Sunday, August 01, 2010   4:56 AM IST
Supplements
Home>> Regional>> Thiruvananthapuram
Thiruvananthapuram
നഗരസഭാ ബജറ്റ് 20നു മുന്‍പ്
Wednesday, March 10, 2010
|
|
|

തിരുവനന്തപുരം

എ.എസ്. അജയ്ദേവ്

നഗരസഭാ ബജറ്റ് 20നു മുന്‍പ്. സംസ്ഥാന ബജറ്റിന്‍റെ ചുവടുപിടിച്ചുള്ള നഗരക്ഷേമ പദ്ധതികള്‍ക്കു മുന്‍ തൂക്കമുള്ള ബജറ്റാണ് ഡെപ്യൂട്ടി മേയറും ധനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനുമായ വി. ജയപ്രകാശ് അവതരിപ്പിക്കുക. നഗര ത്തിന്‍റെ ബഹുമുഖ വികസനം മുന്‍ നിര്‍ത്തിയുള്ള ബജറ്റായിരിക്കും അവതരിപ്പിക്കുകയെന്ന് അദ്ദേഹം പറയുന്നു. കഴിഞ്ഞ ബജറ്റില്‍ കൗണ്‍സില്‍ അംഗീകരിച്ച ഭൂരിഭാഗം പദ്ധതികളും നഗരസഭ നടപ്പാക്കിയ ആത്മവിശ്വാസത്തിലാണ് ഭരണപക്ഷം.

ബജറ്റില്‍ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കായി നിരവധി പദ്ധതികള്‍ ഉണ്ടാകം. ഇടതുപക്ഷ കൗണ്‍സിലിന്‍റെ കഴിഞ്ഞ നാലുവര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ ജനോപകാര പ്രദവും നഗര വികസനത്തിനുള്ളതുമായിരുന്നെന്നു ജയപ്രഗകാശ്.

വിളപ്പില്‍ശാല മാലിന്യ സംസ്കരണ ഫാക്റ്ററി നഗരസഭ ഏറ്റെടുത്തതും കുടുംബ ശ്രീ പ്രവര്‍ത്തകര്‍ക്കു മാലിന്യശേഖരണ യൂനിറ്റുകള്‍ നടത്താന്‍ സ്വതന്ത്ര ചുമതല നല്‍കിയതും കൗണ്‍സിലിന്‍റെ നേട്ടമായി കണക്കാക്കുന്നു. ഇതു വഴി നഗരത്തിലെ പാവപ്പെട്ട സ്ത്രീകള്‍ക്കു സ്വയം വരുമാനം കണ്ടെത്താന്‍ സാധിച്ചു.

ആരോഗ്യ രംഗത്തു കൂടുതല്‍ തുക വകയിരുത്തിയായിരിക്കും പുതിയ ബജറ്റ്. ഒപ്പം വിദ്യാഭ്യാസ മേഖലയ്ക്കും, സാമൂഹ്യ ക്ഷേമ പെന്‍ഷനുകള്‍ക്കും തുക കൂടുതലായി വകയിരുത്തും. വരാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിനു ഭരണം നിലനിര്‍ത്തുന്നതിന് ഉതകുന്ന ബജറ്റായിരിക്കും ഇതെന്നു ഭരണപക്ഷ കൗണ്‍സിലര്‍മാര്‍.

എന്നാല്‍ പദ്ധതികള്‍ അവതരിപ്പിച്ചു തുക വകയിരുത്തിയെങ്കിലും പുതിയ ബജറ്റ് അവതരിപ്പിക്കുമ്പോള്‍ പഴയ പദ്ധതികള്‍ ഒന്നു പോലും പൂര്‍ത്തിയായിട്ടില്ലെന്നു പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ ആരോപിക്കുന്നു. നഗരത്തിലെ ചേരി പരിഷ്കരണം, ഇഎംഎസ് ഭവന പദ്ധതി, സ്കൂളുകളുടെ അടിസ്ഥാന സൗകര്യം വികസിപ്പിക്കല്‍, നഗര പരിഷക്കരണത്തിനായുള്ള വിവിധ പദ്ധതികള്‍ എന്നിവ ഇപ്പോഴും പൂര്‍ണമായി നടത്താന്‍ കൗണ്‍സിലിനു കഴിഞ്ഞിട്ടില്ല.

കൂടാതെ എല്ലാ വാര്‍ഡുകളിലും ഒരു പോലെ നടത്തേണ്ട വികസന പ്രവര്‍ത്തനങ്ങളില്‍ രാഷ്ട്രീയം കലര്‍ത്തുകയും പ്രതിപക്ഷ കൗണ്‍സിലര്‍മാരുടെ വാര്‍ഡുകള്‍ പാടെ തഴയുകയുമാണ് ചെയ്തതെന്നും ഇവരുടെ ആരോപണം. പുതിയ ബജറ്റ് കഴിഞ്ഞ വര്‍ഷത്തിന്‍റെ തനിയാവര്‍ത്തനമായിരിക്കുമെന്നു പ്രതിപക്ഷ നേതാവ് ജോണ്‍സണ്‍ ജോസഫ് പറഞ്ഞു.

2009-10 ലെ ബജറ്റ് അവതരിപ്പിച്ചപ്പോള്‍ പ്രതിപക്ഷം വോക്കൗട്ട് നടത്തിയിരുന്നു. സ്പില്‍ ഓവര്‍ പദ്ധതികളാണ് അന്നത്തെ ബജറ്റില്‍ ഉള്‍പ്പെടുത്തിയിരുന്നത്. ഈ ബജറ്റിലും സ്പില്‍ ഓവര്‍ പദ്ധതികളായിരിക്കും കൂടുതലായി ഉണ്ടാവുകയെന്നാണ് പ്രതിപക്ഷം പറയുന്നത്.

31 നു മുന്‍പ് പദ്ധതികള്‍ക്ക് അംഗീകാരം കൗണ്‍സില്‍ നല്‍കണം. എങ്കില്‍ മാത്രമേ സര്‍ക്കാര്‍ ആനുകൂല്യങ്ങളും, കേന്ദ്ര ഫണ്ടും കൃത്യമായി സമയത്തിനുള്ളില്‍ ചെലവഴിക്കാന്‍ കഴിയൂ. ബജറ്റവതരണത്തിനുള്ള അവസാന മിനുക്കു പണികളിലാണ് ഡെപ്യൂട്ടി മേയര്‍. ബജറ്റ് അവതരണം എന്നാണെന്ന് ഔദ്യോഗികമായി നഗരസഭ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code