പെട്രോള്‍ വില വര്‍ധന സാമ്പത്തിക വളര്‍ച്ചയ്ക്ക്
Wednesday,
March 03,
2010
ന്യൂഡല്‍ഹി
പെട്രോള്‍, ഡീസല്‍ വില വര്‍ധിപ്പിച്ചതു സാമ്പത്തിക വളര്‍ച്ചയ്ക്കും ധനക്കമ്മി കുറയ്ക്കാനും വേണ്ടിയെന്നു ധനമന്ത്രി പ്രണബ് മുഖര്‍ജി. ഇന്നലെ രാവിലെ കോണ്‍ഗ്രസ് എംപിമാരെയും സഖ്യകക്ഷി നേതാക്കളെയും അദ്ദേഹം ഇക്കാര്യം ബോധ്യപ്പെടുത്തി. പാര്‍ലമെന്‍റ് ഹൗസിലായിരുന്നു ഇവരുടെ പ്രത്യേക യോഗങ്ങള്‍.
തൃണമൂല്‍ കോണ്‍ഗ്രസ്, ഡിഎംകെ, എന്‍സിപി, മുസ്ലിം ലീഗ് തുടങ്ങിയ കക്ഷികളുടെ നേതാക്കള്‍ സഖ്യകക്ഷികളുടെ യോഗത്തിനെത്തിയിരുന്നു. കേന്ദ്ര ബജറ്റില്‍ നികുതി കൂട്ടിയതു വലിയ കാര്യമല്ലെന്നു പ്രണബ് പറഞ്ഞു. നേരത്തേ രക്ഷാപാക്കെജുകളുടെ ഭാഗമായി കുറച്ച നികുതിയില്‍ ചെറിയൊരു ഭാഗം പുനഃസ്ഥാപിക്കുന്നു എന്നേയുള്ളൂ.
പെട്രോള്‍, ഡീസല്‍ വില വര്‍ധന അനിവാര്യമായിരുന്നു. അതില്‍നിന്നു പിന്മാറുന്നതു രാജ്യ താത്പര്യത്തിനു നല്ലതല്ല. എന്‍ഡിഎ ഭരിക്കുമ്പോള്‍ പല തവണ ഇന്ധന വില കൂട്ടിയിരുന്നു. എന്നാല്‍, വില വര്‍ധന നീട്ടിക്കൊണ്ടുപോകാന്‍ യുപിഎ സര്‍ക്കാര്‍ പരമാവധി ശ്രമിച്ചിട്ടുണ്ട്- അദ്ദേഹം പറഞ്ഞു.
തങ്ങളുടെ ആശങ്ക അറിയിച്ചെന്നും ഇനി പ്രധാനമന്ത്രി തീരുമാനമെടുക്കട്ടെയെന്നുമായിരുന്നു യോഗത്തിനു ശേഷം തൃണമൂല്‍ ചീഫ് വിപ്പ് സുദീപ് ബാന്ദോപാധ്യായയുടെ പ്രതികരണം. പ്രധാനമന്ത്രിയുടെ തീരുമാനം എന്തായാലും അംഗീകരിക്കും. യുപിഎ വിടുന്ന പ്രശ്നമില്ല- അദ്ദേഹം പറഞ്ഞു.
സാമൂഹിക പദ്ധതികള്‍ക്കു ഫണ്ട് കണ്ടെത്താന്‍ പുതിയ നികുതികള്‍ അനിവാര്യമെന്നു പ്രണബ് കോണ്‍ഗ്രസ് എംപിമാരുടെ യോഗത്തില്‍ വിശദീകരിച്ചു. എന്‍ഡിഎയുടെ കാലത്തും യുപിഎ ഭരണത്തിലും ഇന്ധന വില കൂട്ടിയതിന്‍റെ താരതമ്യം ചാര്‍ട്ട് സഹിതം പ്രണബ് വിശദീകരിച്ചു. എന്‍ഡിഎ 33 തവണ ഇന്ധന വില കൂട്ടി. ഇപ്പോഴത്തെ വില വര്‍ധന മൂലം ഭക്ഷ്യ വസ്തുക്കളുടെ വില കൂടില്ല. പഞ്ചാബില്‍ നല്ല വിള കിട്ടുന്നുണ്ട്. അതു വില കുറയ്ക്കാന്‍ സഹായിക്കും- പ്രണബ് പറഞ്ഞു.
രാജ്യത്തിനു വളര്‍ച്ച വേണം. അതിനു പണം ഒഴുക്കണം. അതാണു സര്‍ക്കാര്‍ ചെയ്യുന്നത്- കോണ്‍ഗ്രസ് എംപിമാരുടെ യോഗത്തിനു ശേഷം കേന്ദ്ര മന്ത്രി അംബികാ സോണി പറഞ്ഞു. ഇന്ന് കോണ്‍ഗ്രസ് പാര്‍ലമെന്‍ററി പാര്‍ട്ടി യോഗത്തെ സോണിയ ഗാന്ധി അഭിസംബോധന ചെയ്യുന്നുണ്ട്. പാര്‍ട്ടിയുടെ നിലപാട് സോണിയ ആ യോഗത്തില്‍ വിശദീകരിക്കുമെന്നാണു പ്രതീക്ഷ.
Close...
Maximum Character Allowed -
4000