ഹയര്‍ സെക്കന്‍ഡറി , നോണ്‍ വൊക്കേഷണല്‍ അധ്യാപക നിയമനത്തിനുള്ള സംസ്ഥാനതല യോഗ്യതാ നിര്‍ണയ പരീക്ഷ സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റിന് (സെറ്റ് - 2010) ഇപ്പോള്‍ അപേക്ഷിക്കാം. ജൂണ്‍ ആറിനാണു പരീക്ഷ. എല്‍ബിഎസ് സെന്‍റര്‍ ഫൊര്‍ സയന്‍സ് ആന്‍ഡ് ടെക്നോളജിക്കാണു പരീക്ഷയുടെ ചുമതല.
യോഗ്യത
കുറഞ്ഞത് 50 ശതമാനം മാര്‍ക്കോടെ രണ്ടാം ക്ലാസ് ബിരുദാനന്തരബിരുദവും ബിഎഡും ആണ് അടിസ്ഥാന യോഗ്യത. ചില വിഷയങ്ങളെ ബിഎഡില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. എല്‍ടിടിസി ആന്‍ഡ് ഡിഎച്ച്ടി ഒഴികെയുള്ള ട്രെയ്നിങ് യോഗ്യതകള്‍ ബിഎഡിനു തുല്യമായി പരിഗണിക്കില്ല. എസ്സി/എസ്ടി വിഭാഗക്കാര്‍ക്കു ബിരുദാനന്തരബിരുദത്തിന് അഞ്ചു ശതമാനം മാര്‍ക്ക് ഇളവു ലഭിക്കും.
ലാറ്റിന്‍ വിഷയത്തില്‍ പരീക്ഷ എഴുതാന്‍ ഉദ്ദേശിക്കുന്നവര്‍, ഡിഗ്രി തലത്തില്‍ ലാറ്റിന്‍ സെക്കന്‍ഡ് ലാംഗ്വേജായി പഠിച്ചു ലാറ്റിന് 50 ശതമാനത്തില്‍ കുറയാത്ത മാര്‍ക്ക് നേടിയവരും ഏതെങ്കിലും വിഷയത്തില്‍ 50 ശതമാനത്തില്‍ കുറയാത്ത സെക്കന്‍ഡ് ക്ലാസ് പോസ്റ്റ് ഗ്രാജ്വേറ്റ് ബിരുദം നേടിയവരുമായിരിക്കണം.
പിജി ബിരുദം മാത്രം നേടിയവര്‍ 2009ല്‍ ബിഎഡിനു പ്രവേശനം ലഭിച്ചവരായിരിക്കണം. ബിഎഡ് മാത്രം നേടിയവര്‍ 2009-10 അധ്യയനവര്‍ഷത്തില്‍ അവസാന വര്‍ഷ /സെമസ്റ്റര്‍ പോസ്റ്റ് ഗ്രാജ്വേറ്റ് പരീക്ഷ എഴുതുന്നവരായിരിക്കണം. ഇപ്രകാരം പരീക്ഷ എഴുതുന്നവര്‍ക്കു സെറ്റ് സര്‍ട്ടിഫിക്കെറ്റ് ലഭിക്കാന്‍ ഈ അവസരത്തില്‍ തന്നെ പിജി/ബിഎഡ് പരീക്ഷകള്‍ പാസായിരിക്കണം. പിജി/ബിഎഡ് പരീക്ഷകള്‍ ഒരേ അവസരത്തില്‍ തന്നെ എഴുതുന്നവര്‍ പരീക്ഷ എഴുതാന്‍ യോഗ്യരല്ല. ഈ വര്‍ഷം മുതല്‍ കംപ്യൂട്ടര്‍ സയന്‍സ്/ ഇന്‍ഫര്‍മേഷന്‍ ടെക്നോളജിയിലും ഇലക്ട്രോണിക്സിലും പരീക്ഷ നടത്തും.
അപേക്ഷ
അപേക്ഷാഫോമും പ്രോസ്പെക്റ്റസും മാര്‍ച്ച് 15 മുതല്‍ ഏപ്രില്‍ 17 വരെ കേരളത്തിലെ ഹെഡ്പോസ്റ്റ് ഓഫിസുകളില്‍ നിന്നു ലഭിക്കും. ജനറല്‍/ഒബിസി വിഭാഗക്കാര്‍ക്ക് 500 രൂപയും എസ്സി/എസ്ടി വിഭാഗക്കാര്‍ക്ക് 250 രൂപയുമാണ് അപേക്ഷഫോമിന്‍റെ വില.
തിരുവനന്തപുരം ജിപിഒ, തൈക്കാട് , ആറ്റിങ്ങല്‍, നെയ്യാറ്റിന്‍കര, കൊല്ലം, കൊട്ടാരക്കര, കരുനാഗപ്പള്ളി, പുനലൂര്‍, പത്തനംതിട്ട, അടൂര്‍ , ചെങ്ങന്നൂര്‍, തിരുവല്ല, ആലപ്പുഴ, ചേര്‍ത്തല, കായംകുളം, മാവേലിക്കര, കോട്ടയം, ചങ്ങനാശേരി, കാഞ്ഞിരപ്പള്ളി, വൈക്കം, പാല, തൊടുപുഴ, കട്ടപ്പന, എറണാകുളം, ആലുവ, കൊച്ചി, മൂവാറ്റുപുഴ, പെരുമ്പാവൂര്‍, ചാലക്കുടി, ഇരിങ്ങാലക്കുട, കുന്നംകുളം, തൃശൂര്‍, വടക്കാഞ്ചേരി, ആലത്തൂര്‍, ഒലവക്കോട്, ഒറ്റപ്പാലം, പാലക്കാട്, മലപ്പുറം, മഞ്ചേരി, പൊന്നാനി, തിരൂര്‍, കോഴിക്കോട്, കോഴിക്കോട് സിവില്‍ സ്റ്റേഷന്‍, കൊയിലാണ്ടി, വടകര, കല്‍പ്പറ്റ, കാഞ്ഞങ്ങാട്, കാസര്‍ഗോഡ്, കണ്ണൂര്‍, തളിപ്പറമ്പ്, തലശേരി ഹെഡ് പോസ്റ്റ് ഓഫിസുകളില്‍ അപേക്ഷാഫോം ലഭിക്കും.
സംസ്ഥാനത്തിനു പുറത്തുള്ളവര്‍ അപേക്ഷ തപാലില്‍ ലഭിക്കാന്‍ ഏതെങ്കിലും ദേശസാത്കൃത ബാങ്കില്‍ നിന്ന് എല്‍ബിഎസ് ഡയറക്റ്ററുടെ പേരില്‍ തിരുവനന്തപുരത്തു മാറാവുന്ന 550 രൂപയുടെ (എസ്സി/എസ്ടിക്കാര്‍ 300 രൂപ) ഡിഡിയും സ്വന്തം വിലാസം എഴുതിയ (31 ഃ 25 സെ.മീ) കവറും സഹിതം ഡയറക്റ്റര്‍, എല്‍ബിഎസ് സെന്‍റര്‍ ഫൊര്‍ സയന്‍സ് ആന്‍ഡ് ടെക്നോളജി , തിരുവനന്തപുരം എന്ന വിലാസത്തില്‍ ഏപ്രില്‍ ഏഴിനകം അപേക്ഷിക്കണം. എസ്സി/എസ്ടി വിഭാഗക്കാര്‍ ഫീസ് ഇളവിനായി ജാതി തെളിയിക്കുന്ന സര്‍ട്ടിഫിക്കെറ്റ് അപേക്ഷയോടൊപ്പം ഹാജരാക്കണം.
അപേക്ഷിക്കുന്നവര്‍ നിര്‍ബന്ധമായും എല്‍ബിഎസ് സെന്‍റര്‍ വെബ്സൈറ്റില്‍ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യണം. ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്തശേഷം ഫൊട്ടോ പതിച്ച അപേക്ഷ തിരുവനന്തപുരം എല്‍ബിഎസ് സെന്‍ററില്‍ തപാലില്‍ ലഭിച്ചിരിക്കണം.
അപേക്ഷയൊടൊപ്പം യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കെറ്റുകളുടെ പകര്‍പ്പുകള്‍ ഹാജരാക്കേണ്ടതില്ല. ഫലം പ്രഖ്യാപിച്ചതിനുശേഷം സര്‍ട്ടിഫിക്കെറ്റ് ലഭിക്കുന്നതിനുവേണ്ടി ഇവ ഹാജരാക്കിയാല്‍ മതി.
ഹാള്‍ടിക്കറ്റ് എല്‍ബിഎസ് സെന്‍ററിന്‍റെ വെബ്സൈറ്റുകളില്‍ ഓണ്‍ലൈനായി ലഭിക്കും.
വിശദ വിവരങ്ങള്‍ക്ക്:
www.lbskerala.com ,
www.lbscentre.org