ഓസ്ട്രേലിയയിലും കത്തിയാണ് പ്രശ്നം
കത്തി ഒരു ആഗോള പ്രശ്നമായി മാറിക്കൊണ്ടിരിക്കുന്നു. കത്തിയുടെ മൂര്‍ച്ചയും ഷെയ്പ്പുമൊക്കെ കേരളത്തില്‍ വലിയ ചര്‍ച്ചാ വിഷയം. അങ്ങു ദൂരെ ഓസ്ട്രേലിയയിലും ഇതൊക്കെത്തന്നെയാണ് അവസ്ഥ. കത്തിയുമായി റോഡിലിറങ്ങുന്നവരെ കൈയൊടെ പിടികൂടാന്‍ അവിടത്തെ സര്‍ക്കാര്‍ ഉത്തരവിട്ടിരിക്കുന്നു. കത്തിക്കൊപ്പം നാല്‍പ്പത്തയ്യായിരം രൂപ ഫൈന്‍ സ്പോട്ടില്‍ പിടിച്ചു വാങ്ങാനാണ് ഓര്‍ഡര്‍. ഇന്ത്യക്കാര്‍ക്കെതിരേയുള്ള ആക്രമണം വര്‍ധിച്ചപ്പോഴാണ് കത്തി നിരോധനത്തിന് ഓസ്ട്രേലിയ തീരുമാനിച്ചത്.
ഇന്ത്യക്കാര്‍ക്കെതിരേയുള്ള ആക്രമണങ്ങളില്‍ വലയുകയാണ് ഓസ്ട്രേലിയന്‍ ഗവണ്‍മെന്‍റ്. ഇന്ത്യയില്‍ നിന്നുള്ള വിദ്യാര്‍ഥികളെ തല്ലിയോടിക്കുന്ന ഓസ്ട്രേലിയന്‍ ചെറുപ്പക്കാരെ എങ്ങനെ നിയന്ത്രിക്കണമെന്ന് യാതൊരു എത്തുംപിടിയുമില്ല. സര്‍ക്കാരിനെതിരേ ലോകം മുഴുവന്‍ വിമര്‍ശനം ശക്തിപ്പെടുന്നു. ഈ സാഹചര്യത്തിലാണ് ആയുധവുമായി രംഗത്തിറങ്ങുന്നവരെ കൈയോടെ പിടികൂടി ഫൈന്‍ അടിക്കാന്‍ ഉത്തരവിടുന്നത്. പൊതു സ്ഥലങ്ങളില്‍ മുന്‍കൂര്‍ അനുമതികളില്ലാതെ ആളുകളെ ദേഹപരിശോധന നടത്താനുള്ള അധികാരവും പൊലീസിനു നല്‍കിയിട്ടുണ്ട്. ത്രി പോയ്ന്‍റ് പ്ലാന്‍ എന്ന പേരില്‍ നടപ്പാക്കിയ പുതിയ നിയമപ്രകാരം, പ്രായപൂര്‍ത്തിയാകാത്തവര്‍ മാരകായുധങ്ങള്‍ വാങ്ങുന്നതു വിലക്കി. അരയില്‍ കത്തിയുമായി നടക്കുന്ന ചെറുപ്പക്കാരാണു പ്രശ്നക്കാരെന്നും ഈ കത്തിസംസ്കാരം തുടച്ചുനീക്കുമെന്നും വിക്റ്റോറിയന്‍ പ്രധാനമന്ത്രി ജോണ്‍ ബ്രംബി.
കത്തിയുണ്ടെന്നു സംശയം തോന്നിയാല്‍ അവരെയെല്ലാം ഇനി പൊലീസിനു പരിശോധിക്കാം, നിയമം അനുമതി നല്‍കിയിരിക്കുന്നു. കത്തികൊണ്ടുള്ള ആക്രമണമാണ് കഴിഞ്ഞ കാലത്തിനിടെ ഉണ്ടായതില്‍ ഏറെയും. കത്തികൊണ്ടു നടക്കുന്ന എല്ലാവരില്‍ നിന്നും ഒരു ദിവസംകൊണ്ട് ഫൈന്‍ ഈടാക്കാനാവില്ലെന്നും പുതിയ നിയമത്തിലൂടെ പതുക്കെ കത്തി കള്‍ച്ചര്‍ ഇല്ലാതാക്കുമെന്നും പറയുന്നു വിക്റ്റോറിയ പൊലീസ് ഡെപ്യൂട്ടി കമ്മിഷണര്‍ കെന്‍ ജോണ്‍സ്.
കത്തി ഉപയോഗിച്ചുള്ള ജോലി ചെയ്യുന്നവരല്ലാതെ മറ്റാരും ഇനി മൂര്‍ച്ചയുള്ള ആയുധവുമായി നിരത്തിലിറങ്ങരുതെന്നാണ് ഉത്തരവ്. കത്തിയും അരയില്‍ തിരുകി ഗമയില്‍ റോഡിലിറങ്ങിയാല്‍ കാശു പോകും. നാല്‍പ്പത്തയ്യായിരം രൂപ കൊടുത്തല്ലോ, കത്തികൊണ്ടു നടക്കാനുള്ള ലൈസന്‍സ് ആയല്ലോ എന്നു വിചാരിച്ചാല്‍ വിവരമറിയും, ജയില്‍ വാസമാണു ശിക്ഷ.
Close...
Maximum Character Allowed -
4000