലകന്‍ ശ്രമിച്ചതെന്നും ഭാരവാഹികള്‍ കുറ്റപ്പെടുത്തി.

അമ്മയ്ക്കെതിരേ തുടര്‍ച്ചയായി അസത്യ പ്രചാരണങ്ങള്‍ നടത്തുന്ന തിലകനെതിരേ നിയമനടപടി സ്വീകരിക്കാനും അച്ചടക്കസമിതിയോഗം തീരുമാനിച്ചു. അമ്മയുടെ സല്‍പ്പേരിനെ ബാധിക്കുന്ന തരത്തില്‍ തിലകന്‍റെ പ്രസ്താവനകള്‍ അതിരുകടക്കുന്നു. തുടര്‍ച്ചയായി അമ്മയെ അപകീര്‍ത്തിപ്പെടുത്തുന്ന സാഹചര്യത്തിലാണ് അംഗത്വാവകാശങ്ങളില്‍ നിന്നു താത്കാലികമായി മാറ്റിനിര്‍ത്തുന്നത്. എട്ടു വരെ അമ്മ ഭാരവാഹികളോ അംഗങ്ങളോ മാധ്യമങ്ങളിലൂടെ പ്രസ്താവനകളോ പരാമര്‍ശങ്ങളോ നടത്തരുതെന്നും നിര്‍ദേശം.

അമ്മ രൂപീകരിച്ചു തൊട്ടടുത്ത വര്‍ഷം മുതല്‍തന്നെ മുതിര്‍ന്ന അംഗമെന്ന നിലയില്‍ തിലകനു പ്രത്യേക പരിഗണന നല്‍കിയിട്ടുണ്ട്. കൈനീട്ടമെന്ന പേരില്‍ 2,500 രൂപ പ്രതിമാസം നല്‍കുന്നു. ഇതു ലഭിക്കുന്നില്ലെന്ന തിലകന്‍റെ വാദം വസ്തുതാപരമല്ലെന്നു തെളിവുകള്‍ നിരത്തി ഇന്നസെന്‍റ് വ്യക്തമാക്കി. തിലകന്‍ ടെലിഫോണില്‍ വിളിച്ചുപറഞ്ഞ അക്കൗണ്ട് നമ്പര്‍ പ്രകാരം ഫെഡറല്‍ ബാങ്കിന്‍റെ പാളയം ബ്രാഞ്ചിലാണ്, കരൂര്‍ വൈശ്യ ബാങ്ക് മുഖേന പണം നിക്ഷേപിക്കുന്നത്. ഒരു വര്‍ഷമായി തിലകനു കൈനീട്ടം ലഭിക്കുന്നില്ലെങ്കില്‍ അക്കാര്യം മാധ്യമങ്ങളോടല്ല, അമ്മയോടാണ് പറയേണ്ടിയിരുന്നതെന്നും ഇന്നസെന്‍റ് പറഞ്ഞു.

തിലകന്‍ സഹകരിച്ചാലേ പ്രശ്നം പരിഹരിക്കാനാവൂ. അമ്മയിലെ അംഗങ്ങള്‍ക്കും സൂപ്പര്‍സ്റ്റാറുകള്‍ക്കുമെതിരേ വൃത്തികെട്ട പരാമര്‍ശങ്ങളാണു നടത്തുന്നത്. നടീനടന്‍മാരെ തീരുമാനിക്കാനുള്ള അവകാശം സംവിധായകനാണ്. എല്ലാക്കാലവും എല്ലാ നടന്‍മാര്‍ക്കും ഒരു പോലെ തിളങ്ങാനാവില്ല. അമ്മയിലെ ഒരുപാട് അംഗങ്ങള്‍ സിനിമയില്‍ അഭിനയിക്കാതെ മാറി നില്‍ക്കുന്നുണ്ട്. ഒരു സിനിമയിലേക്കു തന്നെ വിളിച്ചില്ലെങ്കില്‍ വേണ്ട എന്നു പറഞ്ഞ് അടുത്ത സിനിമയില്‍ അഭിനയിക്കാന്‍ പോകുകയാണു വേണ്ടതെന്നും ഇന്നസെന്‍റ് പറഞ്ഞു.

മമ്മൂട്ടിയുടെ പരാമര്‍ശത്തില്‍ തെറ്റില്ല. സംഘടനയുടെ തീരുമാനമാണ് പ്രധാനമെന്നാണ് അദ്ദേഹം പറഞ്ഞത്. ഈ വിഷയത്തില്‍ അമ്മയില്‍ രണ്ടഭിപ്രായമില്ല. മധ്യസ്ഥത വഹിക്കാമെന്ന് മമ്മൂട്ടി പറഞ്ഞിട്ടില്ല. അമ്മയ്ക്കു പുറത്തുനിന്നുള്ള ചിലരുടെ താത്പര്യങ്ങള്‍ ഇത്തരം പ്രചാരണങ്ങള്‍ക്കു പിന്നിലുണ്ട്. അമ്മയ്ക്കു രാഷ്ട്രീയതാത്പര്യങ്ങളില്ല. അമ്മയ്ക്കെതിരെ ആരു പ്രവര്‍ത്തിച്ചാലും സംഘടനയ്ക്കു പുറത്തുപോകേണ്ടിവരുമെന്നും ഇന്നസെന്‍റ് പറഞ്ഞു.

തൊഴില്‍ നിഷേധത്തെക്കുറിച്ച് തിലകന്‍ ഇതേവരെ അമ്മയ്ക്കു പരാതി നല്‍കിയിട്ടില്ല. ഫോണ്‍ മുഖേന പോലും പരാതി പറയാന്‍ അദ്ദേഹം തയാറായില്ല. അമ്മയുടെ വേദികളില്‍ ഇക്കാര്യം അദ്ദേഹം അവതരിപ്പിച്ചിട്ടില്ല. തിലകനു വിലക്കേര്‍പ്പെടുത്തിയ കാര്യം ഫെഫ്ക അമ്മയെ അറിയിച്ചിട്ടില്ലെന്നും ഇന്നസെന്‍റ് പറഞ്ഞു.

അച്ചടക്കസമിതിക്കു മുന്‍പാകെ ഹാജരാകാതെ തിലകന്‍ മനപൂര്‍വം മാറി നില്‍ക്കുകയായിരുന്നുവെന്ന് യോഗം കുറ്റപ്പെടുത്തി. ഇന്നലെ ഷൂട്ടിങ് ഉണ്ടെന്ന് തിലകന്‍ പറഞ്ഞെങ്കിലും ഷൂട്ടിങ് ഇല്ലായിരുന്നുവെന്ന് ഡാം 999 സിനിമയുടെ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ പറഞ്ഞതായി ഇടവേള ബാബു അറിയിച്ചു.

സിനിമയുടെ പ്രൊഡക്ഷന്‍ കമ്പനി തിലകനു റൂം എടുത്തു കൊടുത്തിട്ടില്ല. സ്വന്തം നിലയ്ക്കാണ് അദ്ദേഹം റൂമെടുത്തു താമസിക്കുന്നത്. ഇന്നലെ അദ്ദേഹം ചിത്രീകരണത്തില്‍ പങ്കെടുത്തിട്ടില്ലെന്നും ഇടവേള ബാബു വ്യക്തമാക്കി.

അച്ചടക്കസമിതി കണ്‍വീനര്‍ ടി.പി മാധവന്‍, അംഗങ്ങളായ കുഞ്ചന്‍, ജനാര്‍ദനന്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code