കേന്ദ്രഭരണം കുത്തകകള്‍ക്കുവേണ്ടി: വി.വി. ദക്ഷിണാമൂര്‍ത്തി
കോഴിക്കോട്
ഭരണം കുത്തകകള്‍ക്കു വേണ്ടിയായി മാറിയതിനാലാണു വിലക്കയറ്റം പിടിച്ചു നിര്‍ത്തുന്നതില്‍ കേന്ദ്രം പരാജയപ്പെട്ടതെന്നു സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം വി.വി. ദക്ഷിണാമൂര്‍ത്തി. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ തങ്ങളെ സാമ്പത്തികമായി സഹായിച്ചവര്‍ക്കു കോണ്‍ഗ്രസ് പ്രത്യുപകാരം ചെയ്യുകയാണെന്നും അദ്ദേഹം പറഞ്ഞു. വിലക്കയറ്റം സൃഷ്ടിക്കുന്ന കേന്ദ്ര നയങ്ങള്‍ക്കെതിരേ സിപിഎം നടത്തിയ ആദായന നികുതി ഓഫിസ് ഉപരോധം ഉദ്ഘാടനം ചെയ്യുകയായിരുന്നു ദക്ഷിണാമൂര്‍ത്തി.
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ അംബാനിയെപ്പോലുള്ള മുതലാളിമാര്‍ കോടികളാണു കോണ്‍ഗ്രസിനു വേണ്ടി ഒഴുക്കിയത്. ആ തുക കോണ്‍ഗ്രസ് പാര്‍ട്ടി ഓരോ മണ്ഡലത്തിലെയും സ്ഥാനാര്‍ഥികള്‍ക്കു വീതിച്ചു നല്‍കി. തമിഴ്നാട്ടിലും മറ്റും ഇത്തരത്തില്‍ ലഭിച്ച തുക വോട്ടര്‍മാര്‍ക്കു നല്‍കിയാണു കേന്ദ്ര ഭരണം പിടിച്ചത്. അതിനുള്ള പ്രത്യുപകാരമാണു കോണ്‍ഗ്രസ് ഇപ്പോള്‍ ചെയ്യുന്നത്. കുത്തകകള്‍ക്കുവേണ്ടി കേന്ദ്രം പൂഴ്ത്തിവയ്പ്പും കരിഞ്ചന്തയും കണ്ടില്ലെന്നു നടിക്കുകയാണ്. കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളേക്കാള്‍ കേരളത്തിലാണു വിലക്കുറവു കൂടുതല്‍. സംസ്ഥാന സര്‍ക്കാര്‍ പാവങ്ങള്‍ക്കു രണ്ടു രൂപ നിരക്കില്‍ അരി നല്‍കാന്‍ തീരുമാനിച്ചപ്പോള്‍ കേന്ദ്ര മന്ത്രി കെ.വി. തോമസ് അസംബന്ധം പറയുന്നു. ഇവിടെ പണം അധികമായി ഒഴുകുന്നതുകൊണ്ടല്ല സംസ്ഥാനം അരി നല്‍കുന്നത്. മറിച്ചു നികുതി പിരിവു കാര്യക്ഷമമാക്കിയതിനാലാണ്.
കേന്ദ്രം സംസ്ഥാനത്തിനുള്ള അരി വിഹിതവും മറ്റും വെട്ടിക്കുറക്കുമ്പോഴാണു ജനക്ഷേമ പരിപാടികളില്‍ വിട്ടുവീഴ്ചയില്ലാതെ സംസ്ഥാനം മുന്നോട്ടു പോകുന്നതെന്നും ദക്ഷിണാമൂര്‍ത്തി പറഞ്ഞു. ജില്ലാ സെക്രട്ടേറിയറ്റംഗം കെ. ചന്ദ്രന്‍ അധ്യക്ഷനായിരുന്നു. എ. പ്രദീപ് കുമാര്‍ എംഎല്‍എ, സിഐടിയു ജില്ലാ ജനറല്‍ സെക്രട്ടറി ടി. ദാസന്‍, അഡ്വ. പി.എ. മുഹമ്മദ് റിയാസ് തുടങ്ങിയവര്‍ പ്രസംഗിച്ചു. രാവിലെ തുടങ്ങിയ ഉപരോധം വൈകിട്ട് അഞ്ചിനു സമാപിച്ചു. സമരം ഇന്നും തുടരും.
Close...
Maximum Character Allowed -
4000