കോഴിക്കോട്
മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ അനസ്തേഷ്യ വിഭാഗത്തില്‍ വിദഗ്ധരില്ലാത്തതിനാല്‍ ശസ്ത്രക്രിയകള്‍ മാറ്റിവയ്ക്കേണ്ടിവരുന്നു. കഴിഞ്ഞ ഒരു മാസത്തിനിടെ നാലു കുട്ടികളടക്കം 12 പേരുടെ ശസ്ത്രക്രിയകള്‍ അനസ്ത്യേഷ്യ വിദഗ്ധരില്ലെന്ന കാരണത്താല്‍ തിയെറ്ററില്‍ വച്ചു മാറ്റിവച്ചു.
ജനറല്‍, ഓര്‍ത്തോ, പീഡിയാട്രിക് തുടങ്ങിയ വിഭാഗങ്ങളിലെ രോഗികളുടെ ശസ്ത്രക്രിയകളാണ് മാറ്റിവച്ചത്. ഇതേത്തുടര്‍ന്നു നാലുപേര്‍ ഡിസ്ചാര്‍ജ് ചെയ്തു സ്വകാര്യ ആശുപത്രിയില്‍ ചികിത്സതേടി.
മെഡിക്കല്‍ കോളെജ് ആശുപത്രിയിലും അനുബന്ധമായ മാതൃശിശു സംരക്ഷണ കേന്ദ്രത്തിലും സര്‍ജറി, ഓര്‍ത്തോ, ഇഎന്‍ടി, നേത്രം, ഉദരം, പ്ലാസ്റ്റിക് സര്‍ജറി, യൂറോളജി, ന്യൂറോസര്‍ജറി, തെറാസിക് സര്‍ജറി, കാര്‍ഡിയോളജി, പീഡിയാട്രിക് സര്‍ജറി, ഗൈനക്കോളജി തുടങ്ങിയ 12 വിഭാഗങ്ങളില്‍ ശസ്ത്രക്രിയകള്‍ ദിവസവും നടക്കുന്നുണ്ട്. ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സിലിന്‍റെ നിയമം അനുസരിച്ച് 2005 ല്‍ ആശുപത്രിയില്‍ 64 അനസ്ത്യേഷ്യ വിദഗ്ധരെ നിയമിക്കാന്‍ ഉത്തരവുണ്ടായിരുന്നു. 20 പേര്‍ മാത്രമാണ് ഇപ്പോഴുള്ളത്. ഇവരില്‍ പത്തു പേര്‍ താത്കാലിക അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്നവരാണ്. ഡോക്റ്റര്‍മാര്‍ അവധിയില്‍ പോകുമ്പോള്‍ നിശ്ചയിച്ച ശസ്ത്രക്രിയകള്‍ പോലും മാറ്റിവയ്ക്കേണ്ട സ്ഥിതിയാണ്.
അനസ്ത്യേഷ്യ വിഭാഗത്തില്‍ വിദഗ്ധരായ ഡോക്റ്റര്‍മാരുണ്ടെങ്കില്‍ മാത്രമേ ശസ്ത്രക്രിയകള്‍ ശരിയായി നടക്കുകയുള്ളൂവെന്നു ഡോക്റ്റര്‍മാര്‍ പറയുന്നു. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനുള്ളില്‍ എട്ട് അനസ്ത്യേഷ്യ വിദഗ്ധരാണു ദീര്‍ഘകാല അവധി എടുത്തു സ്വകാര്യ ആശുപത്രിയിലും വിദേശത്തുമായി ജോലി ചെയ്യുന്നത്. മെഡിക്കല്‍ കോളെജ് ആശുപത്രിയിലും, മാതൃശിശു സംരക്ഷണ കേന്ദ്രത്തിലും ദിവസേന 25മുതല്‍ 30 വരെ ശസ്ത്രക്രിയകള്‍ നടക്കുന്നുണ്ട്. എന്നാല്‍ അനസ്തേഷ്യ വിദഗ്ധരുടെ അഭാവത്താല്‍ ഇവ മുടങ്ങുക പതിവാണ്.
നിയമപ്രകാരം വിദഗ്ധരായ ഡോക്റ്റര്‍മാരെ അനസ്തേഷ്യ വിഭാഗത്തില്‍ നിയമിക്കുന്നുണ്ടെങ്കിലും ഇവര്‍ ദീര്‍ഘകാല അവധിയില്‍ പ്രവേശിച്ചിരിക്കുകയാണ്. കോഴ്സ് പൂര്‍ത്തിയാക്കിയ പുതിയ ഡോക്റ്റര്‍മാരെ നിയമിച്ചു ശസ്ത്രക്രിയകള്‍ കാര്യക്ഷമമാക്കാനുള്ള നടപടി സ്വീകരിച്ചു വരികയാണെന്നു മെഡിക്കല്‍ കോളെജ് വൈസ് പ്രിന്‍സിപ്പല്‍ ഡോ. പി.വി. നാരായണന്‍.
Close...
Maximum Character Allowed -
4000