സഞ്ചാരികളെ ആകര്‍ഷിക്കാന്‍ കാപ്പാട് അണിഞ്ഞൊരുങ്ങുന്നു
കൊയിലാണ്ടി
വിനോദസഞ്ചാര ഭൂപടത്തില്‍ ലോകത്തിന്‍റെ സജീവ ശ്രദ്ധയിലേക്കുയരാന്‍ കാപ്പാട് അണിഞ്ഞൊരുങ്ങുന്നു. സംസ്ഥാന ടൂറിസം വകുപ്പും, ഹാര്‍ബര്‍ എന്‍ജിനിയറിങ് വിഭാഗവും, ജലസേചന വിഭാഗവും 9.35 കോടി രൂപയാണു കാപ്പാട് വികസനത്തിനു ചെലവഴിക്കുന്നത്.
കാറ്റാടി മരങ്ങള്‍ തീരമിടിഞ്ഞു കടലില്‍ പതിക്കുന്നതു ശാപമായിരുന്നു. എന്നാല്‍ വലിയ ഉയരത്തില്‍ മണല്‍ത്തിട്ടകള്‍ നിര്‍മിച്ചത് ഇതിനു പരിഹാരമായി. ഓരോ മരത്തിനും പ്രത്യേക പരിരക്ഷ ലഭിക്കുന്ന വിധത്തിലാണു നിര്‍മാണം. കാപ്പാട് ബീച്ച് റോഡിനും തീരത്തിനും മധ്യേ രണ്ടു കിലോമീറ്റര്‍ ദൂരം തറയോടുകള്‍ പതിച്ചു നടപ്പാതകള്‍ ഒരുക്കിയിട്ടുണ്ട്. പൂന്തോട്ടം, പവലിയന്‍, ആര്‍ട്ട് ഗ്യാലറി എന്നിവയുടെ നിര്‍മാണം പുരോഗമിക്കുന്നു.
പ്രാഥമികാവശ്യങ്ങള്‍ക്കുള്ള സൗകര്യങ്ങളും ഒരുക്കുന്നുണ്ട്. 183 മീറ്റര്‍ നീളത്തില്‍ തെക്കു ഭാഗത്തായി ഇരിപ്പിടങ്ങളും പുല്‍ത്തകിടിയും സഞ്ചാരികള്‍ക്കായി നിര്‍മിക്കും.കാപ്പാടുള്ള ഗാമയുടെ സ്തൂപം നവീകരിക്കാന്‍ സൈമണ്‍ ബ്രിട്ടോ എംഎല്‍എയുടെ ഫണ്ടില്‍ നിന്നു 15 ലക്ഷം രൂപ അനുവദിച്ചു. സന്ദര്‍ശകരെ ആകര്‍ഷിക്കുന്ന രീതിയില്‍ വൈദ്യുതി വിളക്കുകളും ഇവിടെ സജ്ജീകരിക്കും. ഹൈ മാസ്റ്റ് ടി ഫൈവ് എന്ന സംവിധാനമാണ് ഇതിനായി ഉപയോഗിക്കുക. വാഹനങ്ങള്‍ ഇടിച്ചാലും കേടുപറ്റാത്ത രീതിയില്‍ 25,53,325 രൂപചെലവിലാണു വിളക്കുകളുടെ നിര്‍മാണം. വര്‍ഷാവസാനത്തോടെ തീരം സഞ്ചാരികള്‍ക്കായി തുറന്നു കൊടുക്കും. പുലിമുട്ടുകള്‍ നിര്‍മിച്ചു തിരയുടെ ശക്തി കുറച്ചതും സഞ്ചാരികളെ ഇവിടേക്കു കൂടുതലായി ആകര്‍ഷിക്കും.
Close...
Maximum Character Allowed -
4000