പാടിത്തീരാത്ത ദേവരാഗങ്ങള്‍
ഇ. ജയകൃഷ്ണന്‍
ഈണങ്ങള്‍ ബാക്കിയാക്കി ദേവ രാജന്‍ മാസ്റ്റര്‍ ഈ ലോകം വിട്ടു പോയിട്ട് നാലു വര്‍ഷമാകുന്നു (2006 മാര്‍ച്ച് 14) എന്ന സാധാരണ പ്രസ്താവനയെ നോക്കി കാലം ചിരിക്കും.
അരികില്‍ നീയുണ്ടായിരുന്നെങ്കില്‍ എന്ന് ഇന്നലെയും മൂളിയതല്ലേ...
മരണത്തെ പരാജയപ്പെടു ത്തി സ്നേഹിക്കുന്നവര്‍ക്കൊ പ്പം അനാദി കാലം ജീവിക്കാന്‍ കഴിയുന്നു ചിലര്‍ക്ക്... ചിരഞ്ജീവികള്‍...
പരവൂര്‍ ദേവരാജന്‍, ജി. ദേവരാജന്‍, ദേവരാജന്‍ മാസ്റ്റര്‍... പല പേരുകളില്‍ മലയാളം എന്നും സാഷ്ടാംഗം പ്രണമിച്ച് ആരാധിച്ച മനുഷ്യന്‍. പാട്ടുകളുടെ ചിരഞ്ജീവി... ഇടറാത്ത ഈണങ്ങളുടെ ബ്രഹ്മാവ്...
പരവൂര്‍ ദേവരാജനെ കാലം ദേവരാജന്‍ മാസ്റ്ററാക്കി രൂപ പ്പെടുത്തുകയായിരുന്നു, സംഗീതത്തിനു വേണ്ടി. തലമുറകള്‍ക്ക് ആസ്വദിക്കാന്‍ പാട്ടുകള്‍ സൃഷ്ടിക്കാന്‍ വേണ്ടി. അതായിരുന്നു അദ്ദേഹത്തിന്‍റെ നിയോ ഗം. സംസ്കാരത്തിന്‍റെയും മാനവികമുഖമുള്ള രാഷ്ട്രീയത്തിന്‍റെയും മൂശയില്‍ അഭൗമമായ സംഗീതം കോരിയൊഴിച്ച് പാട്ടുകള്‍ വാര്‍ത്തെടുക്കുകയായിരു ന്നു മാസ്റ്റര്‍. എന്നിട്ട് അസാമാന്യമായ ഭാവനയുടെ തേപ്പുപല ക കൊണ്ട് അവയെ തേച്ചുമിനുക്കി. അഴകാര്‍ന്ന ആ ഗാന ശില്‍പ്പങ്ങളാണ് മലയാളി തന്‍റെ ജീവശ്വാസം പോലെ ഇന്നും കൊണ്ടു നടക്കുന്നത്. ഗാനസൗന്ദര്യത്തിന്‍റെ അടയാളമാണ് ഈ സംഗീതകാരന്‍ മലയാളിക്ക്.
വെറുതെ ഈണമിടുകയല്ല പാട്ടുകള്‍ക്ക്. ആ ഗാനം ആല പിക്കുന്ന കഥാപാത്രം ഏതു സാമൂഹിക വ്യവസ്ഥിതിയില്‍ നിന്നു വരുന്നു. ആ കഥാപാത്രത്തിന്‍റെ വികാരങ്ങള്‍ ഏതെ ല്ലാം നിറങ്ങളില്‍ പ്രകടമാവുന്നു, എന്നെല്ലാം തന്‍റെ സംഗീത രചനയിലൂടെ മാസ്റ്റര്‍ കാണിച്ചു തരുന്നു. അമ്പിളിയമ്മാവാ...എന്ന ഒറ്റ ഗാനം മതി ഇക്കാര്യത്തിനു തെളിവായി.
ജീനിയസുകളായ കവികള്‍ അവരുടെ കവിതാ സ്പര്‍ശമു ള്ള ഗാനങ്ങളില്‍ നിറച്ചു വച്ചിട്ടു ള്ള ഭാവാത്മക സൗന്ദര്യത്തെ ഒരുപടികൂടി മേല്‍പ്പോട്ടുയര്‍ത്തുകയായിരുന്നു മാസ്റ്റര്‍. സംഗീതം ഉറക്കുവാന്‍ മാത്രമല്ല, ഉണര്‍ത്താനുംകൂടി ഉള്ളതാണെ ന്ന് മാസ്റ്റര്‍ കാണിച്ചു തന്നു. അതായിരുന്നു അദ്ദേഹത്തിന്‍റെ രചനാസങ്കല്‍പ്പം. പ്രണയം, ഭക്തി, ദര്‍ശനം, പാശ്ചാത്യസംഗീത സമ്പ്രദായം, ലാസ്യം, തോണിപ്പാട്ടിന്‍റെ രീതി അങ്ങനെ അനവധി വൈവിധ്യം മാസ്റ്റര്‍ തന്‍റെ രചനയില്‍ കൊണ്ടുവന്നിട്ടുണ്ട്. മാസ്റ്റര്‍ തന്നെ തന്‍റെ ഗാനങ്ങളെ മുപ്പത്തിര ണ്ടു വിഭാഗങ്ങളായി തരംതിരി ച്ചു. പ്രണയഗാനങ്ങള്‍തൊട്ട് സങ്കീര്‍ത്തനങ്ങള്‍ വരെ.
പ്രണയഗാനങ്ങളില്‍ നിലാവ് എന്ന മോട്ടിവിന്‍റെ സങ്കലനം നോക്കുക. ഒരേ പശ്ചാത്തലത്തിലുള്ള ഗാനങ്ങള്‍ ഒന്നിനൊന്നു വേറിട്ടു നില്‍ക്കുന്നു. ഇന്ദ്രവല്ലരി പൂചൂടി (ഗന്ധര്‍വ ക്ഷേത്രം), ഇളവന്നൂര്‍ മഠത്തി ലെ (കടത്തനാട്ടു മാക്കം), കായാമ്പൂ (നദി), കള്ളിപ്പാലകള്‍ (പഞ്ചവന്‍കാട്), പൊന്നില്‍ കുളിച്ച രാത്രി (സിന്ദൂരച്ചെപ്പ്), പുഷ്പമംഗലയാം (നഖങ്ങള്‍), ഇലഞ്ഞിപ്പൂമണം (അയല്‍ക്കാരി)... ഇലഞ്ഞിപ്പൂമണം എന്ന പാട്ടിന്‍റെ ആദ്യവാക്ക് കേള്‍ക്കുമ്പോള്‍ത്തന്നെ നിലാവു നിറ ഞ്ഞ രാത്രിയുടെ ഭാവത്തിലേക്ക്, ഗന്ധത്തിലേക്ക് നമ്മുടെ മനസ് കടന്നു ചെല്ലുന്നു. അരികില്‍ നീ എന്ന ഗാനത്തില്‍ അരികില്‍ എന്ന ആദ്യവാക്കിന്‍റെ ഈണം തന്നെ നോക്കുക. എത്ര പ്രണയാര്‍ദ്രമായാണ് ആ വാക്കിനെ പരിചരിക്കുന്നത്. മഴയുടെ തോര്‍ച്ചയും തോരാ തെ നില്‍ക്കുന്ന പ്രണയമഴയു ടെ തുള്ളിക്കിലുക്കവും ഈണത്തില്‍ വരച്ചിടുന്നു ആ ഗാന ത്തില്‍. പാരിജാതം തിരുമിഴി തുറന്നു എന്ന ഗാനത്തില്‍ ദൂരെയുള്ള കാമുകി കേള്‍ക്കാന്‍ നിത്യ കാമുകി എന്ന ഭാഗത്ത് മാസ്റ്റര്‍ കൊടുത്തിരിക്കുന്ന സ്ട്രെസ് ശ്രദ്ധിക്കുക. രാജശില്‍പ്പി നീയെനിക്കൊരു എന്ന ഗാന ത്തില്‍ തരുമോ എന്ന വാക്കിന് മാസ്റ്റര്‍ കൊടുത്ത ടോണ്‍ നോക്കുക.
ദാര്‍ശനിക ഭാവങ്ങളുള്ള ഗാനങ്ങളില്‍ ഏറ്റവും ശ്രദ്ധിക്കപ്പെ ട്ട ഗാനങ്ങളിലൊന്നാണ് കാറ്റടി ച്ചു കൊടുങ്കാറ്റടിച്ചു (തുലാഭാരം). ഈ ഗാനത്തിന്‍റെ ഹമ്മിങ്ങില്‍ നിസഹായനായ, ദീനനായ ഒരാളുടെ വിലാപം നാം കേള്‍ക്കുന്നുണ്ട്. വയലാര്‍ - ദേവരാജന്‍ ടീമിന്‍റെ നിരവധി പ്രണയഗാനങ്ങള്‍ക്ക് ദാര്‍ശനികതയുടെ പരിവേഷമുണ്ട്. സംഗീത സംവിധായകനു കടുത്ത വെല്ലുവിളി ഉയര്‍ത്തുന്ന ഇത്തരം ഗാനസന്ദര്‍ഭങ്ങളെ മാസ്റ്റര്‍ അനായാസേന കൈകാര്യം ചെയ്തു. സര്‍ഗവൈഭവത്തിന്‍റെ അസാമാന്യ കൈയടക്കം എന്നല്ലാതെ എന്തു പറയാന്‍. കറുത്ത ചക്രവാളം (അശ്വമേധം), പ്രേമഭിക്ഷുകി (പുനര്‍ജന്മം), സന്യാസിനി (രാജഹംസം).
ഒരു രാഗത്തിന്‍റെ പരിചിത മായ സ്വഭാവത്തെ പൂര്‍ണമാ യും ഒളിപ്പിച്ച് ആ രാഗത്തിന്‍റെ സമസ്ത ഭാവങ്ങളും ഗാനത്തിലേക്ക് ആവാഹിക്കുന്നതില്‍ മാസ്റ്റര്‍ കാണിച്ചിട്ടുള്ള മിടുക്ക് എടു ത്തു പറയേണ്ടതാണ്. അഷ്ടമുടിക്കായലിലെ (ശുദ്ധസാരംഗം), രാജശില്‍പ്പി (ശങ്കരാഭര ണം - ചെഞ്ചുരുട്ടി), ശ്രാവണചന്ദ്രിക (ഖരഹര പ്രിയ), രാജ്യംപോയൊരു (ഹംസനാദം), കാറ്റടിച്ചു (ചാരുകേശി), പ്രിയതമാ (ബിലഹരി), മല്ലികാബാണന്‍ (ശുഃധന്യാസി), ഉദയഗിരി ചുവ ന്നു (ഖമാസ്), പുഴകള്‍ (കല്യാണി), ഒരിടത്തു ജനനം (നഠഭൈരവി) ഇങ്ങനെ എത്ര യോ ഗാനങ്ങള്‍.
ദേവരാജന്‍ മാസ്റ്ററുടെ ശാസ്ത്രീയ, അര്‍ധ ശാസ്ത്രീയ ഗാനങ്ങളുടെ വിശേഷങ്ങള്‍ അവസാനിക്കുന്നില്ല.
( നാളെ, മാസ്റ്ററുടെ പ്രിയരാഗം മോഹനം).
Close...
Maximum Character Allowed -
4000