Wednesday, February 08, 2012   7:39 PM IST
Supplements
Home>> Vaartha Life>> Trendz
Trendz
മിസ്റ്റര്‍ പ്രസിഡന്‍റ് വലി കുറയ്ക്കണം
Wednesday, March 03, 2010
|
|
|
അതേ, വലി നിര്‍ത്തിക്കോ...ഡോക്റ്റര്‍മാര്‍ ഏറ്റവും കൂടുതല്‍ നല്‍കിയിട്ടുള്ള ഉപദേശം ഇതായിരിക്കും. ലോക ചരിത്രത്തില്‍ വലിയന്മാര്‍ ഏറ്റവും കൂടുതല്‍ കേട്ടിട്ടുള്ളതും ഇതു തന്നെയായിരിക്കും. എന്നാല്‍ ഇപ്പോള്‍ ഈ ഉപദേശത്തിന് ഒരു വിഐപി ടച്ചുണ്ട്. ഉപദേശം അമേരിക്കയിലെ ഡോക്റ്റര്‍മാരുടെ വക, ഉപദേശിക്കുന്നത് അമേരിക്കന്‍ പ്രസിഡന്‍റിനെ.

പ്രസിഡന്‍റായതിനു ശേഷം ഓടി നടക്കുന്നതിനിടെ മെഡിക്കല്‍ ചെക്കപ്പിനൊന്നും സമയം കിട്ടിയിരുന്നില്ല ബരാക് ഒബാമയ്ക്ക്. എന്നാല്‍ ആദ്യത്തെ ചെക്കപ്പു കഴിഞ്ഞപ്പോള്‍ കിട്ടിയ ഉപദേശം ഇങ്ങനെയും. സിഗററ്റ് വലി നിര്‍ത്താന്‍ കഠിനമായി പരിശ്രമിക്കുന്നതു തുടരണമെന്നും, ഭക്ഷണ ക്കാര്യത്തില്‍ അല്‍പ്പം ശ്രദ്ധിക്കണമെന്നും പ്രസിഡന്‍റിനോടു മെഡിക്കല്‍ സംഘം നിര്‍ദേശിച്ചിട്ടുണ്ട്. വളരെ പതുക്കെ ഡോക്റ്റര്‍മാര്‍, മറ്റാരും കേള്‍ക്കാതെ മറ്റൊന്നു കൂടി ഉപദേശിച്ചു. അകത്തു ചെല്ലുന്ന ആല്‍ക്കഹോള്‍ കണ്ടന്‍റ് കുറയ്ക്കമെന്ന്. ഒബാമ കുടിയനൊന്നുമല്ല. ബിയറാണ് ഇഷ്ടം. ഒബാമയുടെ കൊളസ്ട്രാള്‍ ലെവല്‍ ബോര്‍ഡര്‍ ലൈനില്‍ ആയതുകൊണ്ടാണു ഭക്ഷണക്കാര്യത്തില്‍ ശ്രദ്ധിക്കാനും സ്ഥിരമായി വ്യായാമം ചെയ്യാനുമൊക്കെ ആവശ്യപ്പെട്ടിരിക്കുന്നത്. മേരിലന്‍ഡിലെ നാഷണല്‍ നേവല്‍ മെഡിക്കല്‍ സെന്‍ററിലാണു തൊണ്ണൂറു മിനിറ്റു നീണ്ട ചെക്കപ്പ് നടന്നത്. നിര്‍ദേശങ്ങളൊക്കെ പാലിക്കുമോ എന്ന കാര്യത്തില്‍ ഒബാമ പ്രതികരിച്ചിട്ടില്ല. ഒബാമ പുകവലി ഒന്നിലധികം പ്രാവശ്യം നിര്‍ത്തിയിട്ടുണ്ട്.

2007ല്‍ യുഎസ് സെനറ്ററായിരിക്കുമ്പോഴാണ്, ഒബാമ സിഗററ്റ് വലി നിര്‍ത്തുകയാണെന്ന തീരുമാനം ഒരു ടിവി ഷോയ്ക്കിടെ പ്രഖ്യാപിച്ചത്. ഭാര്യയെ സന്തോഷിപ്പിക്കാനായിരുന്നു ആ തീരുമാനം. ഭാര്യ അത്രയ്ക്കങ്ങു സന്തോഷിക്കണ്ട എന്നു കരുതിയിട്ടാണോ എന്നറിയില്ല, ഒബാമ ആ തീരുമാനത്തില്‍ ഉറച്ചു നിന്നില്ല. ഇടയ്ക്കിടെ ഒരു സിഗരറ്റ് വലിക്കാറുണ്ടെന്ന് ഒബാമ തന്നെ സമ്മതിച്ചു. സ്ഥിരമായ പുകവലി ഉപേക്ഷിക്കാന്‍ നിക്കോട്ടിന്‍ ഗം ചവച്ചു തുടങ്ങി.

വൈറ്റ് ഹൗസിലെ പാര്‍ട്ടികളുടെ എണ്ണം കൂടിയതു കൊണ്ട് മദ്യപാനത്തിന്‍റെ കാര്യത്തിലും അല്‍പ്പം ശ്രദ്ധിക്കണം. ഇടയ്ക്ക് ഒബാമയുടെ ചില മീറ്റിങ്ങുകളെ ബിയര്‍ സമ്മിറ്റ് എന്നു വരെ മാധ്യമങ്ങള്‍ വിശേഷിപ്പിച്ചിരുന്നു. ലഹരി നുരയുന്ന ഗ്ലാസുകള്‍ നിറയുന്ന ടേബിളിനു ചുറ്റും ഒബാമ ഇരിക്കുന്ന ചിത്രങ്ങള്‍ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുകയും ചെയ്തു.
|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code