സ്വവര്‍ഗപ്രേമത്തിനെതിരേ മിസോറമില്‍ ക്രൈസ്തവ സഭകള്‍
ഐസ്വാള്‍
സ്വവര്‍ഗപ്രേമത്തോടു വലിയ എതിര്‍പ്പൊന്നും പ്രകടിപ്പിക്കാത്ത സംസ്ഥാനമാണു മിസോറം. എന്നാല്‍ സംസ്ഥാനത്തെ ക്രൈസ്തവ സഭകള്‍ സ്വവര്‍ഗപ്രേമത്തിനെതിരേ ശക്തമായി രംഗത്തെത്തി. ബാപ്റ്റിസ്റ്റ് ചര്‍ച്ച് ഒഫ് മിസോറം ആണ് ഇതില്‍ മുന്‍പന്തിയില്‍. സ്വവര്‍ഗ പ്രണയികള്‍ക്കു കടുത്ത ശിക്ഷ നല്‍കുന്ന തരത്തില്‍ നിയമഭേദഗതി വേണമെന്നാണ് ഇവരുടെ ആവശ്യം.
കഴിഞ്ഞ ദിവസം നടന്ന ബാപ്റ്റിസ്റ്റ് ചര്‍ച്ചിന്‍റെ അസംബ്ലിയാണ് ഈ ആവശ്യവുമായി രംഗത്തെത്തിയിട്ടുള്ളത്. ഐസ്വാളില്‍ നിന്നു 300 കിലോമീറ്റര്‍ അകലെ ല്വാംഗ്ടലൈയില്‍ ചേര്‍ന്ന അസംബ്ലി ശക്തമായാണ് ഇതിനെതിരേ പ്രതികരിച്ചത്.
ഒരേ വര്‍ഗത്തിലുള്ളവരുമായുള്ള ബന്ധം, അബോര്‍ഷന്‍, ജനന നിയന്ത്രണം എന്നിവ അനുവദനീയമല്ലെന്നു അസംബ്ലിക്കു ശേഷം സഭാ നേതാക്കള്‍ അറിയിച്ചു. ഇതു കര്‍ശനമായി പാലിക്കണമെന്നു വിശ്വാസികളോട് അവര്‍ ആവശ്യപ്പെട്ടു.
സ്വവര്‍ഗപ്രേമികള്‍ക്ക് അനുകൂലമായി കഴിഞ്ഞ ജൂലൈയില്‍ ഡല്‍ഹി ഹൈക്കോടതി വിധി പുറപ്പെടുവിച്ചതോടെയാണു പ്രശ്നം വീണ്ടും സജീവമായത്. ഇവര്‍ക്കു ദോഷകരമായ ഐപിസി 377 ഭേദഗതി ചെയ്യണമെന്നും കോടതി ആവശ്യപ്പെട്ടിരുന്നു.
ഇതോടെ സഭാ അധികാരികള്‍ എതിര്‍പ്പുമായി രംഗത്തെത്തി. വിവിധ സഭകളുടെ കൂട്ടായ്മ മിസോറം കോഹ്റന്‍ ഹ്രൗറ്റ്യൂറ്റ് 377 ഭേദഗതി ചെയ്യരുതെന്നാവശ്യപ്പെട്ട് നിയമമന്ത്രി വീരപ്പമൊയ്ലിക്കു കത്തയച്ചിരുന്നു.
പ്രസ്ബിറ്റേറിയന്‍ സഭ കഴിഞ്ഞാല്‍ മിസോറമില്‍ സ്വാധീനമുള്ള സഭയാണു ബാപ്റ്റിസ്റ്റ് ചര്‍ച്ച്. കഴിഞ്ഞ ദിവസം നടന്ന സമ്മേളനത്തില്‍ 900 പേര്‍ പങ്കെടുത്തു.
Close...
Maximum Character Allowed -
4000