ഗതാഗത പരിഷ്കരണത്തിന്
211 കോടി
Wednesday,
March 10,
2010
തിരുവനന്തപുരം
തലസ്ഥാന നഗരത്തിന്‍റെ ഗതാഗതക്കുരുക്കിനു പരിഹാരം കാണാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സംയുക്ത പദ്ധതി വരുന്നു. രണ്ടു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കാന്‍ ഉദ്ദേശിക്കുന്ന പദ്ധതി ഏപ്രിലില്‍ ആരംഭിക്കും. 211 കോടിരൂപയാണ് പദ്ധതിക്കായി ചെലവഴിക്കുന്നത്.
പൂനെ നഗരത്തിന്‍റെ മാതൃകയില്‍ നഗരത്തിനെ മാറ്റുന്ന പദ്ധതി നടപ്പാക്കുന്നത് കെഎസ്യുഡിപിയാണ്. നിലവിലുള്ള റോഡുകളുടെ വീതി കൂട്ടുക, ബസുകള്‍ക്കു മാത്രമായി പാര്‍ക്കിങ് ലൈന്‍ സജ്ജീകരിക്കുക, ഇരുചക്ര വാഹനങ്ങള്‍ക്കായി പ്രത്യേക ട്രാക്ക്, പൊതു ഗതാഗത സംവിധാനത്തിന്‍റെ കാര്യക്ഷമത വര്‍ധിപ്പിക്കുക എന്നിവയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്ന് കെഎസ്യുഡിപി അധികൃതര്‍. പദ്ധതി രേഖ തയാറായിട്ടുണ്ട്.
കിഴക്കേകോട്ട മുതല്‍ തമ്പാനൂര്‍ വരെ എത്തുന്ന സബ്വേ നിര്‍മിക്കാനുള്ള നിര്‍ദേശവും പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സബ്വേയുടെ നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ നഗരത്തിലെ കാല്‍നട യാത്രക്കാരുടെ യാത്രാക്ലേശത്തിന് ഒരു പരിധിവരെ പരിഹരമാകും. നിര്‍ദിഷ്ട സബ്വേക്കു ഇരു വശങ്ങളിലായി വ്യാപാര സമുച്ചയങ്ങള്‍ സ്ഥാപിക്കും. കൂടാതെ വിവിധ ബാങ്കുകളുടെ എടിഎം കൗണ്ടറുകള്‍, ഭക്ഷണശാലകള്‍, ട്രെയ്ന്‍ ടിക്കറ്റ് റിസര്‍വേഷനുകള്‍ തുടങ്ങിയവയും സ്ഥാപിക്കും.
വിവിധ സ്ഥാപനങ്ങളുടെ പരസ്യ ബോര്‍ഡുകള്‍ സ്ഥാപിക്കാനുള്ള സൗകര്യങ്ങളും സബ്വേയിലുണ്ടാകും. ഇന്‍റര്‍നെറ്റ് കഫെ, പബ്ലിക് ടെലിഫോണ്‍ സൗകര്യം, എന്നിവയും ലഭ്യമാക്കുമെന്ന് അധികൃതര്‍. കിഴക്കേ കോട്ടയ്ക്കും തമ്പാനൂരിനും ഇടയിലുള്ള സബ്വേയില്‍ 179 കടകള്‍ ഒരുക്കും. ഈഞ്ചക്കലില്‍ ആറു നിലകളിലായി പുതിയ പാര്‍ക്കിങ് പ്ലാസ നിര്‍മിക്കും. ട്രാഫിക് സംവിധാനങ്ങളുടെ നവീകരണവും പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
എന്നാല്‍ ശശി തരൂര്‍ എംപി പ്രഖ്യാപിച്ച ഇരട്ട നഗര വികസനം പൂനെ മോഡലുമായി ഇടയുമോയെന്ന സംശയവും അധികൃതര്‍ക്കുണ്ട്. ഇരട്ട നഗരവികസനത്തിന്‍റെ ഭാഗമായി ബാഴ്സിലേണിയന്‍ പ്രതിനിധികള്‍ നഗരസഭാ അധികൃതരുമായി ആശയവിനിമയം നടത്തി. നഗരത്തിന്‍റെ പ്രധാന പ്രശ്നങ്ങള്‍ പഠിക്കുന്നതിനായി വിദഗ്ധ സംഘവും തലസ്ഥാനത്തു പര്യടനം നടത്തി. കടലുമായി കൂടുതല്‍ അടുത്തു നില്‍ക്കുന്ന നഗരമാക്കി മാറ്റണമെന്ന നിര്‍ദേശമാണ് സംഘം നല്‍കിയത്. ഇതിനായുള്ള ഫണ്ട് സംസ്ഥാന സര്‍ക്കാര്‍ കണ്ടെത്തണം. കെഎസ്യുഡിപിയുടെ പുതിയ പദ്ധതിക്ക് അനുമതി നല്‍കുന്നതിനോടൊപ്പം ഇരട്ട നഗരപദ്ധതിയും കൊണ്ടുവരുന്നതിനു നഗരസഭാ അധികൃതര്‍ തയാറാകുമോ എന്ന ആശങ്കയാണ് ഇപ്പോഴുള്ളത്.
Close...
Maximum Character Allowed -
4000