Wednesday, February 08, 2012   6:58 PM IST
Supplements
Home>> Vaartha Life>> Trendz
Trendz
നടനം, ദീപ്തം
Thursday, March 04, 2010
|
|
|
ദീപ്തി ശൈലജ

ഭാവതീവ്രതയോടെ ചലിക്കുന്ന മിഴികള്‍. വിടരുന്ന കൈമുദ്രകള്‍. അഴകാര്‍ന്ന ചലനങ്ങള്‍. മുഖത്തു മിന്നിമറയുന്ന ഭാവങ്ങള്‍. ഇതു നൃത്തം ഉപാസനയാക്കിയ കലാകാരി. ദീപ കര്‍ത്ത. നാലാം വയസില്‍ ചുവടുവച്ചു തുടങ്ങിയ കൊച്ചു മിടുക്കി. ഇപ്പോള്‍ മികച്ച നര്‍ത്തകി, നൃത്താധ്യാപിക. പരമ്പരാഗത ശൈലിയെ മുറുകെപിടിച്ച്, അതിനോടു ചേര്‍ന്നു നിന്നു നൃത്തം അവതരിപ്പിക്കാന്‍ ഇഷ്ടപ്പെടുന്നു ദീപ. ആദ്യഗുരു കലാമണ്ഡലം മോഹനതുളസി. എട്ടു വര്‍ഷങ്ങള്‍ക്കുശേഷം കലാക്ഷേത്ര ഉഷാമേനോന്‍റെ ശിഷ്യയായി ദീപ. നൃത്തത്തില്‍ കലാക്ഷേത്ര രീതികളോടാണ് ഈ നര്‍ത്തകിക്കു താല്‍പ്പര്യം. അച്ഛന്‍ കര്‍ത്തയും അമ്മ പ്രേമയും മകളുടെ നൃത്തവാസനകളെ എന്നും പ്രോത്സാഹിപ്പിച്ചു.

എറണാകുളം കലൂര്‍ സ്വദേശിയായ ദീപ പഠിച്ചത് സെന്‍റ്. തെരേസാസ് സ്കൂളിലും മഹാരാജാസ് കോളെജിലും. മാത്സില്‍ ബിരുദം നേടിയ ശേഷം സിഎയില്‍ ഇന്‍റര്‍മീഡിയറ്റ്. പക്ഷേ, എപ്പോഴും പ്രാധാന്യം നൃത്തത്തിനു തന്നെ. സ്കൂള്‍, കോളെജ് തലങ്ങളില്‍ മത്സരങ്ങള്‍, സമ്മാനങ്ങള്‍. തൃപ്പൂണിത്തുറയില്‍ നടന്ന എം.ജി യൂനിവേഴ്സിറ്റി കലോത്സവത്തില്‍ അവതരിപ്പിച്ച ഭരതനാട്യത്തിന് അഭിനന്ദനപ്രവാഹമായിരുന്നു. ഇപ്പോഴും ആ പെര്‍ഫോമന്‍സ് പലരും ഓര്‍ത്തു പറയാറുണ്ടെന്നു ദീപ. ആദ്യമായി ഭരതനാട്യ കച്ചേരി അവതരിപ്പിച്ചപ്പോള്‍ എന്‍. എസ്. ജയലക്ഷ്മി, വിജയലക്ഷ്മി കൃഷ്ണസ്വാമി എന്നിവരായിരുന്നു മുഖ്യാതിഥികള്‍. അവരുടെ അഭിനന്ദനം വലിയ പ്രോത്സാഹനമായി .ജയലക്ഷ്മി ഇപ്പോള്‍ ദീപയുടെ ഗുരു.

ഭരതനാട്യം, മോഹിനിയാട്ടം, കഥകളി, കുച്ചുപ്പുടി, കഥക് - ദീപയ്ക്കു വഴങ്ങിയ നൃത്തരൂപങ്ങള്‍... ഏറെ ഇഷ്ടം ഭരതനാട്യത്തോട്. ഭരതനാട്യവും കഥക്കും അഭ്യസിക്കുന്നുണ്ട്, സോണിയ സിങാണ് കഥക് ഗുരു. കേരളം, ബംഗളൂരു, ദുബായ്, ചെന്നൈ എന്നിവിടങ്ങളിലെ സദസുകള്‍ ദീപയുടെ നൃത്തം ആസ്വദിച്ചു. ചെന്നൈയിലെ സഭകളിലെ നൃത്താവതരണവും ആസ്വാദകരും പ്രിയങ്കരമെന്നു ദീപ.

പത്തു വര്‍ഷങ്ങള്‍ക്കു മുന്‍പാണു ദീപ നൃത്തം പഠിപ്പിച്ചു തുടങ്ങുന്നത്. രുദ്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ കഥക് ആന്‍ഡ് അദര്‍ ക്ലാസിക്കല്‍ ഡാന്‍സസ് എന്ന ഡാന്‍സ് സ്കൂള്‍ ആരംഭിച്ചു. കലൂര്‍, ഇടപ്പള്ളി, പനമ്പിള്ളി നഗര്‍, വൈറ്റില എന്നിവിടങ്ങളില്‍ സ്കൂളിനു നാലു ശാഖകള്‍. അന്‍പതോളം കുട്ടികള്‍ നൃത്തമഭ്യസിക്കാനെത്തുന്നു. തിയറി, പ്രാക്റ്റിക്കല്‍, ഡാന്‍സ് വര്‍ക് ഷോപ്പുകള്‍ എന്നിവ ഇവിടത്തെ സിലബസ്. കാപ്സ്യൂള്‍ പഠനത്തിനു വരുന്ന കുട്ടികളോട് ശാസ്ത്രീയ നൃത്തത്തിന്‍റെ പ്രാധാന്യവും ഭാവഗൗരവവും പറഞ്ഞുകൊടുക്കുന്നു ദീപ. കുട്ടികള്‍ക്കു താല്‍പ്പര്യം ഉണ്ടെങ്കില്‍ നൃത്തം സ്വയം ജീവിതത്തിന്‍റെ ഭാഗമാക്കുമെന്നാണു ദീപയുടെ അഭിപ്രായം.

ഫ്യൂഷന്‍, മിക്സ് എന്നിവ ചെയ്യാറുണ്ടെങ്കിലും ട്രഡീഷനല്‍ ഡാന്‍സിന്‍റെ മൂല്യം ഒട്ടും ചോരാതെ ഭംഗിയായി അവതരിപ്പിക്കാനാണ് പ്രിയം. ശാസ്ത്രീയ നൃത്തത്തെക്കുറിച്ചുള്ള അവബോധം ജനങ്ങളിലേയ്ക്കെത്തിക്കുക, നൃത്തം കൂടുതല്‍ ജനകീയമാക്കുക എന്നതു ദീപയുടെ ആഗ്രഹം. ഇന്‍സ്റ്റിറ്റ്യൂട്ട്, സൊസൈറ്റിയായി രജിസ്റ്റര്‍ ചെയ്യാനും വലിയ പ്രോഗ്രാമുകള്‍ അവതരിപ്പിക്കാനും പദ്ധതിയുണ്ട്. ഒപ്പം സ്വന്തം ഡാന്‍സ് ഗ്രൂപ്പും ചെന്നൈയിലെ ഒരു വലിയ നൃത്തസംഘവും ചേര്‍ന്നു പ്രോഗ്രാമുകള്‍ ചെയ്യുന്നതിനുള്ള ചര്‍ച്ചകളും പുരോഗമിക്കുന്നു. ഡാന്‍സ് ഡ്രാമ, തീം ബേസ്ഡ് പെര്‍ഫോമന്‍സ് എന്നിവ കൂടുതല്‍ ആസ്വാദ്യകരമാകുമെന്നു ദീപ കര്‍ത്ത.

പെര്‍ഫോമര്‍ എന്ന നിലയ്ക്കു വലിയ വേദികളില്‍ നൃത്തം ചെയ്യണമെന്നാണു മോഹം. ഭക്തിയും ശൃംഗാരവും പ്രിയ ഭാവങ്ങള്‍. അലര്‍ശര പരിതാപം.... ദീപയുടെ മിഴികളില്‍ ഭാവം പടരുന്നു, മുദ്രകള്‍ ഉണരുന്നു.

അച്ചീവ്മെന്‍റ്സ്

എം.ജി സര്‍വകലാശാല യുവജനോത്സവം

( 1994)

ഭരതനാട്യം - ഒന്നാം സ്ഥാനം

മോഹിനിയാട്ടം - മൂന്നാം സ്ഥാനം

ഭരതനാട്യം, മോഹിനിയാട്ടം: ഒന്നാം സ്ഥാനം (1996)

മോഹിനിയാട്ടത്തിനു കേന്ദ്ര ഗവ: സ്കോളര്‍ഷിപ്പ് (1997 - 1999)

കൃഷ്ണഗാനസഭ, ചെന്നൈ ലക്ഷ്മി വിശ്വനാഥന്‍ എന്‍ഡോവ്്മെന്‍റ് അഭിനയപുരസ്കാരം.

ഫേവറിറ്റ്സ്

നര്‍ത്തകന്‍ : പ്രൊഫ. സി.വി ചന്ദ്രശേഖര്‍

നര്‍ത്തകി : ലീല സാംസെന്‍

നൃത്തരൂപം : ഭരതനാട്യം.
|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code