മലബാറിന്‍റെ ദുരിതത്തിനറുതിയില്ല
Wednesday,
March 10,
2010
കോഴിക്കോട്
കോഴിക്കോട് - ബംഗളൂരു ദേശീയപാതയില്‍ രാത്രികാല ഗതാഗത നിരോധനം തുടരാനുള്ള കര്‍ണാടക ഹൈക്കോടതി വിധി മലബാര്‍ മേഖലയ്ക്കു വീണ്ടും തരിച്ചടിയായി. 2009 ജൂലൈ 27നാണു ഗതാഗത നിരോധനം പൂര്‍ണമായി നിലവില്‍ വന്നത്.
ഏഴുമാസത്തെ നിരോധനം മൂലം ജനം ഏറെ വലഞ്ഞു. വൈകിയ വേളയിലെങ്കിലും കോടതി വിധി അനുകൂലമാകും എന്ന വിശ്വാസത്തിലായിരുന്നു മലബാറുകാര്‍. എന്നാല്‍ കോടതി വിധി കനത്ത പ്രഹരമായി. രാത്രികാല നിരോധനം കാരണം കേരള - കര്‍ണാടക അതിര്‍ത്തിയിലും മലബാറില്‍ അപ്പാടെയും വ്യാപാര മാന്ദ്യം അനുഭവപ്പെടുന്നുണ്ട്. അതിര്‍ത്തിയിലെ ദേശീയ പാതയിലപ്പാടെ ഗതാഗതകുരുക്കും. ബദല്‍ പാതയിലൂടെ കിലോമീറ്ററുകള്‍ അധിക യാത്ര ചെയ്യണം. റോഡുകളാണെങ്കില്‍ പാടെ തകര്‍ന്നതും.
യാത്രക്കാര്‍ക്കു സമയ നഷ്ടവും യാത്രാ ദുരിതവും സമ്മാനിക്കുന്ന നിയമം വാഹനത്തിന്‍റെ അറ്റകുറ്റപ്പണികളും അധിക ഇന്ധന ചെലവും വഴി ഉടമകള്‍ക്കുണ്ടാക്കുന്ന നഷ്ടങ്ങളുമേറെ.
യാത്രാ ദുരിതവും കച്ചവടമാന്ദ്യവും എല്ലാം കേടതിയില്‍ ചൂണ്ടിക്കാട്ടി നിരോധനം പിന്‍വലിക്കണമെന്നു കേരള, കര്‍ണാടക, തമിഴ്നാട് സര്‍ക്കാരുകളും വിവിധ ബസുടമാ സംഘങ്ങളും ആവശ്യപ്പെട്ടിരുന്നു. മാസങ്ങളായി തുടരുന്ന ദുരിതം കോടതിക്കു ബോധ്യമായ സാഹചര്യത്തില്‍ വന്യമൃഗങ്ങളുടെ സുരക്ഷയ്ക്കു വേഗനിയന്ത്രണമേര്‍പ്പെടുത്തി അനുകൂല വിധിയാണു പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ അതുണ്ടായില്ല.
വന്യ മൃഗങ്ങളുടെ സുരക്ഷയ്ക്കു ഗതാഗത നിയന്ത്രണം തുടരുകയേ രക്ഷയുള്ളൂ എന്ന നിലപാടാണു കോടതി കൈക്കൊണ്ടത്. സമാന്തര പാത ഗതാഗത യോഗ്യമാക്കി വാഹന ഗതാഗതം തിരിച്ചു വിടാനും കോടതി നിര്‍ദേശിച്ചു.
അതേസമയം സമാന്തര പാത നാഗര്‍ഹോള, തോല്‍പ്പെട്ടി വന്യമൃഗ സങ്കേതങ്ങള്‍ വഴിയാണ്. വന്യ മൃഗ സുരക്ഷയാണു ലക്ഷ്യം വെക്കുന്നതെങ്കില്‍ ബന്ദിപ്പൂരിന്‍റെ അത്രതന്നെ പ്രാധാന്യം ഈ വനമേഖലയും അര്‍ഹിക്കുന്നുണ്ട്.
Close...
Maximum Character Allowed -
4000