ഹാന്‍റെക്സ് ഹൗസ്: പാഴാക്കിയത് കോടികള്‍
Wednesday,
March 10,
2010
ബാലരാമപുരം
ഹലീല്‍ ബാലരാമപുരം
ബാലരാമപുരത്തെ ഹാന്‍റെക്സ് പ്രോസസിങ് ഹൗസിന്‍റെ പ്രവര്‍ത്തനം നിലച്ചിട്ട് അഞ്ചു വര്‍ഷങ്ങള്‍. കോടികള്‍ വിലമതിക്കുന്ന മെഷീനുകള്‍ ഇരുമ്പു വിലയ്ക്ക് വിറ്റു. പ്രവര്‍ത്തനം നിലച്ചിട്ട് അഞ്ചു വര്‍ഷം കഴിയുമ്പോഴും രണ്ടു മാസത്തിലൊരിക്കല്‍ വന്‍തുക കറന്‍റ് ബില്‍ അടച്ചുവരുന്നു. നല്ല നിലയില്‍ പ്രവര്‍ത്തിച്ചിരുന്ന സ്ഥാപനം സ്വകാര്യവത്കരണത്തിന്‍റെ ഭാഗമായും അധികൃതരുടെ അഴിമതികളെത്തുടര്‍ന്നുമാണു അടച്ചു പൂട്ടിയത്.
കൈത്തറി വ്യവസായത്തിന്‍റെ ഉന്നമനത്തിനായി നെയ്ത്തുകാര്‍ക്കു നൂലും കൂലിയും നല്‍കി അവരുടെ ഉത്പന്നങ്ങള്‍ സ്വീകരിച്ചിരുന്നു. 1954ല്‍ ഹാന്‍റെക്സ് ഡൈ ഹൗസാനിയ ശ്രീമൂലം പ്രജാസഭയാണ് ഒരു ഏക്കര്‍ 98 സെന്‍റ് സ്ഥലത്ത് ഇതിനു തുടക്കം കുറിച്ചത്. 96ല്‍ ഹാന്‍റെക്സ് പ്രോസസ് ഹൗസായി ഉയര്‍ത്തപ്പെട്ടു. അഞ്ചു ബ്ലോക്കുകളിലായി 72ലേറെ തൊഴിലാളികള്‍ ജോലി നോക്കിയിരുന്ന സ്ഥാപനത്തില്‍ ആദ്യകാലങ്ങളില്‍ ദിനംപ്രതി 6000 മീറ്റര്‍ തുണി പ്രോസസിങ് നടത്തി വിവിധ തരം ഡിസൈനുകളില്‍ വിപണിയിലെത്തിച്ചിരുന്നു. ലക്ഷങ്ങളുടെ ലാഭത്തിലായിരുന്നു പ്രവര്‍ത്തനം.
നാലുവര്‍ഷം മുന്‍പു സ്ഥാപനം ലോക്കൗട്ട് ചെയ്തു. ഇതിനു മുന്‍പും പലതവണ അടച്ചുപൂട്ടല്‍ ഭീഷണിയെത്തുടര്‍ന്നു ജീവനക്കാര്‍ സമരവുമായി രംഗത്തെത്തിയിരുന്നു. 1995ല്‍ സ്വകാര്യവത്കണ അധികൃതരുടെ തീരുമാനത്തിനെതിരേ വിവിധ യൂണിയനുകളുടെ നേതൃത്വത്തില്‍ സമരം നടത്തിയിരുന്നു. 1990ല്‍ പാപ്പനംകോട് ടിപിഡിസിയുടെ കീഴില്‍ പ്രവര്‍ത്തിച്ചിരുന്ന ഒരു ഫാക്റ്ററി ഒന്നര കോടി രൂപ നല്‍കി വാങ്ങി അവിടെ പ്രവര്‍ത്തനം ആരംഭിച്ചു. വെള്ളമില്ലെന്ന കാരണത്താല്‍ ഈ സ്ഥാപനത്തിന്‍റെ ഒരു വിഭാഗം അങ്ങോട്ടേക്കു മാറ്റി. കടുത്ത വേനലില്‍ വറ്റാത്ത ഒരു കുളവും രണ്ടു കിണറും നിലനില്‍ക്കെയാണു വെള്ളത്തിന്‍റെ പേരില്‍ ആരോപണം ഉയര്‍ത്തി ഒരു ഫാക്റ്ററി സ്ഥാപിച്ചത്.
ഇത് ജീവനക്കാര്‍ക്കിടയില്‍ പ്രതിഷേധത്തിനിടയാക്കി. പുതിയ മെഷീന്‍ സ്ഥാപിക്കുന്നതിന്‍റെ ഭാഗമായി ഇതിന്‍റെ പ്രവര്‍ത്തനവും മാസങ്ങളായി നിലച്ച മട്ടാണ്. അടച്ചുപൂട്ടിയ ബാലരാമപുരത്തെ പ്രൊസസ് ഹൗസിലെ ജീവനക്കാര്‍ സമരം നടത്താതിരിക്കാന്‍ ഇവര്‍ക്കു ഹാന്‍റെക്സിന്‍റെ സെയ്ല്‍സ് സെന്‍ററിലും മറ്റും ജോലി നല്‍കി.
2001ലാണു തുണികള്‍ ഇല്ലെന്ന പേരില്‍ അടച്ചു പൂട്ടാനുള്ള നടപടികള്‍ക്കു തുടക്കം കുറിച്ചത്.740ലേറെ പ്രാഥമിക കൈത്തറി സംഘങ്ങളും 130ലധികം ഫാക്റ്ററി ടൈപ്പ് സംഘങ്ങളും പ്രവര്‍ത്തിച്ചു വരുമ്പോഴാണു തുണിയില്ലെന്നു കാണിച്ചും നഷ്ടത്തിലാണെന്ന് ആരോപിച്ചും പ്രോസസിങ് ഹൗസ് അടച്ചു പൂട്ടി കണ്ണൂര്‍, തോട്ടടയിലുള്ള ഐഎച്ച്ടിടി എന്ന സര്‍ക്കാരിന്‍റെ ഫാഷന്‍ ടെക്നോളജി ഇന്‍സ്റ്റിറ്റ്യൂട്ടിന് തുച്ഛമായ വാടകയ്ക്കു നല്‍കിയത്. ഹാന്‍റെക്സിലെ ഉദ്യോഗസ്ഥര്‍ക്കും മറ്റുള്ളവര്‍ക്കും അന്യ സംസ്ഥാനത്തുനിന്നു തുണികള്‍ ഇറക്കി കമ്മിഷന്‍ കൈപ്പറ്റനാണു തുണികള്‍ ഇല്ലെന്ന കാരണം കാണിച്ചതെന്ന് ആക്ഷപമുണ്ട്.
നാലു വര്‍ഷത്തിലേറെ പൂട്ടിക്കിടക്കുന്ന പ്രൊസസ് ഹൗസില്‍ ഒരു ബള്‍ബു പോലും പ്രവര്‍ത്തനമില്ലാതെ തന്നെ 1800നു മുകളില്‍രൂപ വൈദ്യുതി ബില്ല് രണ്ടുമാസത്തിലൊരിക്കല്‍ അടയ്ക്കുന്നു. പ്രവര്‍ത്തനം നിലച്ചതാു രേഖാമൂലം എഴുതി നല്‍കാന്‍ ഉദ്യോഗസ്ഥര്‍ തയാറാകാത്തതാണു ബില്‍ത്തുക ഇത്രയും വരാന്‍ കാരണമെന്നു ഇലക്ട്രിസിറ്റി അധികൃതര്‍.
പ്രൊസസിങ് ഹൗസില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന രണ്ടു മെഷീനുകള്‍ ഒഴികെ ബാക്കിയെല്ലാം ഇരുമ്പു വിലയ്ക്കു വിറ്റു. ഒരുദിവസം പോലും പ്രവര്‍ത്തിക്കാത്ത ലക്ഷങ്ങള്‍ വിലമതിക്കുന്ന യാണ്‍ ഡൈയിങ് മെഷീനും ബീം ഡൈയിങ് മെഷീനുകളും ഇതില്‍ ഉള്‍പ്പെടുമെന്നു ജീവനക്കാര്‍. കൂടാതെ രണ്ടു ബോയ്ലറുകള്‍, രണ്ടു സ്റ്റെന്‍റര്‍, രണ്ട് വീഞ്ച്, ചെമ്പിലുള്ള ഡ്രൈയിങ് റെയിങ് ജിഗാര്‍, പോളിമറൈസര്‍, എഡ്ജര്‍, വീമ് ഡൈയിങ് തുടങ്ങിയ നിരവധി മെഷീനുകളാണു ആറുലക്ഷത്തില്‍പ്പരം രൂപയ്ക്കു വിറ്റത്.
ഇതിലെ ഓരോ മെഷീനും ആറുലക്ഷത്തിനു പുറത്തു വിലമതിക്കുമെന്നു ജീവനക്കാര്‍. ഇവ പലതും തമിഴ്നാട്ടിലെ ഫാക്റ്ററികളില്‍ ഇപ്പോഴും പ്രവര്‍ത്തിക്കുന്നു. ഉദ്യോഗസ്ഥര്‍ കോഴവാങ്ങിയാണ് വില്‍പ്പന നടത്തിയതെന്ന ആരോപണവും ശക്തം.
ഇനി അവശേഷിക്കുന്ന പ്രിന്‍റിങ് മെഷീനും വീഞ്ചും കൃത്യമായ സുരക്ഷിതമില്ലാതെ തുരുമ്പു കയറി നശിക്കുന്നു. നൂറുകണക്കിനു തൊഴിലാളികള്‍ക്കു ജോലി വാഗ്ദാനവുമായി തുടങ്ങിയ പ്രൊസസ് ഹൗസിന്‍റെ പ്രധാന കെട്ടിടത്തിന്‍റെ ഉദ്ഘാടനം 1985ല്‍ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന കെ. കരുണാകരനും വ്യവസായ മന്ത്രിയാ യിരുന്ന ഇ. അഹമ്മദുമാണു നിര്‍വഹിച്ചത്. ഇതിന്‍റെ ഉന്നമനത്തിനായി അന്നു പല പ്രഖ്യാപനങ്ങളും നടത്തിയിരുന്നു.
പ്രവര്‍ത്തനമില്ലാത്ത ഹാന്‍റെക്സ് പ്രൊസസിങ് ഹൗസിന്‍റെ പേരില്‍ ഇന്നും ലക്ഷങ്ങളുടെ ആനുകൂല്യങ്ങള്‍ അധികൃതര്‍ കൈക്കലാക്കുന്നതായും ആരോപണം. ബാലരാമപുരം കൈത്തറി മേഖലയെ പുഷ്ടിപ്പെടുത്തുന്നതിന്‍റെ ഭാഗമായി ആരംഭിച്ച വന്‍കിട പദ്ധതികളെല്ലാം അഴിമതിയുടെ പേരില്‍ അടച്ചു പൂട്ടിയ ശേഷം പുതിയ പേരില്‍ രംഗത്തെത്തുകയാണ്. സ്പിന്നിങ് മില്‍ അടച്ചുപൂട്ടി കഴിഞ്ഞ വര്‍ഷം പുനരാരംഭിച്ചെങ്കിലും കൈത്തറി മേഖലയ്ക്കു ഉപയോഗമില്ലെന്നു കൈത്തറിത്തൊഴിലാളികള്‍. അടച്ചുപൂട്ടിയ പ്രൊസസ് ഹൗസില്‍ പുതിയ പദ്ധതികളുമായി സര്‍ക്കാര്‍ രംഗത്തെത്തുന്നതു കൈത്തറി മേഖലയെ തകര്‍ക്കാനുള്ള ശ്രമമാണെന്നു കരുതുന്നവരുണ്ട്.
Close...
Maximum Character Allowed -
4000