ചേപ്പിലിക്കുന്നു കുടിവെള്ള പദ്ധതി
യാഥാര്‍ഥ്യമായില്ല
Wednesday,
March 10,
2010
കൊണ്ടോട്ടി
ഹരിജന്‍ കോളനിയില്‍ വെള്ളമെത്തിക്കാനായി 12 വര്‍ഷം മുന്‍പു രൂപം നല്‍കിയ ചേപ്പിലിക്കുന്നു കുടിവെള്ള പദ്ധതി ഇതുവരെ യാഥാര്‍ഥ്യമായില്ല. കൊണ്ടോട്ടി ഗ്രാമപഞ്ചായത്തിലെ ആറാം വാര്‍ഡിലെ ചേപ്പിലിക്കുന്നു കുടിവെള്ള പദ്ധതിയുടെ ഗുണഭോക്താക്കള്‍ കുടിവെള്ളത്തിനായി പുലരും മുന്‍പേ മലയിറങ്ങി കിലോമീറ്റര്‍ താണ്ടേണ്ട അവസ്ഥയാണുള്ളത്.
സ്ത്രീകളും കുട്ടികളും അടക്കമുള്ളവരുടെ ഈ യാത്ര ഇവിടത്തെ പതിവു കാഴ്ചയാണ്.സ്പില്‍ ഓവറാക്കിയും മറ്റും ഏഴു ലക്ഷത്തില്‍ പരം രൂപ വകയിരുത്തി 12 വര്‍ഷം മുന്‍പു തുടങ്ങിയ കുടിവെള്ള പദ്ധതിയാണു നോക്കു കുത്തിയായത്. 48 പട്ടികജാതി കുടുംബങ്ങളുള്‍പ്പടെ 80 കുടുംബങ്ങള്‍ക്കു വേണ്ടിയാണു 1998 ല്‍ കുടിവെള്ള പദ്ധതി തുടങ്ങിയത്. പദ്ധതിക്കായി പ്രദേശത്തെ കൊളമ്പില മുക്കില്‍ കിണറും ചേപ്പിലിക്കുന്നിനു മുകളില്‍ രണ്ടു ടാങ്കുകളും പണിതിട്ടുണ്ട്.
കിണറ്റില്‍ നിന്നും വെള്ളം പമ്പു ചെയ്ത് ടാങ്കിലെത്തിച്ച് അവ ഗുണഭോക്താക്കള്‍ക്കായി വിതരണം ചെയ്യാനായിരുന്നു പദ്ധതി. ഒരു ലക്ഷത്തി നാല്‍പതിനായിരം രൂപ പദ്ധതി വിഹിതവും എഴുപത്തയ്യായിരം രൂപ ഗുണഭോക്തൃ വിഹിതവും മുപ്പതിനായിരം രൂപ സോഷ്യോ ഇക്കണോമിക് യൂണിറ്റ് വിഹിതവുമുള്‍പ്പടെ രണ്ടു ലക്ഷത്തി നാല്‍പത്തി അയ്യിരം രൂപയായിരുന്നു പദ്ധതി അടങ്കല്‍. സോഷ്യോ ഇക്കണോമിക് യൂണിറ്റിനായിരുന്നു നിര്‍മാണ ചുമതല.
കിണര്‍ നില്‍ക്കുന്നിടത്തു നിന്ന് ഒരു കിലോമീറ്റര്‍ അകലെയാണു രണ്ടു കോണ്‍ക്രീറ്റ് ടാങ്കുകള്‍ സ്ഥാപിച്ചത്. പൈപ്പ് ലൈനുകളും സപ്ലൈ ലൈനുകളും വലിച്ചെങ്കിലും മോട്ടോര്‍ സ്ഥാപിക്കാനോ വൈദ്യുതി എത്തിക്കാനോ കഴിഞ്ഞില്ല.
ഇതോടെ പദ്ധതി താളം തെറ്റി. പിന്നീടുള്ള വര്‍ഷങ്ങളില്‍ അടങ്കല്‍ തുക വകയിരുത്തിയെങ്കിലും പദ്ധതി ഇതുവരെ പൂര്‍ത്തിയായില്ല. ഒരു വര്‍ഷം കൊണ്ടു പൂര്‍ത്തിയാക്കുമെന്നു പ്രഖ്യാപിച്ച പദ്ധതി 12 വര്‍ഷമായിട്ടും എങ്ങുമെത്തിയില്ല. ഇതിനുവേണ്ടി നിര്‍മിച്ച ടാങ്ക് കാട് മൂടി കിടക്കുന്നു. കിണറിനു സമീപത്തെ വീട്ടുകാര്‍ മോട്ടോര്‍ ഉപയോഗിച്ചു വെള്ളമെടുക്കുന്നുണ്ട്. എങ്കിലും ഭൂരിഭാഗം പ്രദേശവാസികളും കുടിവെള്ളത്തിനായി കിലോമീറ്റര്‍ താണ്ടുന്നു.
മിക്കവാറും കുടുംബങ്ങള്‍ പ്രാഥമികാവശ്യങ്ങള്‍ക്കുള്ള വെള്ളം സമീപത്തെ പാറക്കുഴിയില്‍ നിന്നാണ് എടുക്കുന്നത്. പദ്ധതി പുനരുജീവിപ്പിക്കണമെന്നാവശ്യപ്പെട്ടു പഞ്ചായത്ത് അധികൃതര്‍, ജില്ലാ കലക്റ്റര്‍ തുടങ്ങിയവര്‍ക്കു പരാതികള്‍ നല്‍കിയെങ്കിലും നടപടികള്‍ ഒന്നുമായിട്ടില്ല. ചേപ്പിലിക്കുന്ന്, ഈന്തുംകുഴി, ഒളിക്കല്‍ പുറായ് ഭാഗങ്ങളിലെ കുടുംബങ്ങളാണു കുടിവെള്ളത്തിനായി അധികൃതരുടെ മുന്‍പില്‍ കേഴുന്നത്.
Close...
Maximum Character Allowed -
4000