Wednesday, February 08, 2012   7:29 PM IST
Supplements
Home>> Vaartha Life>> Speed
Speed
ടൊയോട്ടയുടെ യാഗാശ്വം
Sunday, March 14, 2010
|
|
|
ചൈത്ര. ജെ. ലക്ഷ്മി

വാഹനലോകം കീഴടക്കാന്‍ ടൊയോട്ടയുടെ യാഗാശ്വം എറ്റിയോസെത്തുന്നു. സ്റ്റൈലിന്‍റെ കാര്‍ രൂപമായ എറ്റിയോസ് വിപണിയിലെത്തുന്നതിനു മുമ്പേ യുവാക്കളുടെ ഹൃദയം കീഴടക്കിക്കഴിഞ്ഞു. ചെറിയ കാറുകള്‍ വാഴുന്ന ഇന്ത്യന്‍ വിപണി കീഴടക്കുന്നതിനാണു ടൊയോട്ട എറ്റിയോസുമായെത്തുന്നത്. കൊച്ചിയിലെ ലെ മെറിഡിയനില്‍ സംഘടിപ്പിക്കുന്ന ടൊയോട്ട ക്യു വേള്‍ഡ് ഓട്ടോ പ്രദര്‍ശനത്തിലാണ് എറ്റിയോസ് കണ്‍സെപ്റ്റ് കാര്‍ അവതരിപ്പിച്ചത്. ഇന്ത്യന്‍ വിപണിയിലാവും എറ്റിയോസ് ആദ്യം പുറത്തിറങ്ങുക. ഇന്ത്യയിലൂടെ ലോകത്തിലേക്ക് ആദ്യമെന്നതാണ് എറ്റിയോസിന്‍റെ ലക്ഷ്യം.പ്രീമിയം കാറുകളുടെ നിര്‍മാണത്തില്‍ ആധിപത്യം നേടിയ ടൊയോട്ടയുടെ ചെറുകാറിനെ ആകാംക്ഷയോടെയാണു വാഹനപ്രേമികള്‍ കാത്തിരിക്കുന്നത്.

ചെറുകാറുകള്‍ക്ക് ഇന്ത്യന്‍ വാഹനവിപണിയില്‍ വന്‍വിപണനസാധ്യതയാണുള്ളത്. ഇതു കണക്കിലെടുത്താണു ടൊയോട്ട എറ്റിയോസ് കാറുകളുമായെത്തുന്നത്. ഇന്ത്യന്‍ ഉപയോക്താക്കള്‍ക്ക് അനുയോജ്യമായ രീതിയിലാണ് എറ്റിയോസ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഈ വര്‍ഷം അവസാനത്തോടെ എറ്റിയോസ് വിപണിയിലെത്തിക്കാനാവുമെന്നു പ്രതീക്ഷിക്കുന്നതായി ടൊയോട്ട അധികൃതര്‍ പറയുന്നു . രണ്ടു തരത്തിലുള്ള കാറുകളാണ് എറ്റിയോസ് കണ്‍സെപ്റ്റില്‍ നിന്നു രൂപമെടുക്കുന്നത്, എറ്റിയോസ് സെഡാന്‍, ഹാച്ച് ബാക്ക്. യുവാക്കളെയാണു എറ്റിയോസ് സെഡാന്‍ ലക്ഷ്യമിടുന്നത്. ചെറിയ കുടുംബങ്ങള്‍ക്ക് അനുയോജ്യമായ സവിശേഷതകളുമായാണ് ഹാച്ച്ബാക്ക് വിപണിയിലെത്തുക. ആഡംബരവും യുവത്വവും സൗന്ദര്യവും ചേര്‍ന്ന ഗുണമേന്മയാണ് ഈ കാറിന്‍റെ മുഖ്യആകര്‍ഷണം. ഇന്ധനക്ഷമതയാണ് എറ്റിയോസിന്‍റെ ഏറ്റവും മികച്ച സവിശേഷത. ഇതേ നിലവാരത്തിലെ മറ്റു കാറുകളെ അപേക്ഷിച്ച് എറ്റിയോസിനു 10 ശതമാനം കൂടുതല്‍ ഇന്ധനക്ഷമതയുണ്ടെന്നു ടൊയോട്ട മാര്‍ക്കറ്റിങ് ഡെപ്യൂട്ടി മാനെജിങ് ഡയറക്റ്റര്‍ സന്ദീപ് സിങ് പറഞ്ഞു. സ്റ്റൈലിലും കരുത്തിലും മുന്നിട്ടു നില്‍ക്കുന്ന എറ്റിയോസിന് ഈ നിലവാരത്തിലുള്ള മറ്റു കാറുകളേക്കാള്‍ വില കുറവായിരിക്കും എന്നാണു കമ്പനി അധികൃതര്‍ പറയുന്നത്.

സ്റ്റൈലിന്‍റെ കാര്‍രൂപമായ എറ്റിയോസ് കാര്‍ നേരിട്ടു കാണാനുള്ള അവസരമാണു ടൊയോട്ട കിര്‍ലോസ്കര്‍ മോട്ടോഴ്സിന്‍റെ ടൊയോട്ട ക്യു വേള്‍ഡ് എന്ന പ്രദര്‍ശനമൊരുക്കുന്നത്. ഇന്ത്യയിലെ 10 പ്രധാന നഗരങ്ങളിലാണ് ക്യു വേള്‍ഡ് ഓട്ടോ പ്രദര്‍ശനം നടത്തുന്നത്. നാലു മാസങ്ങളിലായി ഇന്ത്യയിലുടനീളം പ്രയാണം ചെയ്യുന്ന ക്യു വേള്‍ഡിലൂടെ എറ്റിയോസിനെ വാഹനലോകത്തിനു പരിചയപ്പെടുത്തും. ക്വാളിറ്റി റവല്യൂഷന്‍ എന്ന മുദ്രാവാക്യവുമായി സംഘടിപ്പിക്കുന്ന പ്രദര്‍ശനത്തില്‍ എറ്റിയോസ് കണ്‍സെപ്റ്റ് കാറുകള്‍ ഉള്‍പ്പെടെ ടൊയോട്ടയുടെ വൈവിധ്യമാര്‍ന്ന 10 വാഹനശ്രേണിയാണ് അവതരിപ്പിക്കുന്നത്.
|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code