Sunday, August 01, 2010   4:55 AM IST
Supplements
Home>> Regional>> Kochi
Kochi
കിഴക്കന്‍ ടൂറിസം പ്രഖ്യാപനത്തില്‍ ഒതുങ്ങുന്നു
Wednesday, March 10, 2010
|
|
|
കോതമംഗലം

ടൂറിസം വികസന പ്രഖ്യാപനങ്ങള്‍ കടലാസിലൊതുങ്ങുന്നു. പ്രകൃതി കനിഞ്ഞ് ഒരുക്കിയ വിസ്മയ കാഴ്ചകളുമായി കുട്ടമ്പുഴയും പൂയംകുട്ടി വനമേഖലയും കാത്തിരുന്നിട്ടും അടിസ്ഥാന സൗകര്യങ്ങളൊരുക്കാന്‍ അധികൃതര്‍ തയാറായിട്ടില്ല. അടിക്കടി ബോട്ടപകടങ്ങള്‍ ഉണ്ടായിട്ടും മുന്‍കരുതലുകള്‍ എടുക്കാന്‍ തയാ റാകുന്നില്ല.

വിദേശികള്‍ക്കു പ്രകൃതിയുടെ വരദാനമായ വിസ്മയങ്ങള്‍ കാണാന്‍ ആഗ്രഹമുണ്ടെങ്കിലും സുരക്ഷിതമല്ലാത്തതിനാല്‍ മോഹം ഉള്ളിലൊതുക്കുകയാണിപ്പോള്‍. വിനോദ സഞ്ചാര ഭൂപടത്തില്‍ സ്ഥാനം പിടിച്ചിട്ടുള്ള പീണ്ടിമേട് വെള്ളച്ചാട്ടം, പ്രാംകുത്ത് , റോക്ക് പാലസ്, കുരിതകുത്തി എന്നീ ഭാഗങ്ങള്‍ പൂയംകുട്ടി വനത്തിനുള്ളിലെ വിസ്മയക്കാഴ്ചകളാണ്. ലോകപ്രശസ്ത പക്ഷിശാസ്ത്രജ്ഞന്‍ ഡോ. സലീം അലി കണ്ടെത്തിയ തട്ടേക്കാട് പക്ഷിസങ്കേതം ലോകഭൂപടത്തില്‍ ഇടംപിടിച്ചിട്ടുള്ളതാണ്. ആയിരക്കണക്കിനു വിദേശികളും സ്വദേശികളുമായ വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്ന ഇവിടം പക്ഷേ സഞ്ചാരികള്‍ക്കു പേടിപ്പെടുത്തുന്ന ഓര്‍മകളാണു സമ്മാനിക്കുന്നത്.

മനസിനും ശരീരത്തിനും കുളിരു പകരുന്ന പ്രാംകുത്തിലെ ചെറുതടാകം, ബ്രിട്ടീഷുകാര്‍ കണ്ടെത്തിയ പീണ്ടിമേട് വെള്ളച്ചാട്ടം എന്നിവ അപകടരഹിതമായ പ്രദേശങ്ങളാണ്. കുട്ടികള്‍ക്കുപോലും മതിവരുവോളം ഇവിടെ നീന്തിതുടിക്കാം. സമീപപ്രദേശത്തെ ഭൂതത്താന്‍കെട്ട് ഡാം, കുട്ടമ്പുഴയിലെ ആനക്കയം തുരുത്തുകള്‍, നൂറേക്കര്‍മന, ആദിവാസി കുടികള്‍, പാറകളുടെ വിളനിലമായ റോക്ക് പാലസ് എന്നിവ മറ്റ് ആകര്‍ഷണങ്ങള്‍. പ്രാംകുത്തിനു മുന്നിലാണു ചെളാട്ട് അള. പാറകള്‍കൊണ്ടുള്ള അറ ഇവിടെ പ്രകൃതി തീര്‍ത്തിട്ടുണ്ട്. 50 പേര്‍ക്ക് ഒരുമിച്ചു സുരക്ഷിതമായി കയറി നിലനില്‍ക്കാനാകും. ഈറ്റവെട്ടുകാര്‍ വന്യമൃഗങ്ങളില്‍ നിന്നും രക്ഷനേടാന്‍ രാത്രികാലങ്ങളില്‍ ആശ്രയിക്കുന്നത് ഈ അളയാണ്.

ലോകത്തില്‍ അപൂര്‍വമായി കാണുന്ന വിവിധയിനം പക്ഷികളുടെ ആവാസകേന്ദ്രമായ പക്ഷിസങ്കേതത്തില്‍ സ്ഥാപിച്ചിട്ടുള്ള വാച്ച്ടവറില്‍ കയറിനിന്നാല്‍ വന്യമൃഗങ്ങളെ അടുത്തുകാണാം. രാത്രി തങ്ങാം, ഭക്ഷണവും ലഭ്യം. പൂയംകുട്ടി പദ്ധതിക്കായി കണ്ടെത്തിയതാണു പീണ്ടിമേട് വെള്ളച്ചാട്ടം. പരിസ്ഥിതി സംഘങ്ങളുടെ എതിര്‍പ്പിനെ തുടര്‍ന്നു പദ്ധതി ഉപേക്ഷിച്ചെങ്കിലും പ്രകൃതി നല്‍കിയ വെള്ളച്ചാട്ടം സംരക്ഷിക്കാനും സഞ്ചാരികളെ ആകര്‍ഷിക്കാനും അധികൃതര്‍ തയാറാകുന്നില്ല. കുട്ടമ്പുഴ, തട്ടേക്കാട്, ഭൂതത്താന്‍കെട്ട്, മലയാറ്റൂര്‍, കോടനാട്, പാണിയേലി, എന്നീ പ്രദേശങ്ങള്‍ കൂട്ടിയിണക്കി ആലുവ മുതല്‍ മൂന്നാര്‍ വരെ പ്രകൃതി ഭംഗി ആസ്വദിക്കാന്‍ സഞ്ചാരികള്‍ക്ക് അവസരം ഒരുക്കിയാല്‍ വിനോദസഞ്ചാരികളുടെ പറുദീസയാകും ഈ പ്രദേശം.

|
|
|
Related News
Most Rated News
Most Visited News
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code