Sunday, August 01, 2010   4:53 AM IST
Supplements
Home>> Regional>> Kochi
Kochi
അടുത്ത ബജറ്റ് വരുന്നു; പോയത് എന്തായി?
Wednesday, March 10, 2010
|
|
|
കൊച്ചി

എ.സി. ജിപ്സണ്‍

2005 - 2010 കോര്‍പ്പറേഷന്‍ കൗണ്‍സിലിന്‍റെ അവസാന ബജറ്റ് അടുത്തയാഴ്ച. സെപ്റ്റംബറില്‍ കൗണ്‍സില്‍ കാലാവധി അവസാനിക്കുമെന്നതിനാല്‍ ഇടക്കാല ബജറ്റാകും ഇത്തവണത്തേത്. ആറു മാസത്തിനിപ്പുറം നില്‍ക്കുന്ന തെരഞ്ഞെടുപ്പു ലക്ഷ്യമിട്ടു ജനപ്രിയ പദ്ധതികള്‍ പ്രഖ്യാപിക്കാനുള്ള തത്രപ്പാടാണ് അണിയറയില്‍.

കഴിഞ്ഞ ബജറ്റില്‍ നല്‍കിയ വാഗ്ദാനങ്ങള്‍ പാതിയോളം ബജറ്റ് എസ്റ്റിമേറ്റില്‍ത്തന്നെ ഒതുങ്ങി നില്‍ക്കുന്നു എന്ന യാഥാര്‍ഥ്യത്തിനു മുന്നിലേക്കാണു പദ്ധതികളുടെ പെരുമഴയുമായി പുതിയ ബജറ്റ് അവതരിപ്പിക്കപ്പെടുന്നത്. 809 കോടിയുടെ കൂറ്റന്‍ ബജറ്റാണ് കഴിഞ്ഞ വര്‍ഷം ഇതേ കൗണ്‍സില്‍ അവതരിപ്പിച്ചത്. ഭരണസമിതിയുടെ പരാജയം വെളിവാക്കുന്നതാണു നടപ്പാകാതെപോയ പദ്ധതികളില്‍ പലതും.

ബ്രഹ്മപുരം മാലിന്യ

സംസ്കരണ പ്ലാന്‍റ്



അഭിമാന പദ്ധതിയെന്നു കോര്‍പ്പറേഷന്‍ മേനി നടിക്കുന്ന ബ്രഹ്മപുരം മാലിന്യ സംസ്കരണ പ്ലാന്‍റിന്‍റെ തകര്‍ച്ചയ്ക്കു നടുവിലാണു ഭരണസമിതി കാലാവധി പൂര്‍ത്തിയാക്കാനൊരുങ്ങുന്നത്. 2005ല്‍ കൗണ്‍സില്‍ അധികാരത്തിലെത്തിയശേഷം നിര്‍മാണം തുടങ്ങിയ പ്ലാന്‍റ് റെക്കോഡ് വേഗത്തില്‍ പൂര്‍ത്തിയാക്കി. 2008 ജൂണ്‍ 20ന് ഉദ്ഘാടനം ചെയ്ത പ്ലാന്‍റ് ആദ്യ ആറു മാസം കാര്യക്ഷമമായി പ്രവര്‍ത്തിച്ചു. പക്ഷേ, രണ്ടു വര്‍ഷം തികയും മുന്‍പു പ്രവര്‍ത്തനം നിലച്ചു. കൗണ്‍സിലിന്‍റെ അവസാന വര്‍ഷത്തില്‍ ഭരണകക്ഷിക്കു നേരിട്ട ഏറ്റവും വലിയ തിരിച്ചടിയാണ് ബ്രഹ്മപുരം പ്ലാന്‍റിന്‍റെ തകര്‍ച്ച.

കോഴിക്കോട് ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ടെക്നോളജിയിലെ സിവില്‍ വിഭാഗം ബ്രഹ്മപുരത്തു നടത്തിയ പഠനത്തില്‍ നിര്‍മാണത്തിലെ ഗുരുതര വീഴ്ച കണ്ടെത്തിയിരുന്നു. പ്ലാന്‍റിലെ ഏഴു കെട്ടിടങ്ങളുടെ ഭിത്തികള്‍ വിണ്ടുകീറി. വെര്‍മി കംപോസ്റ്റ് ഷെഡ്, മാലിന്യം ഡംപ് ചെയ്യുന്ന ടിപ്പിങ് ഫ്ളോര്‍ പ്രോഡക്റ്റ് ഗോഡൗണ്‍, കംപോസ്റ്റ് പ്രോസസിങ് ഷെഡ് എന്നിവയുടെ തറ വിണ്ടുകീറി. നിര്‍മാണ കുടിശിക സംബന്ധിച്ചു കോര്‍പ്പറേഷനുമായുണ്ടായ തര്‍ക്കം മൂലം പ്ലാന്‍റ് നടത്തിപ്പുകാരായ ആന്ധ്രപ്രദേശ് ടെക്നോളജി ഡെവലപ്മെന്‍റ് കോര്‍പ്പറേഷന്‍(എപിറ്റിഡിസി) ജോലി നിര്‍ത്തി.

പ്ലാന്‍റ് നിര്‍മാണത്തിനു ചെലവാക്കിയ 16 കോടി രൂപ പാഴായി. വേസ്റ്റ് ട്രീറ്റ്മെന്‍റ് തുടര്‍ന്നു നടത്തണമെങ്കില്‍ കോടികള്‍ മുടക്കി പ്ലാന്‍റ് പുതുക്കിപ്പണിയണം. ഇതിനായി തിരുവനന്തപുരത്തെ സെന്‍റര്‍ ഫൊര്‍ എന്‍വയോണ്‍മെന്‍റ് സ്റ്റഡീസ്(സിഇഎസ്) എന്ന സ്ഥാപനത്തെയാണ് ഇപ്പോള്‍ നിയോഗിച്ചിരിക്കുന്നത്.

പ്ലാന്‍റ് പ്രവര്‍ത്തിപ്പിക്കണമെങ്കില്‍ കോടികള്‍ ഇനിയും ചെലവഴിക്കണം. ബ്രഹ്മപുരം പ്ലാന്‍റ് നവീകരണത്തിനായി കോടികള്‍ ഈ ബജറ്റില്‍ നീക്കിവയ്ക്കുമെന്നുറപ്പാണ്. മൂന്നു കൊല്ലം മുന്‍പു ചെലവാക്കിയ 16 കോടി രൂപ പാഴാക്കിയെന്ന അധികൃതരുടെ സമ്മതം കൂടിയാകും പുതിയ പ്രഖ്യാപനം.

ആര്‍ഡിഎഫ് പ്ലാന്‍റ്



ആര്‍ഡിഎഫ് പ്ലാന്‍റിലേക്കുള്ള യന്ത്ര സാമഗ്രികളുടെ നിര്‍മാണം അവസാന ഘട്ടത്തിലാണ്. യന്ത്ര സാമഗ്രികള്‍ സ്ഥാപിക്കുന്നതിനുള്ള പ്ലാറ്റ്ഫോം, ഫൗണ്ടേഷന്‍, ബേസ്മെന്‍റ് എന്നിവയുടെ നിര്‍മാണം ഒരു മാസത്തിനകം പൂര്‍ത്തിയാക്കും. ഓഗസ്റ്റ് 15നകം ബ്രഹ്മപുരത്ത് ആര്‍ഡിഎഫ് പ്ലാന്‍റ് പൂര്‍ണതോതില്‍ പ്രവര്‍ത്തനം തുടങ്ങും.

ഇപ്പോഴത്തെ സ്ഥിതി:

പ്ലാന്‍റ് നിര്‍മാണം ഏറ്റെടുത്തിരിക്കുന്ന ഔറംഗബാദിലെ മെയോ വെസെല്‍സ് എന്ന കമ്പനി യന്ത്രങ്ങള്‍ ഇതുവരെ പ്ലാന്‍റില്‍ സ്ഥാപിച്ചിട്ടില്ല. പൈലിങ് ജോലികള്‍ പൂര്‍ത്തിയാകാത്തതിനാലാണിത്. 2009 ഏപ്രിലില്‍ പൈലിങ് പൂര്‍ത്തിയാകുമെന്നു പ്രഖ്യാപിച്ചിരുന്നെങ്കിലും നടന്നില്ല.

ആ വര്‍ഷം ജൂണ്‍ 17നു കോര്‍പ്പറേഷന്‍ പ്രതിനിധി സംഘം അഹമ്മദാബാദ് സന്ദര്‍ശിച്ചു. യന്ത്ര സാമഗ്രികളുടെ നിര്‍മാണം ഏകദേശം പൂര്‍ത്തിയായെന്നു വ്യക്തമാക്കിയിരുന്നു.

അതിനു ശേഷം കമ്പനിയും ഇക്കാര്യം പലതവണ കോര്‍പ്പറേഷനെ അറിയിച്ചു. ഭൂമി ഉറപ്പിക്കാതെ ഇവ എങ്ങനെ സ്ഥാപിക്കും? 2.5 കോടി രൂപ കഴിഞ്ഞ ബജറ്റില്‍ ഈ പദ്ധതിക്കായി നീക്കിവച്ചിരുന്നു.

ഡ്രെയ്നെജ്, സൂവിജ്

പ്രൊജക്റ്റുകള്‍ പാതിവഴിയില്‍



നഗരത്തിലെ ഡ്രെയ്നെജ് പദ്ധതികള്‍ക്കായി കഴിഞ്ഞ ബജറ്റില്‍ നീക്കിവച്ച തുകയില്‍ പകുതിയോളം ഇനിയും ചെലവഴിക്കാനുണ്ട്. വലിയ തോടുകളും കാനകളും ചെന്നു ചേരുന്ന കാനകള്‍ ആഴവും വീതിയും വര്‍ധിപ്പിച്ചു സൈഡ് പ്രൊട്ടക്ഷന്‍ വാള്‍ കെട്ടി നെറ്റ്പിടപ്പിക്കുന്ന പദ്ധതി തുടങ്ങുമെന്നു പ്രഖ്യാപിച്ചിരുന്നെങ്കിലും നടന്നില്ല. 15ഓളം വലിയ പദ്ധതികളാണു കാന നവീകരണത്തിനു മാത്രം പ്രഖ്യാപിച്ചിരുന്നത്.

കാനകള്‍ക്കു മുകളില്‍ ടാങ്ക് നിര്‍മിച്ചു വെള്ളം ശേഖരിച്ചു പ്രഷര്‍ ജെറ്റ് ഉപയോഗിച്ചു വേനല്‍ക്കാലത്തു കാന ക്ലീന്‍ ചെയ്യുന്ന പുതിയ പദ്ധതി പരീക്ഷണാടിസ്ഥാനത്തില്‍ തുടങ്ങാന്‍ 25 ലക്ഷം രൂപ നീക്കിവച്ചിരുന്നു. ഡൊമസ്റ്റിക് സൂവിജ് അണ്ടര്‍ഗ്രൗണ്ട് പൈപ്പുകളിലൂടെ പമ്പിങ് സ്റ്റേഷനിലൂടെ ട്രീറ്റ്മെന്‍റ് പ്ലാന്‍റിലെത്തിച്ചു സംസ്കരിക്കുന്ന പദ്ധതി തുടങ്ങിയിട്ടില്ല. മൂന്നു മാസത്തിനകം നിര്‍മാണം തുടങ്ങുമെന്നായിരുന്നു വാഗ്ദാനം.സെപ്റ്റിക് ടാങ്കുകളുടെ ലീക്ക് അടയ്ക്കുന്നതിനും വെന്‍റ് പൈപ്പുകളില്‍ നെറ്റ് പിടിപ്പിക്കുന്നതിനും രൂപീകരിക്കുമെന്നറിയിച്ച സ്ക്വാഡ് പ്രവര്‍ത്തനം തുടങ്ങിയിട്ടില്ല.പശ്ചിമകൊച്ചിയിലെ ബൗണ്ടറി കനാലിന്‍റെ നവീകരണത്തിനു നടപടി തുടങ്ങിയിട്ടുണ്ട്. പേരണ്ടൂര്‍ കനാല്‍ വീതികൂട്ടല്‍ ഇനിയുമായിട്ടില്ല.
|
|
|
Related News
Most Rated News
Most Visited News
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code