ബൈജു ഗോവിന്ദ്
ചെന്നൈയിലെ പ്രസാദ് സ്റ്റുഡിയോ...
ഡബ്ബിങ് സ്റ്റുഡിയോയിലെ സ്ക്രീനില്‍ ആ മുഖം തെളിയുന്നു. ഈശ്വരാ...ഹനീഫിക്ക...
പെട്ടെന്നു കോട്ടയം നസീറിന്‍റെ മനസിലേക്ക് ഒരുപാടു വേദികള്‍ കടന്നു വന്നു.
ഹനീഫിക്കയെ അനുകരിച്ചപ്പോഴൊക്കെ ഉയര്‍ന്ന കരഘോഷങ്ങള്‍...ആരവങ്ങള്‍.
ഒടുവില്‍, മയ്യത്തു നമസ്കാരം കഴിഞ്ഞ് പച്ചപുതച്ചു കിടക്കുന്ന ഹനീഫിക്കയെ ഓര്‍ത്തു.
കരയുമോ? തൊണ്ടയിടറുമോ? കരയാതിരിക്കാന്‍ നസീര്‍ പാടുപെട്ടു. ഇല്ല കരയില്ല, കരയരുത്. തൊണ്ടയില്‍ സങ്കടം നിറയുമ്പോള്‍, ശബ്ദത്തിനൊരു നേര്‍ത്ത മാറ്റമുണ്ടായാല്‍, ആശാനെ...എന്തായിത് എന്നു ചോദിക്കാന്‍ ഇവിടെ എവിടെയോ ഹനീഫിക്കയുണ്ട്.
ദുബായില്‍ ഹനീഫിക്കയടക്കം താരങ്ങള്‍ നിറഞ്ഞ ഒരു വേദിയില്‍, ഏറ്റവും കൈയടി കിട്ടിയതു ഹനീഫിക്കയെ അവതരിപ്പിച്ചപ്പോള്‍. പിന്നെ ഹനീഫിക്ക അടുത്തു വന്നു പറഞ്ഞു, കുറച്ചു കൂടി പെര്‍ഫെക്റ്റാക്കണം. ആ മനുഷ്യനാണു സ്ക്രീനില്‍. ഇനി ആ മനുഷ്യനു വേണ്ടി സംസാരിക്കുന്നതു താനാണ്. നസീര്‍ ഡബ്ബിങ് മൈക്കില്‍ മുറുകെപ്പിടിച്ചു. പെര്‍ഫെക്റ്റാക്കണം ആവും വിധം.
കൊച്ചിന്‍ ഹനീഫ ഈ ലോകത്തോടു വിടപറയുമ്പോള്‍ യെന്തിരന്‍ എന്ന തമിഴ് ചിത്രത്തിന്‍റെ ഡബ്ബിങ് ജോലികള്‍ കഴിഞ്ഞിരുന്നില്ല. ഷങ്കര്‍ സംവിധാനം ചെയ്ത രജനീകാന്തും ഐശ്വര്യ റായ്യുമടക്കം വന്‍ താരനിരയുള്ള യെന്തിരനില്‍ പ്രധാനപ്പെട്ട കഥാപാത്രമാണു ഹനീഫയ്ക്ക്. തമിഴ് സിനിമയുടെ ഭാഗമായിക്കഴിഞ്ഞിരുന്നു അവരുടെ വിഎംസി ഹനീഫ്.
യെന്തിരനില്‍ ഹനീഫയ്ക്കുവേണ്ടി ആരു സംസാരിക്കും. അന്വേഷണങ്ങള്‍ കലാഭവന്‍ മണിയിലെത്തി. മണിയാണു കോട്ടയം നസീറിന്‍റെ പേരു നിര്‍ദേശിച്ചത്. അനുകരണ വേദികളില്‍ ഹനീഫയെ അനശ്വരനാക്കിയിട്ടുണ്ട് നസീര്‍. ചെന്നൈയില്‍ നിന്നു വിളി വന്നപ്പോള്‍ നസീറിന്‍റെ ചങ്കിടിച്ചു. ജുബ്ബയും കള്ളിമുണ്ടുമുടുത്ത് തലയിലൊരു കെട്ടുമായി എത്രയോ സ്റ്റേജുകളില്‍ ഹനീഫയെ അവതരിപ്പിച്ചിട്ടുണ്ട്. പക്ഷേ, ഇതിപ്പോള്‍ അങ്ങനെയല്ല. ഹനീഫ ഈ ഭൂമിയിലില്ല, അദ്ദേഹത്തെ സ്ക്രീനില്‍ കണ്ട് ശബ്ദം കൊടുക്കണം. നസീര്‍ മനസില്‍ പ്രാര്‍ഥിച്ചു. ഇതൊരു നിയോഗമാവാം. കാണുമ്പോഴെല്ലാം കെട്ടിപ്പിടിച്ചു പൊട്ടിച്ചിരിക്കാറുള്ള ഹനീഫിക്കയെ വിചാരിച്ച്, ആ ചിരി മാത്രം മനസില്‍ ധ്യാനിച്ച് നസീര്‍ അതു ചെയ്തു.
കൊച്ചിന്‍ ഹനീഫയെ നസീര്‍ ആദ്യമായി കാണുന്നതു ദുബായില്‍ വച്ചാണ്. മമ്മൂട്ടിയും മുകേഷും ജഗദീഷുമൊക്കെയുള്ള വേദി. ഓരോരുത്തരെയായി അനുകരിച്ചു. അവിടെ നിന്നു പിരിഞ്ഞ ശേഷം നസീറിന്‍റെ മുറിയില്‍ വന്നു ഹനീഫ. ഇത്തിരി കൂടി പെര്‍ഫെക്റ്റാക്കണം എന്നു മാത്രമല്ല, സിനിമയിലേക്കു വരണമെന്നും ഹനീഫ പറഞ്ഞു.
ഒരു ജ്യേഷ്ഠനെപ്പോലെയായിരുന്നു ഹനീഫിക്ക. യെന്തിരനിലെ വേഷത്തിനുവേണ്ടി ശബ്ദം പകരാന്‍ വിളിച്ചപ്പോള്‍ അദ്ദേഹത്തിന്‍റെ വീട്ടിലേക്കു വിളിച്ചു. നസീര്‍ ശബ്ദം നല്‍കുന്നതില്‍ സന്തോഷമേയുള്ളൂവെന്നു ഹനീഫയുടെ സഹോദരന്‍ നൗഷാദ് പറഞ്ഞു.
മിമിക്രിയുടെ അരങ്ങില്‍ പുത്തന്‍ താരോദയങ്ങളും ടെക്നിക്കുകളും വരുന്നതിനും മുന്‍പ് ഒറ്റയാള്‍ പെര്‍ഫോമന്‍സുകളിലൂടെ വേദികളില്‍ പ്രകമ്പനം സൃഷ്ടിച്ചിട്ടുണ്ട് ഹനീഫ. അനുകരണകലയെ എന്നും സ്നേഹിച്ചിരുന്ന അദ്ദേഹത്തിന് ഒരു നൊമ്പരമുണ്ടായിരുന്നു. അതു നസീറിനോടു പറഞ്ഞിട്ടുണ്ട്. ആശാനെ, ആശാനെ... എന്നുള്ള ഡയലോഗ് ആസാനെ, ആസാനെ എന്ന് അനുകരിച്ചു പലരും വികൃതമാക്കിയെന്നു പറയുമ്പോള്‍ ഹനീഫിക്ക വല്ലാതെ വേദനിച്ചിരുന്നു. കാരണം അദ്ദേഹം ആ കലയെ അത്രമാത്രം സ്നേഹിച്ചിരുന്നു. നസീറിന്‍റെ അനുകരണം വലിയ ഇഷ്ടമായിരുന്നു ഹനീഫയ്ക്ക്. വീണ്ടും വീണ്ടും സ്റ്റേജുകളില്‍ പെര്‍ഫോം ചെയ്യാന്‍ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. ഒരുമിച്ച് അഭിനയിച്ചതു കാട്ടുചെമ്പകം എന്ന സിനിമയില്‍.
എന്നെയൊന്ന് അനുകരിച്ചു കാണിക്കടാ നസീറേ....ഘനഗംഭീരമായ ശബ്ദം. നസീര്‍ ഞെട്ടി ചുറ്റും നോക്കി. പ്രസാദ് സാറാണ്. പ്രൊഫസര്‍ നരേന്ദ്രപ്രസാദിനെ നസീര്‍ വിളിച്ചിരുന്നതു പ്രസാദ് സാറെന്ന്. അരങ്ങില്‍ നസീര്‍ അനുകരിച്ചു ഫലിപ്പിച്ച മറ്റൊരു ശബ്ദം. മാധവന്‍ വരട്ടെ...എന്നു നസീര്‍ പറഞ്ഞു തുടങ്ങുമ്പോള്‍ത്തന്നെ കൈയടി മുഴങ്ങും.
അഭിനയവും അറിവും ഒത്തുചേര്‍ന്ന ആ പ്രതിഭയ്ക്കു മുന്നില്‍ ശിഷ്യനായി നില്‍ക്കാനായിരുന്നു നസീറിനിഷ്ടം. മിമിക്രി വലിയ ഇഷ്ടമായിരുന്നു പ്രസാദ് സാറിന്. ദുബായില്‍ ഒരു പ്രോഗ്രാം അറേഞ്ച് ചെയ്തപ്പോള്‍ നരേന്ദ്രപ്രസാദ് സഹകരിക്കാമെന്നേറ്റു. നസീര്‍ അനുകരിച്ചുകൊണ്ടിരിക്കെ വേദിയിലേക്കു നരേന്ദ്രപ്രസാദ് കയറിച്ചെന്ന് ആരാടാ എന്നെ അനുകരിക്കുന്നത് എന്നു ദേഷ്യത്തോടെ ചോദിക്കണം. ക്ലൈമാക്സില്‍ നരേന്ദ്രപ്രസാദ് സ്റ്റേജിലേക്കു കയറിയപ്പോള്‍ കാണികള്‍ ഇടപെട്ടു. ഇതു സ്ക്രിപ്റ്റിലുള്ളതാണെന്ന് അവരെ ബോധ്യപ്പെടുത്താന്‍ വിഷമിച്ചു. നരേന്ദ്രപ്രസാദിന്‍റെ മരണശേഷം, ക്യാംപസ്, വലത്തോട്ടു തിരിഞ്ഞാല്‍ നാലാമത്തെ വീട് എന്നീ ചിത്രങ്ങളിലാണ് അദ്ദേഹത്തിന്‍റെ ശബ്ദം നസീര്‍ ഡബ്ബ് ചെയ്തത്.
താരങ്ങളുടെ ശബ്ദം അനുകരിച്ചു കൈയടി വാങ്ങുമ്പോഴൊരിക്കലും നസീര്‍ മനസില്‍ കരുതിയതല്ല അവര്‍ വിടപറഞ്ഞാല്‍ സിനിമയില്‍ അവര്‍ക്കു ശബ്ദം നല്‍കേണ്ടി വരുമെന്ന്. അതൊരു നിയോഗമായിരിക്കാം. ഒന്നാലോചിച്ചാല്‍ സന്തോഷമുണ്ട്. എന്നാല്‍ ചിലപ്പോള്‍ വല്ലാതെ മനസു വിങ്ങും. അനുകരണത്തേക്കാള്‍ ബുദ്ധിമുട്ടാണു ശബ്ദം അനുകരിച്ചുകൊണ്ടുള്ള ഡബ്ബിങ്. സ്വഭാവികമായ ശബ്ദം സിറ്റുവേഷനൊത്തു വരണം.
താന്‍ കൈയടിവാങ്ങിയ ശബ്ദങ്ങള്‍ ഇപ്പോള്‍ ഈ ലോകത്തില്ല എന്നറിയുമ്പോള്‍ വല്ലാത്ത വേദനയാണ്. കുറച്ചു നാളത്തേക്ക് അവരെ അനുകരിക്കില്ല. ആറുമാസത്തോളം നരേന്ദ്രപ്രസാദിനെ അനുകരിച്ചില്ല. ഇപ്പോള്‍ അരങ്ങിലെത്തിയാല്‍ കൊച്ചിന്‍ ഹനീഫയെ അനുകരിക്കാന്‍ കഴിയില്ല. ആ ശബ്ദം എടുത്തു തുടങ്ങുമ്പോള്‍ മനസില്‍ എന്തോ കൊത്തിവലിക്കുന്നതു പോലെ, ഒരു പിടച്ചില്‍. കുറച്ചുനാള്‍ കഴിയുമ്പോള്‍ വീണ്ടും ഹനീഫിക്കയുടെ ശബ്ദം ഉള്ളില്‍ വന്നു നിറഞ്ഞേക്കാം.
നസീര്‍ പ്രസാദ് സ്റ്റുഡിയോയില്‍ നിന്നു പുറത്തിറങ്ങി. വരാന്തയില്‍ വെറുതേ പുറത്തേക്കു നോക്കി നില്‍ക്കുകയാണ്. ആശാനെ...പെട്ടെന്നാണ് ആ വിളി. തിരിഞ്ഞു നോക്കി. ഇല്ല ഹനീഫിക്കയില്ല...തോന്നിയതാണ്. പിന്നെ ആശ്വസിച്ചു, ആ വിളി എന്‍റെ മനസില്‍ നിന്നു തന്നെയാണ്.
Close...
Maximum Character Allowed -
4000